Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നുണക്കഥകളിൽ നേരിന്റെ നന്മ

യു.എ.ഇയിൽ 26 വർഷം നീണ്ട പ്രവാസ കാലത്ത് 2006  ജൂലൈ 23 മുതൽ സോഷ്യൽ മീഡിയയിലെ ഗൂഗിൾ ബ്ലോഗ്, ഗൂഗിൾ പ്ലസ് എന്നിവയിലും പിന്നീട് 2009 ൽ ഫേസ്ബുക്കിലും തുടർന്ന് ഇൻസ്റ്റയിലും സജീവമായ എഴുത്തുകാരനായും ബ്ലോഗറായും അറിയപ്പെട്ട കരീം മാഷ് തോണിക്കടവത്ത് പ്രവാസം അവസാനിപ്പിച്ചതിനു ശേഷം പ്രവർത്തന മണ്ഡലത്തിന്റെ പ്രയാണ ഗതി പുസ്തക പ്രസാധനത്തിന്റെ ദിശയിലാക്കി. എഴുത്ത്, എഡിറ്റിംഗ്, ലേഔട്ട്, ഇല്യസ്‌ട്രേഷൻ, കവർ പേജ് ഡ്രോയിംഗ്, ഡിസൈനിംഗ് തുടങ്ങി ഒരു പുസ്തകം പുറത്തിറങ്ങാൻ വേണ്ട എല്ലാ വർക്കുകളും ഏറ്റെടുത്ത് നടത്തിക്കൊടുക്കും. ആദ്യമായി സ്വന്തം കഥകൾ ബ്ലോഗുകളിൽ നിന്നു തെരഞ്ഞെടുത്ത് രണ്ടു കഥാസമാഹാര പുസ്തകമാക്കി.


'കഥകൾ നുണകളാണ്, നുണകൾ നിഷിദ്ധമാണ്'' കുഞ്ഞുന്നാളിലേ ഇത്തരം വിലക്കുകളുടെ ചട്ടക്കൂട്ടിൽ വളർന്ന ഒരാൾക്ക്  ഒരു കഥയെഴുതാനും പിന്നെയവ പെരുപ്പിക്കാനും അവ ചേർത്തുകോർത്തൊരു പുസ്തകമാക്കാനും സാധിച്ചത് അത്ഭുതമാണ്.
കഥയെഴുത്തിലേക്കു താൽപര്യം ജനിക്കാനുള്ള പ്രേരണയെക്കുറിച്ച് അദ്ദേഹം തന്റെ ആദ്യ കഥാസമാഹാരമായ ''മരുഭൂവിലെ മഞ്ഞുതുള്ളികൾ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.

നുണ പറയാനുള്ളതല്ല, മറിച്ച് എഴുതാനും പാടാനുമുള്ളതാണ്,  അതു സാഹിത്യത്തിലും കവിതയിലും അഴകിനു ചേർക്കാനുള്ളതാണ്. മേലിൽ നുണ പറയരുത്. പക്ഷേ എല്ലാ സുന്ദരമായ നുണകളും എഴുതിവെക്കുക, കഥയായി... കവിതയായി... അതാണ് നുണപറച്ചിലിൽ നിന്നു കഥയെഴുത്തിലേക്കുള്ള  വഴിത്തിരിവ്. അതായിരുന്നു  എഴുത്തിന്റെയും തുടക്കം. തമിഴ് കവി വൈരമുത്തു പാടിയ പോലെ, കണ്ണുക്ക് മയ് അഴക്... കവിതക്ക് പൊയ് അഴക്. (കണ്ണുകൾക്ക് കൺമഷി ഭംഗി നൽകുന്നതു പോലെയാണ് കവിതക്കു ഭാവന മിഴിവേകുന്നത്)

ബാല്യത്തിൽ അദ്ദേഹം നന്നായി നുണ പറയുമായിരുന്നുവത്രേ! ധാരാളം അംഗങ്ങൾ ഉള്ള ഒരു ബൃഹത്തായ തറവാട്ടിൽ അതിജീവനത്തിന്റെ അനിവാര്യതയായി വളർന്നു വന്നതാണ് സമർത്ഥമായി നുണ പറയാനുള്ള ആ കഴിവ്. അപൂർവമായി മാത്രമേ പിടിക്കപ്പെട്ടിരുന്നുള്ളൂ. ആ നുണ പറച്ചിലിന്റെ ട്രാക്ക് തിന്മയിൽ നിന്നു നന്മയിലേക്ക് (എഴുത്തിലേക്കു) വഴി മാറുന്നത്  ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ആയിശ ടീച്ചറായിരുന്നു കാരണഭൂതരായ ഗുരു.
ഒരു ദിവസം ക്ലാസിൽ എത്താൻ വൈകിയ കാരണത്തിനു ന്യായീകരണമായി മെനഞ്ഞ ഒരു നുണക്കഥ അതിസമർത്ഥമായി യാതൊരു  പഴുതുമില്ലാതെ  ടീച്ചറെ വിശ്വസിപ്പിച്ചു ബെഞ്ചിലിരിക്കാൻ അനുവാദം കിട്ടിയ നേരമാണ്  തന്റെ നേരംവൈകലിന്റെ യഥാർത്ഥ കാരണത്തിനു ദൃക്സാക്ഷിയായ മറ്റൊരധ്യാപകൻ ക്ലാസിൽ വന്നു കയറി ആ നുണ പൊളിച്ചത്.
ആയിശ ടീച്ചറുടെ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ. കബളിപ്പിക്കപ്പെട്ടതിന്റെ ജാള്യത്തേക്കാൾ  വിശ്വസനീയമായ ഒരു കഥ മെനഞ്ഞെടുക്കാനുള്ള ആ പിഞ്ചുബാലന്റെ ബ്രില്യൻസിയായിരുന്നു ആ വിസ്മയ കണ്ണുകളിൽ. ആയിശ ടീച്ചർ ബാലനെയും കൂട്ടി സ്റ്റാഫ് റൂമിലേക്കു നടന്നു. സ്റ്റാഫ് റൂം വിജനം. ചൂരലടിയാണ് കുട്ടി പ്രതീക്ഷിച്ചത്. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്.


ടീച്ചർ കുട്ടിയെ ചേർത്തു നിർത്തി, സ്‌നേഹത്തോടെ പറഞ്ഞു. ''നുണ പറയാനുള്ളതല്ല, മറിച്ച് എഴുതാനും പാടാനുമുള്ളതാണ്,  അതു സാഹിത്യത്തിലും കവിതയിലും അഴകിനു ചേർക്കാനുള്ളതാണ്. മേലിൽ നുണ പറയരുത്. പക്ഷേ എല്ലാ സുന്ദരമായ നുണകളും എഴുതിവെക്കുക, കഥയായി... കവിതയായി...!''
അതാണ് നുണപറച്ചിലിൽ നിന്നു കഥയെഴുത്തിലേക്കുള്ള  വഴിത്തിരിവ്! അതായിരുന്നു  എഴുത്തിന്റെയും തുടക്കം. തമിഴ് കവി വൈരമുത്തു പാടിയ പോലെ...
കണ്ണുക്ക് മയ് അഴക്....     കവിതക്ക് പൊയ് അഴക്.....!
(കണ്ണുകൾക്ക് കൺമഷി ഭംഗി നൽകുന്നതു പോലെയാണ് കവിതക്കു ഭാവന മിഴിവേകുന്നത്.)
അനുഭവ ദാരിദ്ര്യകാലത്ത്  പിടിച്ചു കയറാൻ നുണയുടെ പിടിവള്ളിയെ കൂട്ടുപിടിച്ചെങ്കിലും ബാല്യകൗമാരങ്ങൾ പിന്നിട്ടു എഴുതാൻ പച്ചയായ ജീവിതാനുഭവങ്ങൾ യഥേഷ്ടം കിട്ടിയപ്പോൾ (പ്രത്യേകിച്ചു പ്രവാസ ലോകത്ത്) നുണയെ കൈവിട്ടു.
കൃഷിയിലും കച്ചവടത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള  കുടുംബ പശ്ചാത്തലമായിരുന്നു കരീം മാഷുടെ നാട്ടിലും. രണ്ടിലും നിപുണരായവരുടെ തറവാട്, വീടിനടുത്ത കടലുണ്ടിപ്പുഴയിൽ കൂടി ഒരുപാട് വെള്ളം അറബിക്കടലിലേക്കൊഴുകി. കാലം ഒത്തിരി മുന്നോട്ടോടി. നമ്മുടെ നാട്ടിലെ മനുഷ്യ വിഭവശേഷി ലോകം മുഴുക്കേ നിറഞ്ഞാടിയപ്പോൾ പഴമൊഴികളും നാട്ടുചൊല്ലുകളും അറിയുന്നവർ നാട്ടിൽ ഇല്ലാതെയായി. അറിയുന്നവർക്കു എഴുതാനുപാധികളില്ലാതെയായി. അറിവും ഉപാധികളുമുള്ളവരിൽ പോലും പലരും അലസരായിരുന്നു. നാട്ടുചൊല്ലുകളും നാടൻ തമാശകളും ചരിത്ര കൗതുകങ്ങളും ഗൃഹാതുരത്വത്തോടെ തേടിപ്പിടിച്ചും എഴുതിപ്പിടിപ്പിച്ചും പറഞ്ഞു കേൾപ്പിച്ചും കരീം മാഷ്  സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു.
ബിരുദം നേടിയ ഉടൻ ഇരുമ്പുഴി അക്ഷര ട്യൂട്ടോറിയൽ കോളേജ് സ്ഥാപക അധ്യാപകരിലൊരാളായും സർക്കാർ വിലാസം പ്രാഥമിക ആരോഗ്യ കേന്ദ്രം എഴുത്തച്ഛനായും  അല്ലറ ചില്ലറ രാഷ്ട്രീയ പ്രവർത്തനവുമായി നടന്ന തോണിക്കടവത്ത് അബ്ദുൽ കരീം  എന്ന കരീം മാഷുടെ കുടുംബ പുരാണം പറയാം.
പിതൃവ്യൻ പനമ്പറ്റ പാലത്തിനക്കരെ തോണിക്കടവത്ത് താമസിച്ച് 'തോണിക്കടവത്തുകാർ' ആയ  ഇളയേടത്ത്  കുഞ്ഞിമൊയ്തീൻ ഹാജി കേളികേട്ട വെറ്റില മൊത്തവ്യാപാരി ആയിരുന്നു. അന്ന് അങ്ങനെയാണ്. കാളവണ്ടിയും ചന്തക്കച്ചവടവും ഒക്കെ പത്ത് ചക്രം കൈയിൽ തടയുന്ന പരിപാടി.


മഞ്ചേരി ചന്തയിൽ നിന്നും കോട്ടക്കൽ  ചന്തയിൽ നിന്നും  ചരക്ക് എടുത്താണ് കച്ചവടം. അവിടെനിന്നു വെറ്റിലയും അടക്കയും മൊത്തം എടുത്ത്  വയനാട്ടിലേക്കും അലനെല്ലൂരിലേക്കും പരിസര പ്രദേശത്തെ ചന്തകളിലേക്കും കയറ്റി അയക്കൽ..... അവിടത്തെ ചന്തക്കച്ചവടക്കാർക്ക് നൽകുന്ന, ഒരു മൊത്തക്കച്ചവടക്കാരൻ.
 മുഞ്ഞക്കുളം ഇരിയകളത്തിൽ ആയിഷ ആയിരുന്നു പത്‌നി. കാളവണ്ടിയും പോത്തുവണ്ടിയുമാണ് അന്ന് ട്രാൻസ്‌പോർട്ട് മേഖലയുടെ മൊത്ത കുത്തകക്കാർ. രാത്രികാലങ്ങളിൽ അന്നത്തെ വാഹനത്തിന്റെ ഹെഡ് ലൈറ്റ് വണ്ടിയുടെ ബംബർ ആയ നുകത്തിന് താഴെ കെട്ടിത്തൂക്കിയ റാന്തൽ വിളക്കാണ്.
കച്ചവടക്കാർ തലേദിവസം തന്നെ ചന്ത ഉള്ള നാട്ടിൽ തമ്പടിക്കും. യൂറോപ്യന്മാർ പേയിംഗ് ഗസ്റ്റ് സമ്പ്രദായം കണ്ടുപിടിക്കും മുമ്പ് തന്നെ കേരളക്കരയിൽ ആ സിസ്റ്റം ഓൺ ചെയ്തിരുന്നു എന്നതാണ് രസകരം. കച്ചവടക്കാർക്ക് മിക്ക ചന്തകളുടെ പരിസരങ്ങളിലും താമസ സൗകര്യവും ഭക്ഷണവും നൽകുന്ന വീടുകൾ ഉണ്ടാകും. ഇന്നത്തെപ്പോലെ ലോഡ്ജ്, ഹോസ്റ്റൽ സൗകര്യങ്ങൾ ഇല്ലാത്ത കാലം. ആ കൂട്ടർക്ക് വരുമാന സ്രോതസ്സ് ഈ പേയിംഗ് ഗസ്റ്റുകൾ തന്നെ... ചന്ത കഴിഞ്ഞ് ഇടപാട് തീർത്ത് അവർ സ്വന്തം താവളങ്ങളിലേക്ക് തിരിക്കുന്നതാണ് രീതി.
'അലനല്ലൂരിലെ കുഞ്ഞാത്തുതാത്ത' ആയിരുന്നു കുഞ്ഞിമൊയ്തീൻ ഹാജിയുടെ ഹോസ്റ്റ്.
കുഞ്ഞാത്തുതാത്തയുടെ അയൽവാസിയും കൽപറ്റ ചന്തയിലെ ഉണക്കമത്സ്യ കച്ചവടക്കാരനുമായ  കോഴിമണ്ണിൽ മൊയ്തീൻ കുട്ടിയുമായി അങ്ങനെ സൗഹൃദമായി.  അദ്ദേഹത്തിന്റെ  മൂത്ത പെൺകുട്ടിക്ക് അന്ന് വയസ്സ് പതിമൂന്ന്. കുഞ്ഞു മൊയ്തീൻ ഹാജിയുടെ മൂത്ത മകൻ മുഹമ്മദിന് അന്ന്  വയസ്സ് പതിനഞ്ചും. അന്ന് അതൊക്കെ മാംഗല്യ പ്രായമാണ്. വാപ്പമാർ രണ്ട് പേരും ഇണപിരിയാത്ത കൂട്ടുകാരും.....
പിരിശം മൂത്ത് എന്റെ പുത്രൻ മുഹമ്മദിനെക്കൊണ്ട് തന്റെ പുത്രി ആച്ചുട്ടിയെ അങ്ങ് മംഗലം കഴിപ്പിച്ചൂടേ....?  എന്നു ചോദിച്ചു.
ജവാബ്  സമ്മതമായി കിട്ടിയപ്പോൾ കല്യാണമായി.
ഭാരത് ബസിൽ നിറയെ ആളുകൾ പുതിയ പെണ്ണിനൊപ്പം  നാൽപതിലേറെ കിലോമീറ്റർ ദൂരമുള്ള ഇരുമ്പുഴിയിൽ വന്നു.
 അന്നു മുതൽ മരണം വരെ ഇണ പിരിയാത്ത ബന്ധവുമായി ജീവിച്ച ആ ദമ്പതികൾ ഇപ്പോൾ മണ്ണിനോട് ചേർന്നു.
തോണിക്കടവത്ത് മുഹമ്മദും കോഴിമണ്ണിൽ ആച്ചുട്ടിയും. മക്കൾ: അബ്ദുൽ കരീം മാഷ്, റൈഹാനത്ത്, ജുവൈരിയ്യ, താജുൽ മൻസൂർ (ബിസിനസ് കൽപറ്റ), നൗഷാദ് (ജമീല പ്രിന്റിംഗ് പ്രസ് മഞ്ചേരി), ഷംസുദ്ദീൻ (ലേസർ പ്രിന്റിംഗ് പ്രസ്, മലപ്പുറം).
മൂത്ത പുത്രൻ അബ്ദുൽ കരീമിന്റെ പ്രാഥമിക പഠനവും സെക്കണ്ടറിയും ഇരുമ്പുഴി എം.ജി.യു.പി എസിൽ... മലപ്പുറം കോളേജിൽ നിന്ന് പി.ഡി.സിയും ഡിഗ്രിയും. എം.എസ്.എഫ് ആയിരുന്നു വിദ്യാർത്ഥി രാഷ്ട്രീയം. പ്രീ ഡിഗ്രിക്ക് ചേർന്ന അതേ വർഷമാണ് മലപ്പുറം മുണ്ടുപറമ്പിലായിരുന്ന കലക്ടറേറ്റിനു മുന്നിലെ ഭാഷാ സമരവും വെടിവെപ്പും. കോളേജിൽ നിന്നെത്തിയ എം.എസ്.എഫുകാർ ഗേറ്റിനു തൊട്ടു പുറത്ത്  സമര ഭടന്മാർക്ക് അഭിവാദ്യമർപ്പിച്ചു അവസാനം വരെ നിലകൊള്ളണമെന്നായിരുന്നു നിർദേശം. അതിനാൽ അന്നു നടന്നതൊക്കെ ഒരു സിനിമയിലെന്ന പോലെ കരീം  ഓർക്കുന്നു.
കലക്ടറേറ്റ് പിക്കറ്റിംഗിനു ആരും പ്രതീക്ഷിക്കാത്തത്ര ജനപങ്കാളിത്തം. പോലീസ് വാഹനങ്ങളിൽ അറസ്റ്റ് ചെയ്തവരെ കയറ്റിക്കൊണ്ടു പോകുന്നു. മുണ്ടുപറമ്പിൽ നിന്ന് കുന്നുമ്മൽ വരെയുള്ള നിരത്ത് നിറയെ പുരുഷാരം. പിക്കറ്റിംഗ് ഒഴിപ്പിക്കൽ  അർധരാത്രിക്കിപ്പുറം പോയാലും തീരില്ല എന്നത് നേർസത്യം.
ഞൊടിയിടയിൽ എത്തിയ പോലീസ് ജീപ്പ്. ജീപ്പിനകത്ത് ഈറ്റപ്പുലിയെപ്പോലെ പെരിന്തൽമണ്ണ ഡിവൈ.എസ്.പി വാസുദേവൻ. ആൾക്കൂട്ടത്തെ തട്ടിത്തെറിപ്പിച്ച് വാഹനം കലക്ടറേറ്റിനകത്തേക്ക് എടുപ്പിക്കാൻ ഡ്രൈവറോട് കൽപിക്കുന്നു. ഡ്രൈവർ വാഹനം എടുക്കുന്നു. ജനക്കൂട്ടം ജീപ്പ് തള്ളി തടയുന്നു.  ഏമാന്റെ കൽപന അനുസരിച്ച്  ജീപ്പ് വീണ്ടും റൈസ് ചെയ്തപ്പോൾ ക്ഷുഭിതരായ യുവാക്കൾ ഗത്യന്തരമില്ലാതെ ഡ്രൈവറുമായി പിടിവലിയിലായി. രംഗം കണ്ട് ക്ഷുഭിതനായ ഡിവൈ.എസ്.പി വാസുദേവൻ ഫയറിംഗിനു കൽപിക്കുന്നു. തീതുപ്പുന്ന തോക്കുകളിൽ നിന്ന്  വെടിയുണ്ടകൾ യുവാക്കളുടെ നെഞ്ചിൻകൂട് തുളച്ച് കയറിപ്പായുന്നു. തൊട്ടടുത്തു നിന്നു സമരാഭിവാദ്യം സമർപ്പിക്കുന്ന  മലപ്പുറം ഗവ. കോളേജ് വിദ്യാർത്ഥികളുടെ ഇടവും വലവുമുള്ളവർ പായുന്നു.
വെടികൊണ്ടവർ നിലംപതിക്കുന്നു. മജീദ്, റഹ്മാൻ, കുഞ്ഞിപ്പമാരുടെ പ്രാണൻ പോകുന്ന പിടച്ചിൽ നേരിൽ കണ്ട രംഗം വിവരിക്കുമ്പോൾ ഓർമകളുടെ അടിത്തട്ട് ഇളകിയ കരീമിന്റെ ഗദ്ഗദം.
ഡിഗ്രിക്ക് ശേഷം അക്ഷര ട്യൂട്ടോറിയൽ കോളേജിൽ അധ്യാപനം. മുസ്‌ലിം യൂത്ത് ലീഗിൽ സജീവം. ഇരുമ്പുഴി മേഖല അധ്യക്ഷൻ. കൂടെ പഞ്ചായത്ത് കലാസാഹിത്യ വേദി പ്രസിഡന്റ്. പാർട്ടി ക്ലാസുകളിൽ വിഷയാവതാരകൻ. ബോർഡ് ബാനറെഴുത്ത്, സുവനീറിന്റെ എഡിറ്റർ. ദൈവം തമ്പുരാൻ വരദാനമായി കനിഞ്ഞു നൽകിയ കൈയക്ഷര മാഹാത്മ്യം  കവലകളിൽ ജീവനുള്ള ബോർഡുകളായി പ്രത്യക്ഷപ്പെട്ടു.
പിന്നെ നാട്ടിൽ ജോലിക്ക്്് ശ്രമിച്ച് കിട്ടാതെ  മടുത്തപ്പോൾ ഷാർജയിലക്ക് പ്രവാസത്തുടക്കം. താമസിയാതെ കുവൈത്ത് യുദ്ധം.
നാട്ടിലെ എൽ.ഡി.സി  പി.എസ്.സി റാങ്ക് ലിസ്റ്റിൽ  മുന്നിലുണ്ടെന്ന് നാട്ടിൽ നിന്നുള്ള സന്ദേശം. ഇരിപ്പുറപ്പ് കിട്ടിയില്ല. ഉടൻ നാട്ടിലേക്ക് തിരിച്ചു.
 നാട്ടിൽ വന്ന്  പൊന്മള പി.എച്ച്.സിയിൽ എൽ.ഡി ക്ലാർക്ക് ആയി ജോലിയിൽ കയറി.
ആറു മാസം തീരാറായി,  വിസ എക്‌സ്‌പെയർ ആവും മുമ്പ് ഉടൻ മടങ്ങിവരണമെന്ന് ഷാർജയിൽ നിന്നുള്ള വിളിനാളം.
തിരുവനന്തപുരം പോയി  കോളേജിൽ തന്റെ പ്രിൻസിപ്പലായിരുന്ന പിൽക്കാലത്ത് എം.എൽ.എ ആയ നഫീസ ഉമ്മാളിന്റെ സഹായത്താൽ ഒറ്റ ദിവസം കൊണ്ടു അഞ്ചു വർഷത്തേക്ക് എൽ.ഡബ്ല്യൂ.എ ലീവ് സംഘടിപ്പിച്ച് തിരിച്ചു വീണ്ടും ഷാർജയിലേക്ക്.
എസ്.എഫ് ഇന്റർനാഷണൽ കമ്പനിയിൽ കാഷ്യറായി ജോലി, 26 വർഷം തുടർച്ചയായി  ഒരേ കമ്പനിയിൽ ജോലി ചെയ്തു.   അവസാനം ഫിനാൻഷ്യൽ കൺട്രോളറായി വിരമിച്ച് 2017 ൽ പിറന്ന നാട്ടിൽ തിരിച്ചെത്തി.
കമ്യൂണിക്കേഷൻ ഗാപിലെ പാളിച്ച കാരണം സർവീസ് തുടർച്ച ഒത്തില്ല.
തോണിക്കടവത്ത് അബ്ദുൽ കരീം ആന്റ്്് സാബിറ കരുവാന്തൊടി, പറയരങ്ങാടി.  മക്കൾ: ശബ്‌നം, ശബാബ്. മരുമകൻ: അദ്‌നാൻ ഫാറൂഖ് ചുങ്കത്തറ  ജിദ്ദ പ്രവാസി. ശബാബ് ഇപ്പോൾ പിതാവിനെപ്പോലെ പഠനവും സാമൂഹിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും തുടരുന്നു.
ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല  സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കരീം മാഷിനു പറയാനുള്ളത് തൊണ്ണൂറുകളിലെ കേരള സമ്പൂർണ സാക്ഷരത മിഷൻ പ്രവർത്തനങ്ങളിലെ  മാസ്റ്റർ ട്രെയിനർ സേവനങ്ങളാണെങ്കിൽ പുത്രൻ  ശബാബിനു പറയാനുള്ളത്  കോവിഡ്19 റാപിഡ് റസ്‌പോൺസ് ടീം അംഗമെന്ന നിലയിൽ അർപ്പിച്ച സേവനങ്ങളാണ്.
മകൾ ശബ്‌നം ഫിസിക്‌സിൽ ഡിഗ്രിയും ബി.എഡും നേടി ഇടക്കാലത്ത് ഇരുമ്പുഴി ജി.എം.യു.പി സ്‌കൂളിൽ ഗസ്റ്റ് ടീച്ചറായി ജോലി ചെയ്തു.
കരീം മാഷ് ഇന്ന് സന്തുഷ്ടനാണ്. പിന്നിട്ടത് നല്ല വസന്തങ്ങൾ.
സമകാലവും ഐശ്യര്യപൂർണവും.,,, നിറഞ്ഞ സൗഹൃദങ്ങൾ, സംഘടനാ ബന്ധുക്കളുടെ വാൽസല്യം....
സതീർത്ഥ്യരിൽ  പ്രധാനി കുമുകുമ മാഷ് വിട്ടു പോയി. മാഷെ അനുസ്മരിച്ച് ഇറക്കിയ കിത്താബിനെ സ്‌നേഹാർപ്പണത്താൽ ജീവസ്സുറ്റതാക്കി.
അച്ചടി പുരട്ടുന്ന പ്രക്രിയക്ക് കൈക്കാരാവാൻ ഏറെ ഇഷ്ടം.! ഇപ്പോൾ 'തുഷാര പബ്ലിക്കേഷൻസ് എന്ന പേരിൽ  പുസ്തക പ്രസിദ്ധീകരണവും നടത്തുന്നു.
മരുഭൂവിലെ മഞ്ഞുതുള്ളികൾ, ദൈവഭൂവിലെ ദീപനാളങ്ങൾ എന്നീ കഥാസംഹാരവും പൊള്ളുന്ന തുള്ളികൾ എന്ന കവിതാസംഹാരവും കരീം മാഷ് ഇറക്കിയിട്ടുണ്ട്. കൂടാതെ പതിനാലു വയസ്സുകാരിയായ ഷഹാന ഷെറിന്റെ ഇതളുകൾ (കവിതാ സമാഹാരം), പഞ്ചവത്സര സ്മരണിക (മുസ് ിം യൂത്ത് ലീഗ്), ജി.എച്ച്.എസ് ചിതലരിക്കാത്ത ഓർമകൾ (കെ. അലവി മാഷ്), കു.മു.കു.മ അനുസ്മരണം (അരങ്ങ് സാഹിത്യ വേദി), സ്മൃതിമുദ്ര സുവർണ ജൂബിലി സ്മരണിക (ജി.സി.എം അലുംനി), പറയറ്റ് കുടുംബ ചരിത്രം, വടക്കാങ്ങര അംശം ദേശചരിത്രം (അബ്ദുറഹ്മാൻ കുറ്റിക്കാട്ടിൽ), മീൻ കുളത്തിക്കാവു ചരിത്രം (അനിൽ പാണായി) എന്നീ കൃതികളുടെയും എഡിറ്ററാണ്. കാഞ്ഞിരംപോക്കിൽ കുടുംബ ചരിത്രം, മലപ്പുറം എലൈറ്റ് ഉർദു / ഹിന്ദി കോളേജ് സുവർണ ജൂബിലി സുവനീർ എന്നിവയുടെ അണിയറ പ്രവത്തനത്തിലാണിപ്പോൾ.
ഇരുമ്പുഴി എന്ന തന്റെ ഗ്രാമത്തിലെ ആദ്യകാല ജനതയുടെ കഥകൾ അറിയാവുന്ന പിതാമഹനുമൊത്തുള്ള സംഭാഷണ ഓർമകളും പച്ച ഗ്രാമീണ മനുഷ്യരുമൊത്തുള്ള അനേകം നിമിഷങ്ങളും സംഭാഷണ/ശ്രവണ താൽപര്യവും ഗ്രാമത്തിന്റെ ജീവിത രീതിയും സംസ്‌കാരവും ഗതകാല ചരിത്രമായി രേഖപ്പെടുത്തി വെക്കുന്നതിൽ വളരെ സഹായകമായിട്ടുണ്ട്. കഥ പറഞ്ഞുതരാൻ ക്ഷണിച്ചിട്ടും കേൾക്കാൻ തനിക്കു സമയം കിട്ടാതെ കടന്നു പോയ ചരിത്ര പുരുഷന്മാരെ ഓർത്ത്്് മാഷ് ഖിന്നനാവാറുണ്ട്. കപ്രക്കാടൻ കുഞ്ഞാലു ഹാജിയുടെ വിയോഗം അത്തരത്തിൽ എപ്പോഴും മനസ്സിനെ അലട്ടാറുണ്ട്. ഒരുകാലത്ത് ഇരുമ്പുഴിയിലെ ചികിത്സാരംഗത്തെ ചക്രവർത്തി തോരപ്പപ്പാറയിലെ  ചക്കു വൈദ്യരെക്കുറിച്ചും മകൻ വിജയരാജനെക്കുറിച്ചും ആദ്യ ഹോമിയോ ഡോക്ടർ ഡോ. സി.കെ. മുഹമ്മദിനെ കുറിച്ചുമൊക്കെ എഴുതാൻ പലരും ഉപദേശിച്ചിട്ടും ഏറെ ചരിത്രമുണ്ടെങ്കിലും പറഞ്ഞുതരാൻ ആളില്ലാതായത് വല്ലാത്തൊരു നൊമ്പരം തന്നെയാണ്.
കോവിഡ് കാലത്തിന്റെ പ്രവർത്തന ശീലത്തുടർച്ചയെന്നോണം പ്രസിദ്ധീകരണത്തിനുള്ള പുസ്തകങ്ങളുടെ എഡിറ്റിംഗ്, ലേ ഔട്ട്, ഡിസൈനിംഗ്, ഇല്ലസ്‌ട്രേഷൻ, ഫോട്ടോഗ്രഫി ജോലികൾ എല്ലാം നിർവഹിക്കുന്നത് സ്വന്തം ഭവനത്തിൽ തന്നെയാണ്. അതിനായി ഒരു മുറി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു. ഒപ്പം തുഷാര ഫിനാൻഷ്യൽ ആന്റ്്് ഇന്റേണൽ  ഓഡിറ്റിംഗ് എന്ന ഒരു കൺസൾട്ടൻസി സ്ഥാപനവും ഉണ്ട്.
ഫോട്ടോഗ്രഫി, ചിത്രരചന, ജലച്ചായം, ഗ്ലാസ് പെയ്ന്റിംഗ്, സ്‌ക്രാപിൽ നിന്നു കലാവസ്തുക്കൾ നിർമിക്കൽ എന്നിവ മാഷിന്റെ ഹോബികളാണ്. വീടും വീടിനു മുന്നിലെ ഗാർഡനും ഇവയുടെ ശേഖരങ്ങളാണ്. വെർട്ടിക്കൽ ജൈവ കാർട്ടണും കൃത്രിമ തടാകവും പൊട്ടിയ ചട്ടികൾ കൊണ്ടുള്ള കലാരൂപങ്ങളും ഇതിനുദാഹരണങ്ങളാണ്. ജീവന്റെ ജീവനായ രണ്ട് ചെറുമക്കൾ, ശബിയുടെയും അദ്‌നാന്റെയും മക്കൾ ഹാമിയും അമാനും. അവർ വന്നാൽ വീട് സ്വർഗം. ഫേസ്ബുക്കിൽ പിന്നെ അവരുടെ വിശേഷങ്ങളും കഥകളുമാണ്.

Latest News