Sorry, you need to enable JavaScript to visit this website.

കൊടുങ്കാറ്റിൽ പറക്കുന്ന കഴുകൻ...

തൃശൂർ തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിച്ച സ്ത്രീശക്തി മോഡിക്കൊപ്പം മഹിളാ സമ്മേളനത്തിൽ പങ്കെടുത്തതിൽ നടി ശോഭനക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ  പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തി.  ശോഭന മല്ലികാ സാരാഭായിയെ പോലെ യോ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള വ്യക്തിയല്ലെന്നും ശോഭനയെ സംഘിയായി ചാപ്പ കുത്തിയാൽ അത് ശോഭനയെ ഒരു തരത്തിലും ബാധിക്കില്ലെന്നും എന്നാൽ സംഘികൾക്ക് അത് ഗുണമാവുമെന്നും ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. നൃത്തവും സിനിമയും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ശോഭന ഇന്നു വരെ സംസാരിച്ചു കേട്ടിട്ടില്ല. നീണ്ട അഭിമുഖങ്ങളിൽ പോലും അവർ കലാജീവിതമല്ലാതെ വ്യക്തിപരമായതൊന്നും വെളിപ്പെടുത്താറില്ല. മറ്റൊന്നും അവർ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല. അവരുടെ വേദികൾ, രാഷ്ട്രീയ ഇടമായല്ല, കലാകാരി എന്ന നിലയിൽ കിട്ടുന്ന വേദി ആയി മാത്രമാണ് അവർ കാണുന്നത്. നവകേരള സദസ്സിന്റെ ഭാഗമായ കേരളീയത്തെയും മോഡി വേദിയെയും അവർ ഒരു പോലെ കാണുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയ അജ്ഞതയാണത്. മോഡിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുൽ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവർ പറയും. രാഷ്ട്രീയ ബോധത്തിൽ അതാണ് അവരുടെ നില. നില മാത്രമാണത്. നിലപാടല്ല. നാളെ ഗവർണറുടെ വേദിയിലും കോൺഗ്രസിന്റെ വേദിയിലും അവരെത്തും. അവരുടെ നിലക്കൊത്ത ചെലവുകൾ വഹിക്കാൻ സംഘാടകർ തയാറെങ്കിൽ. എഴുതിക്കൊണ്ടുവന്ന പ്രസംഗം അവർ തപ്പിയും തടഞ്ഞും വായിക്കും. എന്നെ ഒന്നും ബാധിക്കില്ല എന്നൊരു മട്ട് ആ സ്വയംപ്രഖ്യാപിത ഇരിപ്പിലും നടപ്പിലുമുണ്ട്. മല്ലികാ സാരാഭായിയെ പോലെയോ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭന. ബി.ജെ.പി സമ്മേളനത്തിൽ പങ്കെടുക്കില്ല എന്ന തീരുമാനമെടുക്കാൻ മാത്രമൊന്നുമുള്ള രാഷ്ട്രീയ ബോധമില്ലാത്ത ഒരാളെ കുറിച്ചും അവർ വായിച്ചു തീർത്ത ഒരു കുറിപ്പിനെ കുറിച്ചും ഇത്ര ബേജാറാകേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല -ശാരദക്കുട്ടി വിശദമാക്കി. ഇപ്പറഞ്ഞതിലും കാര്യമുണ്ട്. ഒരു കാലത്ത് അച്ചുമാമയുടെ സ്വന്തം ആളായിരുന്നു സുരേഷ് ഗോപി. കെ.കരുണാകരന്റെ കാലത്ത് കോൺഗ്രസും. പിൽക്കാലത്ത് മോഡിയുടെ ആളും. ഇടയ്ക്ക് എസ്.എഫ്.ഐ ഭൂതകാലത്തെ കുറിച്ചും പറയുന്നത് കേട്ടു. കോടിയേരിക്കും നായനാർക്കും അറിയാവുന്ന കാമ്പസ് കാലത്തെ വിപ്ലവകാരി. കേരളീയത്തിൽ ശോഭനയുടെ നൃത്തത്തിന് സർക്കാർ ചെലവാക്കിയത് എട്ടു ലക്ഷമാണെന്ന് സമൂഹ മാധ്യമത്തിൽ കണ്ടു. ശോഭനയുടെ തൃശൂർ പ്രോഗ്രാം കഴിഞ്ഞപ്പോൾ ഇന്നസന്റിന്റെ ഡബിളാ, ഡബിൾ പ്രയോഗവുമായാണ് കോൺഗ്രസ് പ്രൊഫൈലുകൾ ആഘോഷിച്ചത്. രസമതല്ല, അത്യാവശ്യം സിനിമാ മാസികകളിലെ ഗോസിപ്പ് കോളങ്ങൾ പണ്ടു വായിച്ചവർ മാത്രം ഓർത്തുവെച്ച ബെഡ് ഷീറ്റ് മോഷണം വരെ പോരാളികൾ വിഷയമാക്കി. നാനയിലോ മറ്റോ അക്കാലത്ത് വന്ന കഥയാണ് ഷൂട്ടിംഗ് ലൊക്കേഷനിലെ ബെഡ് ഷീറ്റ് കാണാതാവൽ. ബെഡ് ഷീറ്റ് കട്ട നടിയാരെന്നും ഫേസ്ബുക്കിൽ കണ്ടു. അതേസമയം,  സഖാക്കളെ ട്രോളിയ സംഘികൾ എന്നാലും ഗംഗയുടെ അഭിനയം അത്രയ്ക്ക് പോരെന്ന് പറഞ്ഞാണ് തിരിച്ചടിച്ചത്. 
അപ്പോഴേക്ക് താത്വിക അവലോകനവുമായി ഗോവിന്ദൻ മാഷ് രംഗത്തെത്തിയത് ആശ്വാസമായി. 
ബി.ജെ.പി. സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ നടിയും നർത്തകിയുമായ ശോഭനയെ ബി.ജെ.പിയുടെ അറയിലാക്കാൻ സി.പി.എം ഉദ്ദേശിക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.  'പ്രധാനമന്ത്രി പങ്കെടുത്ത യോഗമല്ലേ, പ്രധാനപ്പെട്ട ആളുകൾ പങ്കെടുത്തോട്ടെ. അതിൽ ഞങ്ങൾക്കെന്താ തർക്കമുള്ളത്. ശോഭന കേരളീയത്തിന്റെ അംബാസഡർ ആയിക്കോട്ടെ, അതിനൊന്നും കുഴപ്പമില്ല. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. അതുകൊണ്ട് കേരളീയത്തിൽ പങ്കെടുത്തത് തെറ്റാണെന്ന് പറയാൻ പറ്റുമോ? കലാകാരന്മാരെയും കായികരംഗത്തുള്ളവരെയുമെല്ലാം കക്ഷിരാഷ്ട്രീയത്തിന്റെ അറകളിലേക്ക് തിരിക്കണ്ട', എം.വി. ഗോവിന്ദൻ പറഞ്ഞു.
'മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിലും അതുപോലെ വളരെ പ്രധാനപ്പെട്ട യോഗങ്ങളിലുമൊക്കെ ആളുകൾ പങ്കെടുക്കുന്നില്ലേ. പാർട്ടി പരിപാടിയിലൊക്കെ ബി.ജെ.പി. ആളുകളെ പങ്കെടുപ്പിക്കും. ഇതല്ലേ അവര് ചെയ്തുകൊണ്ടിരിക്കുന്നത്. അത് തിരിച്ചറിഞ്ഞവർ പോകില്ല, തിരിച്ചറിയാത്തവർ പോകും. പിന്നെ തിരിച്ചറിയുമ്പോൾ അവർ ശരിയായ നിലപാട് സ്വീകരിക്കും. ഞങ്ങൾ ഇവരേത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഒപ്പം നിൽക്കുന്നുവെന്ന് നോക്കിയല്ല അംബാസഡറാക്കുക. അവരുടെ കഴിവാണ് നോക്കുക', എം.വി. ഗോവിന്ദൻ പറഞ്ഞു.
'ശോഭനയെ പോലൊരു നർത്തകി, സിനിമാ മേഖലയിലെ പ്രഗത്ഭയായൊരു സ്ത്രീ, അവരെയൊന്നും ബി.ജെ.പിയുടെ അറയിലാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഏത് രാഷ്ട്രീയത്തിന്റെ ഭാഗമായാലും അവരെല്ലാം ഈ കേരളത്തിന്റെ പൊതുസ്വത്താണ്. സുരേഷ് ഗോപി ഉൾപ്പെടെ അങ്ങനെയാണ്. എന്നാൽ അദ്ദേഹം ബി.ജെ.പിയിലേക്ക് ചാടിപ്പോയി എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് മാത്രമേയുള്ളൂ. അല്ലെങ്കിൽ അയാളേയും ബഹുമാനിക്കേണ്ടതാണ് -അണികൾക്ക് തിരിച്ചറിയാൻ വേണ്ടതെല്ലാം മാഷ് വ്യക്തമാക്കി. നൗ എവരി വൺ ഗോ റ്റു യുവർ ക്ലാസസ്. 
*** *** ***
മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെ പോലെയാണെന്നും അടുത്തുപോയാൽ കരിഞ്ഞുപോകുമെന്നും എം.വി ഗോവിന്ദൻ അനന്തപുരിയിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേത്. അദ്ദേഹത്തിന്റേത് സംശുദ്ധ രാഷ്ട്രീയമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.  തൃശൂരിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോഡി നടത്തിയ വിമർശനത്തോടും രൂക്ഷമായ ഭാഷയിൽ അദ്ദേഹം പ്രതികരിച്ചു.
സ്വർണക്കടത്ത് കേസ് കൈകാര്യം ചെയ്യേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും വിമാനത്താവളം കേന്ദ്ര നിയന്ത്രണത്തിലാണെന്നും പിന്നെ എവിടെയാണ് സ്വർണക്കടത്ത് കേസ് പോയതെന്നും അദ്ദേഹം ചോദിച്ചു.
ആളെ പറ്റിക്കാൻ പൈങ്കിളി കഥയുമായി ഇറങ്ങുകയാണ് ബിജെപിയും പ്രധാനമന്ത്രിയുമെന്നും അദ്ദേഹം വിമർശിച്ചു. സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ എന്തായിരുന്നു തടസ്സമെന്ന് ചോദിച്ച അദ്ദേഹം ഇപ്പോഴത്തെ പ്രതികരണം രാഷ്ട്രീയ പ്രചാരണത്തിന് വേിയുള്ള വാദം മാത്രമാണെന്നും വിമർശിച്ചു. കേസിന്റെ പ്രധാന ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമാണ്. വലിയ പ്രചാരവേലയ്ക്ക് തുടക്കം കുറിക്കുന്നുവെന്ന് മാത്രമേയുള്ളൂ. സ്വർണക്കത്ത് വസ്തുതാപരമായി അന്വേഷിക്കണം.
അതിനിടയ്ക്ക് കാരണഭൂതനിൽ തുടങ്ങിയ സ്തുതി ഗീത പരമ്പര തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള കേരള സിഎം എന്ന തട്ടുപൊളിപ്പൻ വീഡിയോ ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ പടർന്നു പന്തലിക്കുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. കോവിഡ്, പ്രളയ രക്ഷകനായി മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന ഗാനത്തിൽ നിരവധി വിശേഷണങ്ങളും പിണറായി വിജയന് പുതുതായി നൽകുന്നുണ്ട്.  മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള മെഗാ തിരുവാതിര ഉണ്ടാക്കിയ വിവാദം കെട്ടടങ്ങുമ്പോഴാണ് പുതിയ പാട്ടിന്റെ രംഗപ്രവേശം. തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനായുമെല്ലാമാണ് പാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. 
ബ്രണ്ണൻ കോളേജിലെ പിണറായിയുടെ പാർട്ടി പ്രവർത്തനവും വീഡിയോ ഗാനത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് സിപിഎം തയറെടുക്കുമ്പോഴാണ് പാട്ട് തയാറാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. 
യുവാക്കളെ ലക്ഷ്യമിട്ടാണ് വരികളും നൃത്തവുമെല്ലാം ഒരുക്കിയിരിക്കുന്നത്. നിഷാന്ത് നിളയാണ് വീഡിയോ ഗാനം സംവിധാനം ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ വൈറലായ പാട്ടിന് എന്നാൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സൈബർ ഇടത് ഗ്രൂപ്പുകൾ ഇത് പ്രചരിപ്പിക്കുമ്പോൾ തന്നെ ഒരു വിഭാഗം പരിഹാസവും ഉയർത്തുന്നുണ്ട്. 
പിണറായി വിജയൻ... 
നാടിന്റെ അജയ്യൻ... 
നാട്ടാർക്കെല്ലാം സുപരിചിതൻ, 
തീയിൽ കുരുത്തൊരു കുതിരയെ... 
കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനെ... എന്നു തുടങ്ങുന്ന ഈ മഹാ കാവ്യത്തിൽ സ്വജനപക്ഷ വാദികളിൽ വാധ്യാർ എന്നും മാസ്റ്റർ എടാ  എന്നൊരു വരിയുണ്ട്. കവി ഉദ്ദേശിച്ചതെന്തെന്ന് മനസ്സിലാക്കാൻ നമ്മൾ സാധാരണക്കാരുടെ ഐ.ക്യു ഒന്നും മതിയാകില്ല. 
*** *** ***
മലയാള സിനിമയുടെ പോയവർഷത്തെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നായിരുന്നു നടൻ മാമുക്കോയയുടെ വിയോഗം. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ സിനിമയിൽ സജീവമായി നിന്നിരുന്ന ഒരാളാണ് അദ്ദേഹം. കഴിഞ്ഞ വർഷം തന്നെ അദ്ദേഹം അഭിനയിച്ച മൂന്ന് സിനിമകളാണ് റിലീസ് ചെയ്തിരുന്നത്. ഏപ്രിൽ 26-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
മലയാള സിനിമ, ടെലിവിഷൻ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ എല്ലാം അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരുന്നു. പക്ഷേ മോഹൻലാലും മമ്മൂട്ടിയും എത്തിയില്ല എന്നുള്ള വലിയൊരു ആക്ഷേപം ആ സമയത്ത് ഉയർന്നിരുന്നു. മോഹൻലാൽ ആ സമയത്ത് ജപ്പാനിൽ ആയിരുന്നു. മമ്മൂട്ടിയുടെ ഉമ്മ മരിച്ച ശേഷം ഉംറക്ക് പോയതാണെന്നും ഇരുവരും വിളിച്ചിരുന്നുവെന്നും അന്ന് മാമുക്കോയയുടെ മകൻ പ്രതികരിച്ചിരുന്നു. 
ഇപ്പോഴിതാ സംവിധായകൻ സത്യൻ അന്തിക്കാടിന് ഒപ്പം മോഹൻലാൽ മാമുക്കോയയുടെ വീട്ടിൽ എത്തി കുടുംബത്തെ സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 
മാമുക്കോയയുടെ മകൻ നിസാറാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കുടുംബത്തിലെ യുവതലമുറയ്ക്ക് ഒപ്പം നിന്ന് മോഹൻലാൽ സെൽഫി എടുക്കുകയും ചെയ്തു.
മോഹൻലാൽ, സത്യൻ അന്തിക്കാട്, മാമുക്കോയ എന്നിവർ ഒരുമിച്ച് നിരവധി സിനിമകളാണ് ചെയ്തിട്ടുള്ളത്. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ച നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ സിനിമകളിലെ ഗഫൂർക്കാ എന്ന കഥാപാത്രം അത്രമാത്രം പ്രശസ്തമാണ്.
*** *** ***
ഒച്ചപ്പാടും ബഹളവുമില്ലാതെ വസ്തുതകൾ മാത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന വാർത്താ ശൈലി ഇപ്പോഴും തുടരുന്ന ചാനലാണ് ദൂരദർശൻ. കഴിഞ്ഞ 39 വർഷമായി ദൂരദർശന്റെ ഭാഗമായിരുന്നു മലയാളികൾക്ക് സുപരിചിതയായ മാധ്യമ പ്രവർത്തക ഹേമലത. ജീവിതത്തിന്റെ ഏറിയ പങ്കും ന്യൂസ് റൂമിൽ ചെലവഴിച്ച ഹേമലത ഇപ്പോൾ ദൂരദർശനിൽ നിന്ന് സൈൻ ഓഫ് ചെയ്തിരിക്കുകയാണ്. മാറിയ മാധ്യമ പ്രവർത്തനത്തെ കുറിച്ചും വാർത്താസംസ്‌കാരത്തെ കുറിച്ചും ഹേമലത വെബ് ദുനിയ മലയാളത്തോട് സംസാരിച്ചു. നീണ്ട 39 വർഷക്കാലത്തെ ദൂരദർശൻ ജീവിതം ഏറെ തൃപ്തികരവും സന്തോഷകരവും ആയിരുന്നെന്ന് ഹേമലത പറയുന്നു. ഇനിയെന്ത് എന്നതിനെ കുറിച്ച് തൽക്കാലത്തേക്ക് യാതൊരു പദ്ധതിയും ആലോചിച്ചിട്ടില്ല. എന്തെങ്കിലും ചിന്തിക്കാനുള്ള സമയം കിട്ടിയിട്ടില്ലെന്ന് പറയാം. മാധ്യമ മേഖലയിൽ തന്നെ തുടരണോ എന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും ഹേമലത പറഞ്ഞു.
വാർത്താ സംസ്‌കാരത്തിലും ഇപ്പോഴത്തെ മാധ്യമ പ്രവർത്തനത്തിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഒരു മോശം സംസ്‌കാരമെന്ന് പൂർണമായി പറയുന്നില്ല. എങ്കിലും നല്ലതല്ലാത്ത ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. കൃത്യമായ വാർത്തകൾ ജനങ്ങളിൽ എത്തിക്കുക എന്നതാണ് ദൂരദർശന്റെ എക്കാലത്തെയും ലക്ഷ്യം. ആ ഒരു അന്തരീക്ഷത്തിൽ നിന്ന് വന്നത് കൊണ്ട് മാത്രമല്ല, ഇപ്പോഴത്തെ നെഗറ്റീവ് മാധ്യമ പ്രവർത്തനത്തോട്, അഗ്രസീവ് മനോഭാവത്തോട് വ്യക്തിപരമായി എനിക്ക് യോജിക്കാൻ കഴിയില്ല. ഇത് സമൂഹത്തിൽ ഉണ്ടാക്കുന്ന സ്വാധീനം ഒരുപക്ഷേ വളരെ മോശമായിരിക്കും.
വിളിച്ചു വരുത്തിയ ഒരു അതിഥിയെ മാനിക്കാതെ ഒച്ച വെക്കുകയല്ലല്ലോ ഒരു ചർച്ച നിയന്ത്രിക്കുന്ന ആൾ ചെയ്യേണ്ടത്. ഒരു നല്ല കേൾവിക്കാരൻ/കേൾവിക്കാരി ആവണം ഓരോ മാധ്യമ പ്രവർത്തകരും. മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ കേട്ടാൽ മാത്രമേ നമ്മിൽ സ്വന്തമായി ഒരു കാഴ്ചപ്പാട് രൂപപ്പെടൂ. മറ്റുള്ളവരെ കേൾക്കാനും ബഹുമാനിക്കാനും സന്നദ്ധതയുള്ള ഒരാൾക്ക് മാത്രമേ ഒരു ചർച്ച ഫലപ്രദമായി നയിക്കാൻ സാധിക്കൂ. എല്ലാവരും ഒരുമിച്ചു ഒച്ചവെച്ചാൽ പ്രേക്ഷകർക്ക് എന്ത് മനസ്സിലാകും?
ചില മാധ്യമ പ്രവർത്തകരുടെ നിക്ഷിപ്ത താൽപര്യങ്ങളാണ് ഈ മേഖലയ്ക്കെതിരെ ഇത്രയും വിമർശനങ്ങൾ ഉയരാൻ കാരണം. മാധ്യമ വിചാരണയും സ്വന്തം അജണ്ട നടപ്പിലാക്കാൻ എന്തും ചെയ്യാൻ തയാറായ ചില മാധ്യമ പ്രവർത്തകരുമാണ് എല്ലാവരുടെയും പേര് ചീത്തയാക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ദൂരദർശൻ എപ്പോഴും ഒരു നിഷ്പക്ഷ ശൈലിയാണ് പിന്തുടർന്നിട്ടുള്ളത്. അവതരണത്തിലും അങ്ങനെ തന്നെ ആയിരിക്കണമെന്നാണ് ഞങ്ങളെ പഠിപ്പിച്ചത്. മനുഷ്യന്റെ വൈകാരികതയെ  എങ്ങനെ ഉപയോഗിക്കാം എന്നതിൽ ഇപ്പോൾ മാധ്യമങ്ങൾ മത്സരത്തിലാണ്. ഒരു അപകടമായാലും അരിക്കൊമ്പൻ വിഷയമായാലും അതെല്ലാം മാധ്യമങ്ങളുടെ വൈകാരിക ചൂഷണത്തിന്റെ ഭാഗമാകുന്നുണ്ട്. 
ആദ്യത്തെ വായന ടെൻഷൻ ഒന്നുമില്ലാതെ ചെയ്തു എന്ന് അന്നത്തെ ന്യൂസ് പ്രൊഡ്യൂസർ ചാമിയാർ സാർ പറഞ്ഞിട്ടുണ്ട്. പക്ഷേ എന്താണ് വായിച്ചത് എന്നൊന്നും ഓർമയില്ല. അവസാനത്തെ ന്യൂസ് ബുള്ളറ്റിൻ ഒരു സമ്മിശ്ര വികാരത്തോടെയായിരുന്നു വായിച്ചത്. ന്യൂസ് റീഡർ ആയി തുടങ്ങിയതുകൊണ്ട്, 2013 മുതൽ എഡിറ്റർ കൂടി ആയി. രാഷ്ട്രീയം, സ്വകാര്യ മാനേജ്മെന്റുകൾ എന്നിവയുടെ സ്വാധീനം വാർത്തകളിൽ കടന്നുവന്നിട്ടുണ്ട്. മിക്ക ചാനലുകളും ഇപ്പോൾ ഒരു വശം മാത്രമാണ് കാണുന്നത്, റിപ്പോർട്ട് ചെയ്യുന്നത്. പൊളിറ്റിക്കൽ അജണ്ടയാണ് എല്ലാവരേയും നയിക്കുന്നത്. 
അതു തന്നെയാണ് പെയ്ഡ് ന്യൂസ് കാലം ഉണ്ടാകാനും കാരണം. ജനങ്ങൾക്ക് അറിയേണ്ടത് ഒരു വശം മാത്രമല്ലെന്ന് മാധ്യമ പ്രവർത്തകർ മനസ്സിലാക്കണം -ഹേമലത അഭിമുഖത്തിൽ വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചു. ഡിഡി ന്യൂസ് റീഡർ നാല് ദശകങ്ങൾക്കിപ്പുറം പടിയിറങ്ങിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ആഘോഷമായിരുന്നു. 
പലരും ഷെയർ ചെയ്തതാണ് ഇതു സംബന്ധിപ്പിച്ച ക്ലിപ്പിംഗ്, ഒരു കണക്ക് തീർക്കൽ പോലെ. നമ്മുടെ കാരണഭൂതൻ കേരള ടൂറിനിറിങ്ങിയ വേളയിൽ ഉമ്മൻ ചാണ്ടി സാറിന്റെ ജനസമ്പർക്കം പലരും ഓർത്തെടുത്തത് പോലെ. 
*** *** ***
സന്തോഷ് പണ്ഡിറ്റിനെ ഓർമയില്ലേ. ഭീകരമായ ചില പ്രവചനങ്ങൾ നടത്തിക്കളയും പുള്ളി. ഇപ്പോൾ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഇത് 2023 -ഞാൻ പറയുന്നു, നിങ്ങൾ കുറിച്ചു വെച്ചോളൂ. അഞ്ചു വർഷം കഴിയുമ്പോഴേക്ക് സിനിമാശാലകൾ ഉണ്ടാവില്ല. ആളുകൾക്ക് സിനിമ കാണണമെങ്കിൽ വേറെ ഉപാധികളുണ്ടാവും. ഒടിടി പോലെ പല പ്ലാറ്റുഫോമുകൾ. കപ്പലുകളെ പോലെയുള്ള  വലിയ തിയേറ്ററുകളുടെ കാലം കഴിഞ്ഞു. 70 ലും 80 ലും അതൊക്കെ വേണമായിരുന്നു. അക്കാലത്ത് മനുഷ്യർക്ക് വേറെ വിനോദ ഉപോധികളില്ലായിരുന്നു. ഇത് വായിച്ച ദിവസം രാത്രി 9 നുള്ള സെക്കന്റ് ഷോ കോട്ടയം ആനന്ദ് തിയേറ്ററിൽ കാണാൻ ചെന്നപ്പോൾ പ്ലാറ്റിനം ക്ലാസിൽ രണ്ടു സീറ്റ് മാത്രം ഒഴിവ്. മോഹൻലാലിന്റെ തിരിച്ചുവരവ് ആഘോഷിക്കുന്ന സിനിമയായ നേരാണ് പ്രദർശിപ്പിക്കുന്നത്. തൊട്ടടുത്ത അഭിലാഷിലും മറ്റു സ്‌ക്രീനുകളിലും ഇതേ സിനിമയുണ്ട്. പക്ഷേ, എല്ലായിടത്തും ടിക്കറ്റെല്ലാം സോൾഡ് ഔട്ട്. ആനന്ദ് തിയേറ്റർ പണ്ഡിറ്റ് പറഞ്ഞത് പോലെ കപ്പൽ പോലത്തെ പ്രദർശനശാലയാണ്. പെട്ടെന്നൊന്നും നിറയില്ല. എന്നിട്ടും ഫാമിലി ഓഡിയൻസോടെ സെക്കന്റ് ഷോ ഹൗസ് ഫുള്ളിൽ. അതും റിലീസ് ചെയ്തിട്ട് കുറച്ചു ദിവസങ്ങളായ പടം. മുഴുനീള കോർട്ട് ഡ്രാമയാണ്. എന്നിട്ടും ബോറടിക്കാതെ പ്രേക്ഷകരെ പിടിച്ചു നിർത്തി. ഇടവേളയിൽ കോഫി കപ്പുമായി ഹാളിലേക്ക് തിരിച്ചോടുന്ന ഓഡിയൻസ്. പണ്ടൊക്കെ ഏറ്റവും ബോർ സിനിമ കോടതിയും കോളേജുമായി ബന്ധപ്പെട്ടതായിരുന്നു. 
യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്തത്. ഗൗണും കറുത്ത കോട്ടുമിട്ടും താരങ്ങൾ നെടുനെടുങ്കൻ പ്രസംഗ മത്സരം നടത്തും, ന്യായാധിപൻ യുവജനോത്സവ ജഡ്ജിയെ പോലെ മിണ്ടാതിരിക്കും.  നല്ല തീമുണ്ടെങ്കിൽ സിനിമ കാലമെത്ര ചെന്നാലും വിജയിക്കുമെന്നതിന് തെളിവാണ് ഈ സിനിമ. പ്രത്യേകം എടുത്തു പറയേണ്ടത് അനശ്വര രാജന്റെ പ്രകടനമാണ്. ബാലതാരമായെത്തിയ അനശ്വര  അന്ധ യുവതിയുടെ റോൾ അനായാസേന കൈകാര്യം ചെയ്തിരിക്കുന്നു. ഒന്നോ, രണ്ടോ സിനിമകളിൽ വന്ന് മിന്നിമായുന്ന നടികളുടെ ഇക്കാലത്ത് അനശ്വരയുടെ നേട്ടത്തിന് തിളക്കമേറെയാണ്.
 

Latest News