മലയാളം അധ്യാപികയായാണ് പ്രവാസ ലോകത്തെത്തിയതെങ്കിലും ബാല്യം മുതൽ മനസ്സിലുറങ്ങിക്കിടന്ന നൃത്തച്ചുവടുകളെ ഉപേക്ഷിക്കാൻ കഴിയാതെ വന്നതോടെയാണ് പ്രിയ മനോജ് വീണ്ടും ചിലങ്കയണിഞ്ഞു തുടങ്ങിയത്.
അബുദാബിയിലെ മോഡൽ സ്‌കൂളിൽ പതിനാറുവർഷം അധ്യാപകവൃത്തി നിർവഹിച്ച ഈ കലാകാരി ഇന്ന് അബുദാബിയിലെ ഭരതാഞ്ജലി നൃത്തവിദ്യാലയത്തിന്റെ അമരക്കാരിയാണ്. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഗവേഷണവും നൃത്ത പരിശീലനവുമെല്ലാമായി പ്രവാസ ലോകത്തെ അറിയപ്പെടുന്ന നർത്തകിയായി മാറിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാളുകാരിയായ ഈ കലാകാരി.
മലയാളികൾ മാത്രമല്ല, നോർത്ത് ഇന്ത്യക്കാരും തമിഴരും മറ്റു രാജ്യങ്ങളിലുള്ളവരും പ്രത്യേകിച്ച്, യൂറോപ്യൻ രാജ്യക്കാരും പ്രിയയുടെ ശിഷ്യകളായി ഇവിടെ നൃത്തപഠനം നടത്തുന്നുണ്ട്. സിലബസനുസരിച്ച് ചിട്ടയായ പരിശീലനമാണ് അവർ ശിഷ്യർക്ക് നൽകുന്നത്. കാലാതീതമായ കലയിൽ തന്റേതായ ഒരു ഇടം കണ്ടെത്തുക എന്ന ലക്ഷ്യവുമായി കലയെ ഉപാസിച്ചു കഴിയുകയാണവർ.
എടപ്പാളിനടുത്ത അതളൂരിൽ കെ.യു. ഗംഗാധരന്റെയും പ്രേമലതയുടെയും മകളായ പ്രിയ കുട്ടിക്കാലംതൊട്ടേ കലാതൽപരയായിരുന്നു. നാട്ടിലെ ഉത്സവങ്ങൾക്കും കലാപരിപാടികൾക്കുമെല്ലാം അച്ഛന്റെ കൈ പിടിച്ച് നടന്ന കുട്ടിക്കാലം ഇന്നും പ്രിയയുടെ മനസ്സിലുണ്ട്. നാടൻ കലാരൂപങ്ങളും ആദിവാസി നൃത്തരൂപങ്ങളും അനുഷ്ഠാന കലകളുമെല്ലാം കുട്ടിക്കാലംതൊട്ടേ മനസ്സിൽ നൃത്തം ചവിട്ടിയിരുന്നു.
നൃത്തവും കഥകളിയും നാടകവും തുള്ളലുമെല്ലാം കണ്ടുനടന്ന നാളുകൾ. വീടിനടുത്ത സ്‌കൂൾ മൈതാനത്തായിരുന്നു കലാപ്രകടനങ്ങൾ പലതും അരങ്ങേറിയിരുന്നത്. കലാകാരന്മാർ പലരും താമസിച്ചത് ഞങ്ങളുടെ വീട്ടിലും. അതുകൊണ്ടു തന്നെ കലാകാരന്മാരോട് അന്നേ കടുത്ത ആദരവായിരുന്നു. അച്ഛനും അറിയപ്പെടുന്ന നാടക നടനായിരുന്നു. ഇതിനാലെല്ലാമായിരിക്കാം എന്നിലും കലാവാസന പിച്ചെവച്ചു തുടങ്ങിയത്.
ആറാം വയസ്സിൽ നൃത്താധ്യാപകൻ സുരേന്ദ്ര നാഥിന്റെ ശിഷ്യയായാണ് നൃത്തപഠനം തുടങ്ങിയത്. പിന്നീട് കലാമണ്ഡലം ശ്രീദേവി ഗോപിനാഥിന്റെ കീഴിലും നൃത്തം അഭ്യസിച്ചു. സ്‌കൂൾ കലോത്സവ വേദികളിൽ കലാതിലകമായും കോളേജ് പഠനകാലത്ത് ഇന്റർസോൺ മത്സരങ്ങളിൽ ഒന്നാമതെത്തിയും നൃത്തലോകത്ത് വിഹരിക്കുകയായിരുന്നു. നൃത്തമാണ് തന്റെ കർമ മണ്ഡലമെന്ന് അന്നേ മനസ്സിലുറപ്പിച്ചിരുന്നു.
നൃത്തപഠനം ഒരിക്കലും അവസാനിക്കില്ലെന്ന തിരിച്ചറിവാണ് പ്രിയയെ കൂടുതൽ പഠനത്തിനായി മറ്റു ഗുരുക്കന്മാരുടെ മുന്നിലെത്തിച്ചത്. ഭരതനാട്യത്തിൽ കലാക്ഷേത്ര ഹരിപദ്മനായിരുന്നു ഗുരു. മോഹിനിയാട്ടത്തിലാകട്ടെ, കലാമണ്ഡലം ക്ഷേമാവതിയും സുഗന്ധിയും ഗണേശനുമെല്ലാം ഗുരുക്കന്മാരായി.
ഭരതനാട്യത്തിന്റെ പാഠഭേദങ്ങൾ അഭ്യസിക്കുന്നതും പല ഗുരുക്കന്മാരിൽനിന്നാണ്. നട്ടുവന കെ.എസ്. ബാലകൃഷ്ണയിൽനിന്നാണ് നട്ടുവാംഗം പരിശീലിക്കുന്നത്.
മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അകമഴിഞ്ഞ പിന്തുണയാണ് കലാരംഗത്ത് നിലയുറപ്പിക്കാൻ അവസരമൊരുക്കിയത്. കലയോടുള്ള അടങ്ങാത്ത പ്രണയത്തിന് അച്ഛനുമമ്മയും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം കൂടെ നിന്നു. ഭർത്താവ് മനോജും മകൻ മഹേഷും നൃത്തപഠനത്തിനും ക്ലാസുകൾക്കുമെല്ലാം തികഞ്ഞ പ്രോത്സാഹനമാണ് നൽകുന്നത്.
തികച്ചും അവിചാരിതമായാണ് നൃത്താധ്യാപന ലോകത്തെത്തിയതെന്ന് പ്രിയ പറയുന്നു. വിവാഹ ശേഷം അബുദാബിയിലെത്തിയ പ്രിയ മലയാളം അധ്യാപികയായാണ് ജോലി നോക്കിയത്. ഒരിക്കൽ മലയാളി സമാജത്തിന്റെ വാർഷിക പരിപാടിയിൽ തിരുവാതിരക്കളി പഠിപ്പിക്കാനുള്ള നിയോഗമുണ്ടായി. അതാണ് വഴിത്തിരിവായത്.
പ്രൊഫഷണലായി നൃത്തത്തെ അന്നുവരെ കണ്ടിരുന്നില്ല. മലയാളി സമാജത്തിന്റെ പ്രേരണയിലാണ് കുട്ടികളെ നൃത്തം പരിശീലിപ്പിച്ചു തുടങ്ങിയത്. തുടർന്നാണ് ഒരു നൃത്ത വിദ്യാലയമെന്ന ആശയം മനസ്സിലുദിച്ചത്. കേരള സോഷ്യൽ സെന്ററിന്റെ സഹായത്തോടെയാണ് ഭരതാഞ്ജലി എന്ന നൃത്ത വിദ്യാലയത്തിന് തുടക്കം കുറിച്ചത്. പതിനാറു വർഷത്തെ അധ്യാപന പരിചയം നൃത്ത പഠനത്തിലും തുണയായി. പഠനക്രമം രൂപപ്പെടുത്താനും മൂല്യനിർണയത്തിനുമെല്ലാം അത് സഹായിച്ചു.
നൃത്ത പഠനത്തിലൂടെ വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികാസവും പ്രിയ ലക്ഷ്യമിടുന്നുണ്ട്. നൃത്തപഠനം കുട്ടികളെ മാനസികവും ശാരീരികവും വൈകാരികവുമായ വികാസത്തിലേയ്ക്ക് നയിക്കുന്നുവെന്ന് അവർ കണ്ടെത്തി. മനുഷ്യ മനസ്സിന്റെ വാതായനങ്ങൾ പരസ്പര സ്‌നേഹത്തിലേയ്ക്കു തുറന്നുവിടാൻ കലയ്ക്കു കഴിയുമെന്നും അവർ മനസ്സിലാക്കിയിരുന്നു.
താളം, അഭിനയം എന്നിവയ്ക്കായി പ്രത്യേക വർക്ക് ഷോപ്പുകളും അവർ സംഘടിപ്പിക്കാറുണ്ട്. ഇതിനായി നാട്ടിൽ നിന്നും കലാപ്രതിഭകളെ കൊണ്ടുവരാനും അവർക്ക് മടിയില്ല.
രണ്ടു വർഷത്തിലൊരിക്കൽ പ്രയുക്തി എന്ന പേരിൽ വാർഷിക പരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്. ഇതിനായി പ്രശസ്ത നർത്തകരും ഇവിടെയെത്തുന്നു. നൃത്തപഠനത്തിൽ പുതുമകൾക്ക് പ്രാധാന്യം നൽകുന്ന ഈ ഗുരുശ്രേഷ്ഠ അത് ശിഷ്യർക്ക് പകർന്നു നൽകുകയും ചെയ്യുന്നു. ആറു വർഷത്തെ പരിശീലനത്തിനൊടുവിലാണ് അരങ്ങേറ്റം നടത്തുന്നത്.പ്രിയയോടൊപ്പം കലാക്ഷേത്രയിലെ ഗുരുക്കന്മാരും ഭരതാഞ്ജലിയിലെത്താറുണ്ട്. കലാക്ഷേത്രയിലെ ആര്യ സുനിൽ, കാർത്തിക നാരായണൻ, ശ്വേത തുടങ്ങിയ പ്രഗത്ഭരും ഭരതനാട്യം അഭ്യസിപ്പിക്കാൻ ഇവിടെയെത്തുന്നു. മോഹിനിയാട്ടം അഭ്യസിപ്പിക്കുന്നത് പ്രിയ തന്നെയാണ്. വാദ്യസംഘത്തിൽ പോലും വർഷങ്ങളുടെ പരിചയമുള്ളവരാണ് ഇവിടെയെത്തുന്നത്. തന്റെ ശിഷ്യകൾക്ക് പ്രഗത്ഭരിൽനിന്നു തന്നെ വിദഗ്ധ പരിശീലനം ലഭിക്കണമെന്ന നിർബന്ധമാണ് പ്രിയയെ ഇതിനു പ്രേരിപ്പിക്കുന്നത്.
കൊറോണക്കാലത്ത് ഒന്നര വർഷത്തോളം നൃത്തവിദ്യാലയം അടച്ചിടേണ്ടി വന്നുവെന്ന് പ്രിയ പറയുന്നു. ഓൺലൈൻ പഠനമായിരുന്നു ഏക പോംവഴി.
ഓൺലൈൻ നൃത്ത പഠനത്തെക്കുറിച്ച് ചിന്തിക്കാതിരുന്ന കാലത്താണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കമിട്ടത്. അതുകൊണ്ടു തന്നെ കുട്ടികളുടെ പഠനത്തിന് തടസ്സമുണ്ടായില്ല. നാട്യമണ്ഡപം എന്നൊരു യൂട്യൂബ് ചാനൽ തുടങ്ങിയതും ഇക്കാലത്തായിരുന്നു. വിദ്യാർഥികൾക്ക് കോറിയോഗ്രഫി ചെയ്യാനും ചാനലിലൂടെ അവസരം നൽകി. നൃത്തവുമായി അവരെ ചേർത്തുനിർത്താനായിരുന്നു ഈ ഉദ്യമം. ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചും വർക്ക് ഷോപ്പുകൾ നടത്തിയും വിദ്യാർഥികൾക്ക് നിരന്തരം പ്രോത്സാഹനം നൽകാൻ ചാനലിലൂടെ കഴിഞ്ഞു.
സ്വന്തമായ കോറിയോഗ്രഫിയിലൂടെ നിരവധി നൃത്തശിൽപങ്ങൾക്കും രൂപം നൽകാൻ പ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് നൽകിയ ആദരവും ഇക്കൂട്ടത്തിലുണ്ട്.
ഹൃദയപുഷ്പാഞ്ജലി എന്നു പേരിട്ട ഈ നൃത്ത ശിൽപത്തിലൂടെ കോവിഡ് പ്രതിരോധത്തിനു മുന്നിൽ നിന്ന് പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും ഭരണാധികാരികൾക്കും സ്വയം നിയന്ത്രണത്തിലൂടെ ഈ വിപത്തിനെ അകറ്റിനിർത്തിയ മുഴുവൻ ജനങ്ങൾക്കും നൃത്തത്തിന്റെ ഭാഷയിൽ നന്ദി പറയുകയായിരുന്നു ഈ കലാകാരി. ആറു മിനിറ്റ് ദൈർഘ്യമുള്ള ഈ നൃത്ത ശിൽപത്തിന്റെ ആശയവും അവതരണവുമെല്ലാം പ്രിയ തന്നെയായിരുന്നു. എല്ലാവരും അവരവരുടെ മുറിക്കുള്ളിൽ ഒതുങ്ങിക്കഴിയേണ്ടത് അനിവാര്യതയാണെങ്കിലും അതൊരിക്കലും സർഗശേഷിക്ക് പൂട്ടിട്ടുകൊണ്ടാകരുത്.
ഈ അവസ്ഥയിലും ആത്മപ്രകാശനത്തിന് വഴികൾ തുറക്കുന്നതാക്കി മാറ്റണമെന്നായിരുന്നു അവരുടെ കണ്ടെത്തൽ.
കുട്ടിക്കാലത്ത് കേട്ട പല പുരാണ കഥകൾക്കും നൃത്താവിഷ്‌കാരം നൽകാനുള്ള ശ്രമമായിരുന്നു പിന്നീട് കണ്ടത്. ശ്രീകൃഷ്ണന്റെ ഒൻപത് ഭാവങ്ങളിലൂടെ കടന്നുപോകുന്ന നവരസമായൻ എന്ന് നാമകരണം ചെയ്ത നൃത്ത ശിൽപത്തിനു പുറമെ രാമായണത്തെ ആസ്പദമാക്കിയൊരുക്കിയ രാമസംയതി, കുമാര സംഭവത്തിലെ കാർത്തികേയ കഥ പറയുന്ന ഷൺമുഖോദയം എന്നിവയും ചിട്ടപ്പെടുത്തി. ഭരതനാട്യത്തിലാണ് ഇവയെല്ലാം ഒരുക്കിയത്. മോഹിനിയാട്ടവും ഭരതനാട്യവും ഇഴ ചേർത്ത് കൃഷ്ണനും ദ്രൗപതിയുമായുള്ള സൗഹൃദ സംഭാഷണത്തെ ആസ്പദമാക്കിയൊരുക്കിയ കൃഷ്ണ, ഗോപികാസമേതനായ കൃഷ്ണനെ അവതരിപ്പിച്ച കൃഷ്ണപഞ്ചകം, നാരായണീയം എന്നിവയും ചിട്ടപ്പെടുത്തി. മേൽപത്തൂരിന്റെ നാരായണീയത്തിന് മോഹിനിയാട്ടത്തിലൂടെ നൃത്തഭാഷ്യം ചമച്ചപ്പോൾ പ്രേക്ഷകർക്ക് മറക്കാനാകാത്ത ദൃശ്യവിരുന്നായി മാറുകയായിരുന്നു. നാരായണീയത്തിലെ അൻപത്താറാം ദശകത്തിലെ രുചിരകമ്പിത..
എന്നാരംഭിക്കുന്ന കാളിയദർപ്പശമനത്തിനാണ് രംഗഭാഷ്യമൊരുക്കിയത്. ഭക്തിയുടെ പരകോടിയിലേയ്ക്ക് ആനയിക്കുന്നതിനൊപ്പം തന്നെ ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന വേദനകളിൽനിന്നും മോചനം ലഭിക്കാനുള്ള മാർഗം ഉപദേശിക്കുകയും ചെയ്യുകയായിരുന്നു ഈ നൃത്ത ശിൽപത്തിലൂടെ അവർ ലക്ഷ്യമാക്കിയത്.
കാലോചിതമായ മാറ്റങ്ങളോടെ നൃത്തം സ്വയം ചിട്ടപ്പെടുത്തുന്നതിലാണ് പ്രിയയ്ക്ക് കൂടുതൽ താൽപര്യം. സമഗ്ര വികസനം നൃത്തത്തിലൂടെ എന്ന ആശയം മുൻനിർത്തി ഗവേഷണാത്മകമായ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയുള്ള സഞ്ചാരമാണ് അവർ നടത്തുന്നത്.
ഈ സഞ്ചാരത്തിനിടയിൽ നിരവധി അംഗീകാരങ്ങളും അവരെ തേടിയെത്തുന്നു. അബ്ദുൽ കലാം സ്മൃതി പുരസ്‌കാരം, നൃത്തചൂഡാമണി പുരസ്‌കാരം തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്. നൃത്തലോകത്തെ സമർപ്പിത തേജസ്സിനുള്ള 2023 ലെ വുമൺ ഓഫ് സബ്‌സ്റ്റാൻസ് അവാർഡിനും ഈയിടെ അവർ അർഹയായി. കൂടാതെ അബുദാബിയിലെ വിവിധ കലാസാംസ്‌കാരിക സംഘടനകളുടെ അംഗീകാരത്തിനും അവർ അർഹയായിട്ടുണ്ട്.
അബുദാബിയിലും മുസഫയിലുമായി രണ്ട് നൃത്ത വിദ്യാലയങ്ങൾ നടത്തുന്ന പ്രിയ പഞ്ചാബിലെ ചണ്ഡീഗഢ് യൂനിവേഴ്‌സിറ്റിയിൽനിന്നും വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകാനുള്ള പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്. നർത്തകി എന്ന നിലയിൽ പുതുമകൾ തേടിയുള്ള സഞ്ചാരത്തിൽ ഇനിയും നൃത്തശിൽപങ്ങൾ ഒരുക്കാനും സമയം കണ്ടെത്തുന്നു. മാത്രമല്ല, തന്റെ പാഷനും പ്രൊഫഷനും ഒന്നായതിലൂടെയും അതിലൂടെ വരുമാന മാർഗം കണ്ടെത്താൻ കഴിയുന്നതിലും ഏറെ സന്തോഷവതിയാണ് ഈ കലാകാരി.