റിയോഡിജനീറൊ - വൃദ്ധനായ കുറുക്കനെന്നാണ് ബ്രസീലിന്റെ ലോകകപ്പ് ഹീറോ റൊമാരിയൊ എന്നും ഫുട്‌ബോള്‍ ഇതിഹാസം മാരിയൊ സഗാലോയെ വിളിച്ചിരുന്നത്. 1998 ലെ ലോകകപ്പില്‍ നിന്ന് തന്നെ സഗാലൊ മാറ്റിനിര്‍ത്തിയത് റൊമാരിയോക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. ആ ലോകകപ്പില്‍ ബ്രസീല്‍ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. പരിക്കു കാരണമാണ് റൊമാരിയോയെ മാറ്റിനിര്‍ത്തിയത്. ബ്രസീല്‍ ഫുട്‌ബോളില്‍ പെലെയോളം പ്രാധാന്യമുള്ള വ്യക്തിയാണ് സഗാലോയെന്ന് റൊമാരിയൊ അനുസ്മരിച്ചു. ഇപ്പോള്‍ സെനറ്ററാണ് റൊമാരിയൊ.
1994, 1998, 2006 ലോകകപ്പുകളില്‍ സഗാലോ കോച്ചായ ലോകകപ്പുകളില്‍ ബ്രസീലിന് കളിച്ച കളിക്കാരനാണ് കഫു. കോച്ച് മാത്രമായിരുന്നില്ല പിതാവും സുഹൃത്തുമൊക്കെയായിരുന്നു സഗാലൊ എന്നും ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ടായിരുന്നുവെന്നും കഫു പറയുന്നു.
രസകരമായ ഒരുപാട് തമാശക്കഥകളുണ്ട് അന്തരിച്ച ബ്രസിലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം മാരിയൊ സഗാലോയുമായി ബന്ധപ്പെട്ട്. എല്ലാവര്‍ക്കും പതിമൂന്നാം നമ്പര്‍ അശുഭലക്ഷണമാണെങ്കില്‍ പതിമൂന്നിനെ അദ്ദേഹം അങ്ങേയറ്റം പ്രണയിച്ചു. എന്നെ സഹിച്ചേ പറ്റൂ എന്ന വാചകം എപ്പോഴും അവര്‍ത്തിക്കുമായിരുന്നു അദ്ദേഹം.
പതിമൂന്നിനെ സ്‌നേഹിക്കാന്‍ കാരണം അദ്ദേഹത്തിന്റെ ജനനം 1931 ലായിരുന്നു, അതിലെ രണ്ടക്കങ്ങള്‍ ആ ജഴ്‌സി നമ്പറിലുണ്ട് എന്നതാണ്. തന്റെ വിജയങ്ങളില്‍ പതിമൂന്നുമായി ബന്ധപ്പെട്ട ഏത് സംഭവവും അദ്ദേഹം ഉയര്‍ത്തിക്കാട്ടുമായിരുന്നു.






