റിയോഡിജനീറൊ - രസകരമായ ഒരുപാട് തമാശക്കഥകളുണ്ട് അന്തരിച്ച ബ്രസിലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം മാരിയൊ സഗാലോയുമായി ബന്ധപ്പെട്ട്. എല്ലാവര്‍ക്കും പതിമൂന്നാം നമ്പര്‍ അശുഭലക്ഷണമാണെങ്കില്‍ പതിമൂന്നിനെ അദ്ദേഹം അങ്ങേയറ്റം പ്രണയിച്ചു. എന്നെ സഹിച്ചേ പറ്റൂ എന്ന വാചകം എപ്പോഴും അവര്‍ത്തിക്കുമായിരുന്നു അദ്ദേഹം.
പതിമൂന്നിനെ സ്‌നേഹിക്കാന്‍ കാരണം അദ്ദേഹത്തിന്റെ ജനനം 1931 ലായിരുന്നു, അതിലെ രണ്ടക്കങ്ങള്‍ ആ ജഴ്‌സി നമ്പറിലുണ്ട് എന്നതാണ്. തന്റെ വിജയങ്ങളില്‍ പതിമൂന്നുമായി ബന്ധപ്പെട്ട ഏത് സംഭവവും അദ്ദേഹം ഉയര്‍ത്തിക്കാട്ടുമായിരുന്ന.
ബ്രസീലിയന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏതാണ്ടെല്ലാ വിജയങ്ങളുമായും സഗാലോക്ക് ബന്ധമുണ്ട്. 1958 ലെ ആദ്യ കിരീടവിജയത്തില്‍ അദ്ദേഹം പെലെക്കൊപ്പം ടീമിലുണ്ടായിരുന്നു. 2014 ല്‍ അവസാനമായി ബ്രസീല്‍ ലോകകപ്പ് നടത്തിയപ്പോഴും അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു. മുന്‍ ബ്രസീല്‍ കോച്ച് ടിറ്റെ 2018 ലും 2022 ലും ലോകകപ്പിന് പുറപ്പെടും മുമ്പ് സഗാലോയുടെ ഉപദേശം തേടിയിരുന്നു.
ശവസംസ്‌കാരച്ചടങ്ങ് ഞായറാഴ്ച ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആസ്ഥാനത്ത് നടക്കുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡൊ റോഡ്രിഗസ് അറിയിച്ചു. കായികലോകത്തെ തന്നെ ഇതിഹാസങ്ങളിലൊന്നാണ് മറഞ്ഞുപോയതെന്ന് എഡ്‌നാള്‍ഡൊ പറഞ്ഞു. ബ്രസീലില്‍ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ലോക ഫുട്‌ബോളിലെ അത്യപൂര്‍വ ജനുസ്സാണ് 92ാം വയസ്സില്‍ അന്തരിച്ച മാരിയൊ സഗാലൊ. ഫുട്‌ബോള്‍ പ്രതിഭകളുടെ അക്ഷയഖനിയായ ബ്രസീലില്‍ പോലും സഗാലോയെ പോലൊരു പ്രതിഭയലില്ല. നാലു തവണ ലോകകപ്പ് നേടിയ ഒരേയൊരു വ്യക്തിയാണ് സഗാലൊ -കളിക്കാരനായും കോച്ചായും അസിസ്റ്റന്റ് കോച്ചായുമൊക്കെ. എഴുപതുകളിലെ ഏറ്റവും മികച്ച ബ്രസീല്‍ നിരയില്‍ അംഗമായിരുന്നു അദ്ദേഹം, പെലെയുടെ കൂട്ടുകാരനും സഹതാരവും മനഃസാക്ഷി സൂക്ഷിപ്പുകാരനും.
കളിക്കാരനായും കോച്ചായും ലോകകപ്പ് നേടിയ ആദ്യ വ്യക്തിയാണ് സഗാലൊ. ദേശാഭിമാനത്തിന്റെയും ധീരതയുടെയും അഭിമാനത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം. 1958 ല്‍ ലോകകപ്പ് നേടിയ ടീമിലെ അവസാനത്തെ ആളാണ് സഗാലോയിലൂടെ പൊലിഞ്ഞുപോയത്.
റിയോഡിജനീറോയിലെ ബാരാ ഡി ഓര്‍ ആശുപത്രിയില്‍ വാര്‍ധക്യജനകമായ അസ്വസ്ഥതകളെത്തുടര്‍ന്നായിരുന്നു സഗാലോയുടെ അന്ത്യം. ക്രിസ്മസ് ആഘോഷത്തിനു ശേഷമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.






