സഗാലോയുടെ സംസ്‌കാരച്ചടങ്ങ് ഫെഡറേഷന്‍ ആസ്ഥാനത്ത്

റിയോഡിജനീറൊ - ബ്രസിലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം മാരിയൊ സഗാരോയുടെ ശവസംസ്‌കാരച്ചടങ്ങ് ഞായറാഴ്ച ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആസ്ഥാനത്ത് നടക്കുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡൊ റോഡ്രിഗസ് അറിയിച്ചു. കായികലോകത്തെ തന്നെ ഇതിഹാസങ്ങളിലൊന്നാണ് മറഞ്ഞുപോയതെന്ന് എഡ്‌നാള്‍ഡൊ പറഞ്ഞു. ബ്രസീലില്‍ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 
ലോക ഫുട്‌ബോളിലെ അത്യപൂര്‍വ ജനുസ്സാണ് 92ാം വയസ്സില്‍ അന്തരിച്ച മാരിയൊ സഗാലൊ. ഫുട്‌ബോള്‍ പ്രതിഭകളുടെ അക്ഷയഖനിയായ ബ്രസീലില്‍ പോലും സഗാലോയെ പോലൊരു പ്രതിഭയലില്ല. നാലു തവണ ലോകകപ്പ് നേടിയ ഒരേയൊരു വ്യക്തിയാണ് സഗാലൊ -കളിക്കാരനായും കോച്ചായും അസിസ്റ്റന്റ് കോച്ചായുമൊക്കെ. എഴുപതുകളിലെ ഏറ്റവും മികച്ച ബ്രസീല്‍ നിരയില്‍ അംഗമായിരുന്നു അദ്ദേഹം, പെലെയുടെ കൂട്ടുകാരനും സഹതാരവും മനഃസാക്ഷി സൂക്ഷിപ്പുകാരനും. 
കളിക്കാരനായും കോച്ചായും ലോകകപ്പ് നേടിയ ആദ്യ വ്യക്തിയാണ് സഗാലൊ. ദേശാഭിമാനത്തിന്റെയും ധീരതയുടെയും അഭിമാനത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം. 1958 ല്‍ ലോകകപ്പ് നേടിയ ടീമിലെ അവസാനത്തെ ആളാണ് സഗാലോയിലൂടെ പൊലിഞ്ഞുപോയത്. 
റിയോഡിജനീറോയിലെ ബാരാ ഡി ഓര്‍ ആശുപത്രിയില്‍ വാര്‍ധക്യജനകമായ അസ്വസ്ഥതകളെത്തുടര്‍ന്നായിരുന്നു സഗാലോയുടെ അന്ത്യം. ക്രിസ്മസ് ആഘോഷത്തിനു ശേഷമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 

Latest News