റിയോഡിജനീറൊ - ലോക ഫുട്‌ബോളിലെ അത്യപൂര്‍വ ജനുസ്സാണ് 92ാം വയസ്സില്‍ അന്തരിച്ച മാരിയൊ സഗാലൊ. ഫുട്‌ബോള്‍ പ്രതിഭകളുടെ അക്ഷയഖനിയായ ബ്രസീലില്‍ പോലും സഗാലോയെ പോലൊരു പ്രതിഭയലില്ല. നാലു തവണ ലോകകപ്പ് നേടിയ ഒരേയൊരു വ്യക്തിയാണ് സഗാലൊ -കളിക്കാരനായും കോച്ചായും അസിസ്റ്റന്റ് കോച്ചായുമൊക്കെ. എഴുപതുകളിലെ ഏറ്റവും മികച്ച ബ്രസീല്‍ നിരയില്‍ അംഗമായിരുന്നു അദ്ദേഹം, പെലെയുടെ കൂട്ടുകാരനും സഹതാരവും മനഃസാക്ഷി സൂക്ഷിപ്പുകാരനും.
കളിക്കാരനായും കോച്ചായും ലോകകപ്പ് നേടിയ ആദ്യ വ്യക്തിയാണ് സഗാലൊ. ദേശാഭിമാനത്തിന്റെയും ധീരതയുടെയും അഭിമാനത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം. 1958 ല്‍ ലോകകപ്പ് നേടിയ ടീമിലെ അവസാനത്തെ ആളാണ് സഗാലോയിലൂടെ പൊലിഞ്ഞുപോയത്.
റിയോഡിജനീറോയിലെ ബാരാ ഡി ഓര്‍ ആശുപത്രിയില്‍ വാര്‍ധക്യജനകമായ അസ്വസ്ഥതകളെത്തുടര്‍ന്നായിരുന്നു സഗാലോയുടെ അന്ത്യം.






