ജിദ്ദ - ഈജിപ്തിൽ മറൈൻ ടൂറിസം
പ്രോത്സാഹിപ്പിക്കാൻ അബുദാബി പോർട്ട്‌സ് ഗ്രൂപ്പും ഈജിപ്തിലെ റെഡ്‌സീ പോർട്ട്‌സ് അതോറിറ്റിയും പതിനഞ്ചു വർഷ കരാർ ഒപ്പുവെച്ചു. ഈജിപ്തിൽ മറൈൻ ടൂറിസം പ്രോത്സാഹിപ്പിക്കാൻ സഹായിക്കും വിധം ശറമുശ്ശൈഖ് ടെർമിനൽ നവീകരിക്കാനും സഫാഗ, ഹുർഗദ, ശറമുശ്ശൈഖ് തുറമുഖങ്ങളിൽ മൂന്നു ക്രൂയിസ് കപ്പൽ ടെർമിനുകൾ പ്രവർത്തിപ്പിക്കാനുമാണ് അബുദാബി പോർട്ട്‌സ് ഗ്രൂപ്പും റെഡ്‌സീ പോർട്ട്‌സ് അതോറിറ്റിയും പ്രാഥമിക കരാർ ഒപ്പുവെച്ചിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതികൾ നേടിയ ശേഷം അന്തിമ കരാർ ഈ വർഷം ആദ്യ പാദത്തിൽ ഒപ്പുവെക്കും.
കയ്‌റോയിൽ ഗതാഗത മന്ത്രാലയ ആസ്ഥാനത്തു വെച്ച് ഗതാഗത മന്ത്രി ജനറൽ എൻജിനീയർ കാമിൽ അൽവസീറിന്റെ സാന്നിധ്യത്തിൽ റെഡ്‌സീ പോർട്ട്‌സ് അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റ് മേജർ ജനറൽ എൻജിനീയർ മുഹമ്മദ് അബ്ദുറഹീമും അബുദാബി പോർട്ട്‌സ് ഗ്രൂപ്പ് റീജനൽ സി.ഇ.ഒ അഹ്മദ് അൽമുതവ്വയുമാണ് കരാറിൽ ഒപ്പുവെച്ചത്.
കരാറിന്റെ ഭാഗമായി പതിനഞ്ചു വർഷത്തിനുള്ളിൽ അബുദാബി പോർട്ട്‌സ് മൂന്നു തുറമുഖങ്ങളിലുമായി 300 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തും. ഇക്കാലത്ത് മൂന്നു തുറമുഖങ്ങളിലും ക്രൂയിസ് കപ്പൽ ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്ന അബുദാബി പോർട്ട്‌സ് ഗ്രൂപ്പ് പുതിയ സേവനങ്ങൾ നൽകുകയും ഈ മേഖലയിലേക്ക് ക്രൂയിസ് കപ്പലുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനികളുടെ വരവ് സുഗമമാക്കുകയും ചെയ്യും.
ചെങ്കടലിൽ ക്രൂയിസ് കപ്പലുകൾക്കായുള്ള തങ്ങളുടെ ടെർമിനൽ ശൃംഖല പ്രയോജനപ്പെടുത്തി പുതിയ റൂട്ടുകളും അബുദാബി പോർട്ട്‌സ് ഗ്രൂപ്പ് നൽകും. ചെങ്കടൽ മേഖലയിൽ അബുദാബി പോർട്ട്‌സ് ഗ്രൂപ്പിന്റെ ക്രൂയിസ് ബിസിനസ് മെച്ചപ്പെടുത്താനും ക്രൂയിസ് കപ്പലുകളോടുള്ള ടൂറിസ്റ്റുകളുടെ സ്വീകാര്യത വർധിപ്പിക്കാനും സഞ്ചാരികളുടെയും ക്രൂയിസ് ഓപറേറ്റർമാരുടെയും അനുഭവം മെച്ചപ്പെടുത്താനും കരാർ സഹായിക്കും.
300 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തി, ചെങ്കടൽ മേഖലയിൽ ടൂറിസം ഊർജിതമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയും യു.എ.ഇയിലെയും ഈജിപ്തിലെയും സഹോദരങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെയും ഈ കരാർ പ്രതിനിധീകരിക്കുന്നതായി അഹ്മദ് അൽമുതവ്വ പറഞ്ഞു. ചെങ്കടലിൽ മറൈൻ ടൂറിസം മേഖല മെച്ചപ്പെടുത്താനും ഈജിപ്തിലെ തുറമുഖങ്ങൾക്ക് ലോകോത്തര സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കാനും അബുദാബി പോർട്ട്‌സ് ഗ്രൂപ്പ് പ്രവർത്തിക്കും.
ഇത് ഈജിപ്ഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് ഗുണം ചെയ്യുമെന്നും അഹ്മദ് അൽമുതവ്വ പറഞ്ഞു. സഫാഗ തുറമുഖത്ത് മൾട്ടി പർപ്പസ് ടെർമിനൽ വികസിപ്പിച്ച് പ്രവർത്തിപ്പിക്കാൻ അബുദാബി പോർട്ട്‌സ് അതോറിറ്റിയും റെഡ്‌സീ പോർട്ട്‌സ് അതോറിറ്റിയും അടുത്തിടെ അന്തിമ കരാർ ഒപ്പുവെച്ചിരുന്നു.
ഈ കരാറിന്റെ ഭാഗമായി മൂന്നു വർഷത്തിനുള്ളിൽ 20 കോടി ഡോളറിന്റെ നിക്ഷേപം അബുദാബി പോർട്ട്‌സ് ഗ്രൂപ്പ് സഫാഗ തുറമുഖത്ത് നടത്തും. അപ്പർ ഈജിപ്ത് മേഖലക്ക് സേവനം നൽകുന്നതിനായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിപ്പിക്കുന്ന ആദ്യത്തെ തുറമുഖമാണ് സഫാഗ. ജോർദാനിലെ അഖബ തുറമുഖത്ത് ക്രൂയിസ് കപ്പലുകൾക്കായി അബുദാബി പോർട്ട്‌സ് ഗ്രൂപ്പ് അടുത്തിടെ ടെർമിനൽ തുറന്നിരുന്നു. ഈജിപ്തുമായി ഒപ്പുവെച്ച പുതിയ കരാർ ആഗോള തലത്തിൽ ക്രൂയിസ് കപ്പൽ യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കാനുള്ള അബുദാബി പോർട്ട്‌സ് ഗ്രൂപ്പിന്റെ തന്ത്രത്തെ ശക്തിപ്പെടുത്തുന്നു.






