ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം,  ഓസീസിനെ തകര്‍ത്തത് 9 വിക്കറ്റിന്

നവി മുംബൈ - ഓസ്‌ട്രേലിയക്കെതിരായ ആദ്യ വനിതാ ട്വന്റി20 മത്സരം ഇന്ത്യ ഒമ്പത് വിക്കറ്റിന് ജയിച്ചു. വിജയിക്കാന്‍ അഞ്ച് റണ്‍സ് മതിയെന്നിരിക്കെ ഓപണര്‍ സ്മൃതി മന്ദാന (52 പന്തില്‍ 52) പുറത്തായതിനാലാണ് ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ വിജയം നഷ്ടപ്പെട്ടത്. 
ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകരെ നാല് പന്ത് ശേഷിക്കെ 141 ന് ഇന്ത്യ ഓളൗട്ടാക്കി. നാല് വിക്കറ്റെടുത്ത ടിറ്റാസ് സാധുവാണ് (4-0-17-4) ബൗളിംഗിന് ചുക്കാന്‍ പിടിച്ചത്. ശ്രേയാങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അവസാന നാല് വിക്കറ്റ് ആറ് റണ്‍സിനിടെയാണ് ഓസീസിന് നഷ്ടപ്പെട്ടത്. ഫോബ് ലിച്ഫീല്‍ഡും (49) എലിസ് പെറിയുമാണ് (37) ടീം ടോട്ടലിന്റെ സിംഹഭാഗവും സ്‌കോര്‍ ചെയ്തത്. 
ഇന്ത്യക്കു വേണ്ടി മന്ദാനയും ശഫാലി വര്‍മയും (41 പന്തില്‍ 62 നോട്ടൗട്ട്) തുടക്കം മുതല്‍ ആഞ്ഞടിച്ചു. ടെസ്റ്റ് ഇന്ത്യ ജയിച്ചപ്പോള്‍ ഏകദിന പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരുകയായിരുന്നു.
 

Latest News