ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍ ഏത് ചാനലില്‍?

ദോഹ - തുടര്‍ച്ചയായി രണ്ടാം തവണ ഇന്ത്യ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പൊരുതുന്നു. കഴിഞ്ഞ തവണ യു.എ.ഇയില്‍ കഷ്ടിച്ച്് നോക്കൗട്ട് സ്ഥാനം നഷ്ടപ്പെട്ട ടീമിന് ഇത്തവണ മുന്നേറ്റം കൂടുതല്‍ പ്രയാസമാവും. ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും സിറിയയുമടങ്ങുന്ന ഗ്രൂപ്പ് ബി-യിലാണ് ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഖത്തര്‍, ജപ്പാന്‍, സൗദി അറേബ്യ, തെക്കന്‍ കൊറിയ, ഇറാന്‍, ഓസ്‌ട്രേലിയ ടീമുകള്‍ക്കാണ് ഇത്തവണ സാധ്യത കല്‍പിക്കപ്പെടുന്നത്. 
ഇന്ത്യ അഞ്ചാം തവണയാണ് ഏഷ്യന്‍ കപ്പ് ഫൈനല്‍ റൗണ്ട് കളിക്കുക. 1964ല്‍ യോഗ്യതാ റൗണ്ട് കളിക്കാതെയാണ് ഇന്ത്യ അരങ്ങേറിയത്. ഇസ്രായിലിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. 1984ല്‍ രണ്ടാം തവണ കളിച്ചത് സിംഗപ്പൂര്‍ ഏഷ്യന്‍ കപ്പിലാണ്. ഒരു പോയന്റുമായി മടങ്ങി. 2011ല്‍ മൂന്ന് കളികളും തോറ്റ് മടങ്ങി. മൂന്ന് ഗോളടിക്കുകയും 13 ഗോള്‍ വഴങ്ങുകയും ചെയ്തു. 2019ല്‍ ബഹ്‌റൈനെതിരായ കളിയില്‍ അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങിയതിനാലാണ് ഇന്ത്യക്ക് നോക്കൗട്ട് നഷ്ടപ്പെട്ടത്. 
13ന് വൈകുന്നേരം ഇന്ത്യന്‍ സമയം അഞ്ചിന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അഞ്ചു ദിവസത്തിനു ശേഷം ഉസ്‌ബെക്കിസ്ഥാനെയും 23ന് സിറിയയെയും നേരിടും. ഉസ്‌ബെക്കിസ്ഥാനെതിരായ കളി 18ന് ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ്. സിറിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം 23ന് വൈകുന്നേരം അഞ്ചിനും. സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്കാണ് ഇന്ത്യയില്‍ ഏഷ്യന്‍ കപ്പ് സംപ്രേഷണം ചെയ്യുക. ജിയോ സിനിമ ആപ്പിലും വെബ്‌സൈറ്റിലും ലൈവ് കാണാം.
 

Latest News