മൂന്ന് മാച്ച് പോയന്റ് പാഴാക്കി, നദാല്‍ ക്വാര്‍ട്ടറില്‍ പുറത്ത്

ബ്രിസ്‌ബെയ്ന്‍ - ഒരു വര്‍ഷത്തിലേറെ പരിക്കുമായി വിട്ടുനിന്ന ശേഷം തിരിച്ചുവന്ന ആദ്യ ടൂര്‍ണമെന്റില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം റഫായേല്‍ നദാല്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ പുറത്തായി. ലോക അമ്പത്തഞ്ചാം നമ്പര്‍ ജോര്‍ദാന്‍ തോംസണാണ് ബിസ്‌ബെയ്ന്‍ ഇന്റര്‍നാഷനലില്‍ നദാലിനെ മൂന്നു സെറ്റില്‍ കീഴടക്കിയത്. മത്സരത്തിനിടെ മെഡിക്കല്‍ ടൈംഔട്ട് വേണ്ടിവന്നത് നദാലിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് ആശങ്കയുയര്‍ത്തി. സ്‌കോര്‍: 5-7, 7-6 (8-6), 6-3.
രണ്ടാം സെറ്റിന്റെ പത്താം ഗെയിമിലും ടൈബ്രേക്കറില്‍ രണ്ടു തവണയുമാണ് നദാല്‍ മാച്ച് പോയന്റ് കളഞ്ഞുകുളിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും നേരിട്ടുള്ള സെറ്റുകളില്‍ മുപ്പത്തേഴുകാരന്‍ ജയിച്ചിരുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രാന്റ്സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപണ്‍ 14ന് മെല്‍ബണില്‍ തുടങ്ങുകയാണ്. 
ടോപ് സീഡ് ഹോള്‍ഗര്‍ റൂണെ, രണ്ടാം സീഡ് ഗ്രിഗര്‍ ദിമിത്രോവ് എന്നിവരും സെമിഫൈനലിലെത്തി. വനിതാ സെമിഫൈനലില്‍ മുന്‍ ഒന്നാം നമ്പര്‍ താരങ്ങളായ അരീന സബലെങ്കയും വിക്ടോറിയ അസരെങ്കയും ഏറ്റുമുട്ടും. ഇരുവരും ഓസ്‌ട്രേലിയന്‍ ഓപണ്‍ ചാമ്പ്യന്മാരായിരുന്നു.
 

Latest News