ഒരോവറില്‍ മൂന്ന് വിക്കറ്റ്, പാക് മധ്യനിര തരിപ്പണം

സിഡ്‌നി - ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബൗളര്‍മാരുടെ കഠിനാധ്വാനം പാക്കിസ്ഥാന്‍ മധ്യനിര വൃഥാവിലാക്കി. അവസാന അഞ്ച് വിക്കറ്റുകള്‍ 10 റണ്‍സിന് പിടിച്ചെടുത്ത ബൗളര്‍മാര്‍ 14 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡ് നേടാനും മത്സരത്തിലേക്ക് തിരിച്ചുവരാനും പാക്കിസ്ഥാനെ സഹായിച്ചിരുന്നു. എന്നാല്‍ മുന്‍നിരയും മധ്യനിരയും ബാറ്റ് വെച്ച് കീഴടങ്ങിയതോടെ മൂന്നാമത്തെ കളിയിലും തോല്‍വിയുടെ ദുരന്തമുഖത്താണ് പാക്കിസ്ഥാന്‍. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ എഴിന് 68 ലേക്ക് അവര്‍ തകര്‍ന്നു. മൂന്നു വിക്കറ്റ് ശേഷിക്കെ 82 റണ്‍സ് മാത്രമാണ് ലീഡ്. 
ഓപണര്‍ അബ്ദുല്ല ശഫീഖും (0) ക്യാപ്റ്റന്‍ ഷാന്‍ മസൂദും (0) ആദ്യ രണ്ടോവറില്‍ തന്നെ പവിലിയനില്‍ തിരിച്ചെത്തി. രണ്ട് വിക്കറ്റിന് ഒരു റണ്‍ എന്ന നിലയില്‍ ഒത്തുചേര്‍ന്ന അരങ്ങേറ്റ ഓപണര്‍ സായിം അയ്യൂബും (33) മുന്‍ നായകന്‍ ബാബര്‍ അസമും (23) മൂന്നാം വിക്കറ്റിലെ 57 റണ്‍സ് കൂട്ടുകെട്ടിലൂടെ ടീമിനെ കരകയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ രണ്ട് റണ്‍സിനിടെ ഇരുവരെയും പുറത്താക്കാന്‍ ഓസീസിന് സാധിച്ചു. പിന്നാലെ ജോഷ് ഹെയ്‌സല്‍വുഡ് (5-2-9-4) ഒരോവറില്‍ മൂന്നു വിക്കറ്റെടുത്തതോടെ പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞു. മുഹമ്മദ് രിസവാനും (6 നോട്ടൗട്ട്) ആമിര്‍ ജമാലുമാണ് (0 നോട്ടൗട്ട്) ക്രീസില്‍. ഇവരാണ് ആദ്യ ഇന്നിംഗ്‌സിലും പാക്കിസ്ഥാനെ കരകയറ്റിയത്. 
നേരത്തെ ജമാലാണ് ഒന്നാന്തരം ബൗളിംഗോടെ പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 312 നെതിരെ അഞ്ചിന് 289 ലെത്തിയിരുന്നു ഓസ്‌ട്രേലിയ. ചായക്ക് മുമ്പുള്ള അവസാന ഓവറില്‍ അലക്‌സ് കാരിയെ (38) സാജിദ് ഖാന്‍ ബൗള്‍ഡാക്കി. തിരിച്ചുവന്ന ശേഷം മിച്ചല്‍ മാര്‍ഷിനെയും (54) ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനെയും (0) നാഥന്‍ ലയണിനെയും (5) ജോഷ് ഹെയ്‌സല്‍വുഡിനെയും (0) ആമിര്‍ ജമാല്‍ പുറത്താക്കി. 10 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്‌ട്രേലിയ 299 ന് ഓളൗട്ടായി. ആമിര്‍ 69 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്തു. മൂന്നാമത്തെ ടെസ്റ്റ് കളിക്കുന്ന ആമിര്‍ രണ്ടാം തവണയാണ് ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റെടുക്കുന്നത്. 
രണ്ടാം ഇന്നിംഗ്‌സില്‍ പാക്കിസ്ഥാന് ആദ്യ ഓവറില്‍ അബ്ദുല്ല ശഫീഖിനെയും (0) രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെയും (0) നഷ്ടപ്പെട്ടു. ശഫീഖ് ആദ്യ ഇന്നിംഗ്‌സിലും അക്കൗണ്ട് തുറന്നിരുന്നില്ല. ആമിര്‍ വാലറ്റത്ത് നേടിയ 82 റണ്‍സാണ് ആദ്യ ഇന്നിംഗ്‌സില്‍ പാക്കിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്.
 

Latest News