ആലപ്പുഴ - രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ പുതിയ സീസണിന്റെ ആദ്യ ദിനത്തില്‍ ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടില്‍ കേരളത്തിന് കരടായി ഇന്ത്യന്‍ സൂപ്പര്‍താരം റിങ്കു സിംഗ്. റിങ്കുവും (71 നോട്ടൗട്ട്) ധ്രുവ് ജോറലും (54 നോട്ടൗട്ട്) സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ എലീറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ഉത്തര്‍പ്രദേശ് വന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഉത്തര്‍പ്രദേശിന് 124 റണ്‍സെടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു.
ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതമാണ് 103 പന്തില്‍ റിങ്കു 71 ലെത്തിയത്. ജോറല്‍ ഒരു സിക്‌സറും നാല് ബൗണ്ടറിയും പായിച്ചു. ഉത്തര്‍പ്രദേശിന് നാലാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. സമര്‍ഥ് സിംഗിനെ (10) എം.ഡി നിധീഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ക്യാപ്റ്റന്‍ ആര്യന്‍ ജുയലും (28) പ്രിയം ഗാര്‍ഗും (44) ഇന്നിംഗ്‌സ് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും 10 റണ്‍സിനിടെ കേരളം പറഞ്ഞുവിട്ടു. ആര്യനെ വൈശാഖ് ചന്ദ്രന്റെ ബൗളിംഗില്‍ വിക്കറ്റ്കീപ്പര്‍ വിഷ്ണു വിനോദ് പിടിച്ചു. ഗാര്‍ഗിനെ ബെയ്‌സില്‍ തമ്പി ബൗള്‍ഡാക്കി. അതിഥി താരങ്ങളായ ജലജ് സക്‌സേനയും ശ്രേയസ് ഗോപാലുമാണ് അക്ഷദീപ് നാഥ് (9), ഐ.പി.എല്‍ ലേലത്തിലെ ഹീറോ സമീര്‍ റിസ്‌വി (26) എന്നിവരുടെ ചെറുത്തുനില്‍പ് അവസാനിപ്പിച്ചത്. പിന്നീട് വെളിച്ചക്കുറവ് കാരണം കളി നേരത്തെ നിര്‍ത്തുന്നതുവരെ റിങ്കുവും ധ്രുവും കൂടുതല്‍ നഷ്ടമില്ലാതെ ഇന്നിംഗ്‌സ് മുന്നോട്ടുനീക്കി. ഈ കൂട്ടുകെട്ടില്‍ ഇതുവരെ 120 റണ്‍സ് പിറന്നു.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കരുത്തു തെളിയിച്ചുകഴിഞ്ഞ റിങ്കുവിന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം നേടാനുള്ള അവസരമാണ് ഈ സീസണിലെ രഞ്ജി ട്രോഫി. ആദ്യ മത്സരത്തില്‍ തന്നെ എവേ ഗ്രൗണ്ടില്‍ സെഞ്ചുറി നേടാനായാല്‍ റിങ്കുവിന് അത് നല്ല തുടക്കമാവും.






