സിഡ്‌നി - ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാന്തരം ബൗളിംഗോടെ പാക്കിസ്ഥാന്‍ നിയന്ത്രണം പിടിച്ചു. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 312 നെതിരെ ചായക്ക് മുമ്പുള്ള അവസാന ഓവറില്‍ അഞ്ചിന് 289 ലെത്തിയിരുന്നു ഓസ്‌ട്രേലിയ. ചായക്ക് മുമ്പുള്ള അവസാന ഓവറില്‍ അലക്‌സ് കാരിയെ (38) സാജിദ് ഖാന്‍ ബൗള്‍ഡാക്കി. തിരിച്ചുവന്ന ശേഷം മിച്ചല്‍ മാര്‍ഷിനെയും (54) ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനെയും (0) നാഥന്‍ ലയണിനെയും (5) ജോഷ് ഹെയ്‌സല്‍വുഡിനെയും (0) ആമിര്‍ ജമാല്‍ പുറത്താക്കി. 10 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്‌ട്രേലിയ 299 ന് ഓളൗട്ടായി. ആമിര്‍ 69 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്തു. മൂന്നാമത്തെ ടെസ്റ്റ് കളിക്കുന്ന ആമിര്‍ രണ്ടാം തവണയാണ് ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റെടുക്കുന്നത്.
രണ്ടാം ഇന്നിംഗ്‌സില്‍ പാക്കിസ്ഥാന് ആദ്യ ഓവറില്‍ അബ്ദുല്ല ശഫീഖിനെയും (0) രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെയും (0) നഷ്ടപ്പെട്ടു. ശഫീഖ് ആദ്യ ഇന്നിംഗ്‌സിലും അക്കൗണ്ട് തുറന്നിരുന്നില്ല. ഓപണര്‍ സായിം അയൂബും (31 നോട്ടൗട്ട്) മുന്‍ നായകന്‍ ബാബര്‍ അസമും (21 നോട്ടൗട്ട്) ടീമിനെ കരകയറ്റുകയാണ്. രണ്ടിന് 56 ലെത്തി പാക്കിസ്ഥാന്‍. 70 റണ്‍സിന്റെ ലീഡ്.






