സിഡ്‌നി -ഓസ്‌ട്രേലിയന്‍ ടീമിന്റെ യാത്രക്കിടയില്‍ നഷ്ടപ്പെട്ട ഡേവിഡ് വാണറുടെ ബാഗി ഗ്രീന്‍ ക്രിക്കറ്റ് തൊപ്പി ഒടുവില്‍ തിരിച്ചുകിട്ടി. എല്ലാ അന്വേഷണങ്ങളും നടത്തിയിട്ടും കിട്ടാതെ വന്നപ്പോള്‍ വാണര്‍ വൈകാരികമായ സോഷ്യല്‍ മീഡിയ വീഡിയൊ സന്ദേശത്തില്‍ തൊപ്പി തിരിച്ചുതരണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ലഗേജില്‍ നിന്ന് രണ്ട് തൊപ്പികളടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. അതിലൊന്ന് 2011ല്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ലഭിച്ചതായിരുന്നു. സിഡ്‌നി ഹോട്ടലിലാണ് തൊപ്പി കണ്ടെത്തിയത്. അത് എങ്ങനെ അവിടെ എത്തിയെന്ന് വളിപ്പെടുത്തിയിട്ടില്ല. ബാഗുള്‍പ്പെടെയാണ് കണ്ടെത്തിയതെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയ വെളിപ്പെടുത്തി. അവസാന ടെസ്റ്റിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടുകളില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ നിന്ന് കടം വാങ്ങിയ പുതിയ തൊപ്പിയാണ് വാണര്‍ അണിഞ്ഞിരുന്നത്.
ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്ക് അരങ്ങേറ്റത്തില്‍ ലഭിക്കുന്ന ക്യാപാണ് ബാഗി ഗ്രീന്‍. വാണര്‍ പാക്കിസ്ഥാനെതിരായ മൂന്നാം മത്സരത്തോടെ ടെസ്റ്റില്‍ നിന്ന് വിരമിക്കുകയാണ്. ഏകദിനങ്ങളില്‍ നിന്ന് പുതുവത്സര ദിനത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. അതിനു പിന്നാലെയാണ് തന്റെ തൊപ്പിക്കായി സോഷ്യല്‍ മീഡിയയിലൂടെ വൈകാരികമായ അഭ്യര്‍ഥന നടത്തിയിരുന്ന്ത്.
മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റിനു ശേഷം സിഡ്‌നിയിലേക്കുള്ള യാത്രയിലാണ് തൊപ്പി നഷ്ടപ്പെട്ടതെന്ന് കരുതുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും എവിടെയാണ് തൊപ്പി നഷ്ടപ്പെട്ടതെന്ന് കണ്ടെത്താനായില്ല. ടീം താമസിക്കുന്ന ഹോട്ടലിലെ കാമറുകളും പരിശോധിച്ചു. ആരും മുറിയില്‍ പ്രവേശിച്ചതായി തെളിഞ്ഞിട്ടില്ല. അതില്‍ മക്കള്‍ നല്‍കിയ സമ്മാനങ്ങളും തൊപ്പിയുമാണ് സൂക്ഷിച്ചിരുന്നത്. തൊപ്പി തനിക്ക് ഏറെ വിലപ്പെട്ട വസ്തുവാണെന്നും അവസാന ടെസ്റ്റില്‍ അത് ധരിക്കാന്‍ അതിയായി ആഗ്രഹിക്കുന്നുവെന്നും വാണര്‍ വികാരഭരിതമായ സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു. ഓസ്‌ട്രേലിയന്‍ ടീം ബാഗാണ് വേണ്ടതെങ്കില്‍ എന്റെ കൈയില്‍ ഒരെണ്ണം കൂടിയുണ്ട്, ആരുമറിയാതെ തരാം. ക്രിക്കറ്റ് ഓസ്‌ട്രേലിയയെയോ എന്നെയോ ബന്ധപ്പെട്ടാല്‍ മതി മുപ്പത്തേഴുകാരന്‍ പറഞ്ഞു.






