ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റാണ് ഇന്ത്യ വിജയിച്ചത്, 642 പന്തില്‍. 1932ല്‍ 656 പന്തില്‍ ദക്ഷിണാഫ്രിക്കയെ ഓസ്‌ട്രേലിയ തോല്‍പിച്ചതായിരുന്നു ഇതുവരെ റെക്കോര്‍ഡ്.
കേപ്ടൗണില്‍ ഏഴ് ടെസ്റ്റ് കളിച്ച ഇന്ത്യ ആദ്യമായാണ് ജയിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ഇന്ത്യ ജയിക്കുന്നതും ആദ്യമാണ്.
ഒരു ബാറ്ററും അര്‍ധ ശതകം പിന്നിടാതെ ഇന്ത്യ ടെസ്റ്റ് ജയിക്കുന്നത് രണ്ടാം തവണയാണ്. 2015 ല്‍ നാഗ്പൂരിലും ഇതേ പോലെ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചിരുന്നു. അന്ന് മുരളി വിജയുടെ 40 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍, ഇത്തവണ വിരാട് കോലിയുടെ 46 റണ്‍സും.
നാലാം തവണയാണ് ന്യൂലാന്റ്‌സില്‍ രണ്ടു ദിവസത്തില്‍ ടെസ്റ്റ് അവസാനിക്കുന്നത്. 1889 ലും 1896 ലും 2005ലുമായിരുന്നു ഇതിന് മുമ്പത്തെ മത്സരങ്ങള്‍.
ജസ്പ്രീത് ബുംറ എട്ടാം തവണയാണ് ഏഷ്യക്ക് പുറത്ത് അഞ്ച് വിക്കറ്റെടുക്കുന്നത്. കപില്‍ദേവിന് ഒമ്പത് തവണ ഈ നേട്ടം കൈവരിക്കാനായി. ബുംറയും മുഹമ്മദ് സിറാജും ഈ മത്സരത്തില്‍ ആറ് വിക്കറ്റ് വീതം നേടി.
ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ടീം സ്‌കോറിന്റെ അറുപത് ശതമാനത്തിലേറെ അയ്ദന്‍ മാര്‍ക്‌റമിന്റെ ബാറ്റില്‍ നിന്നായിരുന്നു. രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ ഡീന്‍ എല്‍ഗറുടെ 12 റണ്‍സായിരുന്നു.






