425 വാഹനങ്ങള്‍, 4900 മൈല്‍;  ദാകാറിന് ജീവന്‍ വെക്കുന്നു

അല്‍ഉല - കാറുകളും ബൈക്കുകളും ക്വാഡുകളും ട്രക്കുകളുമായി 425 വാഹനങ്ങള്‍, 4900 മൈല്‍ അതീവസാഹസിക യാത്ര.. ദാകാര്‍ റാലിയുടെ അടുത്ത 15 ദിനങ്ങള്‍ വാഹനയോട്ടപ്രേമികളുടെ കണ്ണും മനസ്സും സൗദി അറേബ്യയുടെ മണല്‍പ്പരപ്പില്‍. തന്റെ അതുല്യമായ കായിക കരിയറില്‍ ഖത്തറുകാരന്‍ നാസര്‍ അല്‍അതിയ്യ ഹാട്രിക് കിരീടം ലക്ഷ്യമിടുമ്പോള്‍ മത്സരം സുരക്ഷിതമായി, വിജയകരമായി അവസാനിപ്പിക്കുകയാണ് ഭൂരിപക്ഷം ഡ്രൈവര്‍മാരുടെയും ലക്ഷ്യം. അല്‍ഉലയില്‍ തുടങ്ങുന്ന യാത്ര 19ന് യാമ്പുവില്‍ അവസാനിക്കും. റുബുഉല്‍ഖാലി മരുഭൂമിയിലെ 48 മണിക്കൂര്‍ ക്രോണോ ഘട്ടമാണ് ഇത്തവണത്തെ പ്രത്യേകത. 
മോട്ടോര്‍ ഡ്രൈവറും ഒളിംപിക് മെഡല്‍ നേടിയ ഷൂട്ടറുമായ നാസര്‍ അതിയ്യ അഞ്ചു തവണ ദാകാര്‍ റാലിയില്‍ ഓവറോള്‍ ചാമ്പ്യനായിട്ടുണ്ട്. കഴിഞ്ഞ തവണ ഏകപക്ഷീയമായാണ് അമ്പത്തിമൂന്നുകാരന്‍ വിജയത്തിലേക്ക് കുതിച്ചത്. എല്ലാ ഡൈവര്‍മാര്‍ക്കും കഴിഞ്ഞ തവണ പ്രയാസമായിരുന്നുവെന്ന് നാസര്‍ പറയുന്നു. 
2011ല്‍ വോക്‌സ്‌വാഗനിലും 2015ല്‍ മിനിയിലും 2019ലും 2022ലും 2023ലും ടൊയോട്ടയിലും ചാമ്പ്യനായ നാസര്‍ ഇത്തവണ തന്റെ നാസര്‍ റെയ്‌സിംഗ് സ്‌പോണ്‍സര്‍ ചെയ്യുന്ന ബ്രിട്ടിഷ് ആസ്ഥാനമായാ പ്രൊഡ്രൈവിനു വേണ്ടിയാണ് മത്സരിക്കുന്നത്. ബദ്ധവൈരിയായ സെബാസ്റ്റിയന്‍ ലോബും പ്രൊഡ്രൈവിലുണ്ട്. ഒമ്പത് തവണ ലോക റാലി ചാമ്പ്യനായ ലോബ് ഏഴു തവണ മത്സരിച്ചിട്ടും ദാകാര്‍ കിരീടം നേടിയിട്ടില്ല. കഴിഞ്ഞ രണ്ടു തവണ നാസറിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 
14 തവണ ദാകാര്‍ ചാമ്പ്യനായ സ്റ്റെഫാന്‍ പീറ്റര്‍ഹാന്‍സല്‍, മൂന്നു തവണ ചാമ്പ്യനായ കാര്‍ലോസ് സയ്ന്‍സ് എന്നിവരും മത്സരിക്കുന്നുണ്ട്. കാര്‍ലോസ് സയ്ന്‍സിന്റെ അതേ പേരുള്ള മകന്‍ ഫെരാരിയുടെ ഫോര്‍മുല വണ്‍ ഡ്രൈവറാണ്. ബൈക്ക് വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ കെവിന്‍ ബെനാവിദേസ് പരിക്കില്‍നിന്ന് മോചിതനായിട്ടുണ്ട്.
സെനാഗാള്‍ തലസ്ഥാനമായ ദാകാറിന്റെ പേരിലാണ് റാലി അറിയപ്പെടുന്നതെങ്കിലും അവസാനം അവിടെ മത്സരം നടന്നത് 2007ലാണ്. സുരക്ഷാഭീതി കാരണം 2008ലെ ചാമ്പ്യന്‍ഷിപ് റദ്ദാക്കി. തുടര്‍ന്ന് ലാറ്റിനമേരിക്കയിലാണ് നടത്തിയത്. 2020 മുതല്‍ സൗദി അറേബ്യയില്‍ നടത്തുന്നു. സൗദി അറേബ്യ ഇത് അഞ്ചാം തവണയാണ് മത്സരത്തിന് ചുക്കാന്‍ പിടിക്കുന്നത്. ദാകാര്‍ റാലിയുടെ നാല്‍പ്പത്താറാമത് എഡിഷനാണ് ഇത്. 19ന് യാമ്പൂവിലാണ് സമാപനം.
 

Latest News