വിമര്‍ശകര്‍ കണ്ടോളൂ, ഇന്ത്യയുടെ  സുവര്‍ണ തലമുറ പത്തിമടക്കിയിട്ടില്ല

കേപ്ടൗണ്‍ - ഒന്നര ദിവസം കൊണ്ട് അവസാനിച്ച ചരിത്രത്തിലെ ഏറ്റവും ചെറിയ ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴ് വിക്കറ്റിന് ജയിച്ച് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ഇന്ത്യ 1-1 സമനിലയാക്കി. 642 പന്തില്‍ മത്സരം പൂര്‍ത്തിയായി. 107 ഓവര്‍ മാത്രം. ആകെ 464 റണ്‍സ്, ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ റണ്‍സ്. അയ്ദന്‍ മാര്‍ക്‌റമിന്റെ അത്യുജ്വല സെഞ്ചുറി ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചു. എന്നാല്‍ വെല്ലുവിളിയായേക്കാവുന്ന ലീഡിലേക്കെത്തും മുമ്പെ ഓപണറെ പുറത്താക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ജസ്പ്രീത് ബുംറ ആറ് വിക്കറ്റെടുത്തതോടെ ദക്ഷിണാഫ്രിക്ക ഓളൗട്ടായി. രണ്ടാം ദിനം ലഞ്ചിന് ശേഷം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ജയിക്കാനാവശ്യമായ 79 റണ്‍സ് പന്ത്രണ്ടോവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 55, 176, ഇന്ത്യ 153, മൂന്നിന് 80.

ന്യൂലാന്റ്‌സില്‍ ആദ്യം
ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ആക്രമിച്ച ഓപണര്‍ യശസ്വി ജയ്‌സ്വാളിനെ (28) നാന്ദ്രെ ബര്‍ഗറുടെ ബൗളിംഗില്‍ ബൗണ്ടറി ലൈനില്‍ പിടിച്ചു. ശുഭ്മന്‍ ഗില്ലിനെയും (10) മുന്‍ നായകന്‍ വിരാട് കോലിയെയും (12) കഗീസൊ റബാദയും മാര്‍ക്കൊ യാന്‍സനും പുറത്താക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (17 നോട്ടൗട്ട്) സാക്ഷിയാക്കി ശ്രേയസ് അയ്യര്‍ (4 നോട്ടൗട്ട്) ബൗണ്ടറിയോടെ വിജയം പൂര്‍ത്തിയാക്കി.
ന്യൂലാന്റ്‌സില്‍ കളിച്ച ഏഴ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ വിജയമാണ് ഇത്. 2013-14 നു ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനങ്ങളില്‍ ഒരു ടെസ്റ്റെങ്കിലും ജയിച്ചുവെന്ന റെക്കോര്‍ഡ് ടീം നിലനിര്‍ത്തി. എന്നാല്‍ ഇന്ത്യക്ക് പരമ്പര ജയിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഏക ടെസ്റ്റ് രാജ്യമായി ദക്ഷിണാഫ്രിക്ക തുടരും.  

മാര്‍ക്‌റം മാജിക്
മറ്റ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്കും 15 റണ്‍സിലേറെ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ലാത്ത ബാറ്റിംഗ് അതീവദുഷ്‌കരമായ പിച്ചില്‍ സെന്‍സേഷനല്‍ സെഞ്ചുറിയോടെ മാര്‍ക്‌റം ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്തിയിരുന്നു. പ്രസിദ്ധ് കൃഷ്ണയെ മാര്‍ക്‌റം ഉയര്‍ത്തിയത് ഗാലറിക്കു മുകളിലൂടെ സമീപത്തെ റെയില്‍വെ ട്രാക്കിലാണ് വീണത്. മുഹമ്മദ് സിറാജാണ് ഓപണറെ പുറത്താക്കി ഇന്ത്യക്ക് വിജയത്തിലേക്ക് വഴി തുറന്നത്. 13.5 ഓവറില്‍ 61 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ബുംറ മറുതലക്കല്‍ അപകടം വിതച്ചിരുന്നു. ബുംറയെ തുടര്‍ച്ചയായി ബൗണ്ടറി കടത്തി 99 പന്തില്‍ രണ്ട് സിക്‌സറും 16 ബൗണ്ടറിയും സഹിതം മാര്‍ക്‌റം സെഞ്ചുറിയിലെത്തി. ഒരു ബൗണ്ടറി കൂടി നേടിയ ശേഷം എട്ടാമനായാണ് പുറത്തായത്. 71 ലുള്ളപ്പോള്‍ ബുംറയുടെ തന്നെ പന്തില്‍ മാര്‍ക്‌റം അനുവദിച്ച ക്യാച്ച് വിക്കറ്റ്കീപ്പര്‍ കെ.എല്‍ രാഹുല്‍ കൈവിട്ടിരുന്നു. എട്ടാം വിക്കറ്റ് കൂട്ടുകെട്ടിലെ 51 റണ്‍സില്‍ രണ്ട് റണ്‍സാണ് റബാദയുടെ സംഭാവന. മാര്‍ക്‌റം പുറത്തായതിന് പിന്നാലെ അതേ സ്‌കോറില്‍ റബാദയും മടങ്ങി. ലുന്‍ഗി എന്‍ഗീഡിയെ പുറത്താക്കി ബുംറ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. പ്രസിദ്ധ് കൃഷ്ണക്കും സിറാജിനും ഓരോ വിക്കറ്റും മുകേഷ്‌കുമാറിന് രണ്ടു വിക്കറ്റും ലഭിച്ചു. 

ബൂം ബൂം ബുംറ
രണ്ടാം ദിനം മൂന്നിന് 62 ലാണ് ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. നാല് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഡേവിഡ് ബെഡിംഗാമിനെ (11) ബുംറ പുറത്താക്കി. കയ്ല്‍ വരെയ്‌നെ (9), മാര്‍ക്കൊ യാന്‍സന്‍ (11), കേശവ് മഹാരാജ് (3) എന്നിവരെയും പുറത്താക്കി  അഞ്ച് വിക്കറ്റ് തികച്ചു. 
ആദ്യ ദിനം 23 വിക്കറ്റുകള്‍ നിലംപതിച്ച മത്സരത്തില്‍ സിറാജ് 15 റണ്‍സിന് ആറു വിക്കറ്റെടുത്തിരുന്നു. ദക്ഷിണാഫ്രിക്ക  ഇന്ത്യ 55ന് ഓളൗട്ടായി. മറുപടിയായി ഇന്ത്യ നാലിന് 153ലെത്തിയെങ്കിലും ഒരു റണ്‍ പോലും ചേര്‍ക്കും മുമ്പെ 11 പന്തിനിടയില്‍ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് ഓളൗട്ടായി. ഇത് ടെസ്റ്റ് ചരിത്രത്തിലാദ്യമാണ്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ആറ് ഡക്കും റെക്കോര്‍ഡിനൊപ്പമെത്തുന്ന നാണക്കേടാണ്. 

Latest News