മാച്ച് റഫറിമാര്‍ക്ക് കണ്ണുണ്ടോ? ഇരട്ടത്താപ്പിനെതിരെ രോഹിത്

കേപ്ടൗണ്‍ - പിച്ചുകളെ വിലയിരുത്തുന്നതില്‍ ചില മാച്ച് ഫറിമാര്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബാറ്റിംഗ് ഭാഗ്യപരീക്ഷണമായി മാറിയ, പെയ്‌സിനെ അമിതമായി സഹായിച്ച പിച്ചിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റ് ജയിച്ചത്. 
ഇവിടെ പിച്ച് എങ്ങനെയായിരുന്നുവെന്ന് എല്ലാവരും കണ്ടതാണ്. അതില്‍ കളിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഇന്ത്യയില്‍ വരുമ്പോള്‍ ഈ മാച്ച് റഫറിമാര്‍ വായടക്കണം. അവിടെ ആദ്യ ദിനം പന്ത് തിരിയുമ്പോള്‍ പൊടിയുടെ കുഴിയെന്നും പിച്ചില്‍ പിളര്‍പ്പെന്നും പറഞ്ഞ് വരരുത്. ഇവിടെ കളിക്കുന്നത് വെല്ലുവിളിയാണ്. ഇന്ത്യയില്‍ കളിക്കാന്‍ വരുമ്പോഴും വെല്ലുവിളി ഏറ്റെടുക്കണം. ലോകകപ്പ് ഫൈനല്‍ നടന്ന പിച്ചിനെ മാച്ച് റഫറി ശരാശരിക്ക് താഴെയെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഒരു കളിക്കാരന്‍ സെഞ്ചുറിയടിച്ച പിച്ചാണ് അത്. ഐ.സി.സി മാച്ച് റഫറിമാര്‍ നിഷ്പക്ഷരാവണം. അവര്‍ കണ്ണ് തുറക്കണം. സത്യം പറഞ്ഞാല്‍ ഇതുപോലുള്ള പിച്ചുകളില്‍ കഴിവ് പരീക്ഷിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം -രോഹിത് പറഞ്ഞു. 
രണ്ട് ടെസ്റ്റുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഒരോവര്‍ പോലും സ്പിന്‍ എറിഞ്ഞില്ല. ഇന്ത്യ ആദ്യ കളിയില്‍ 19 ഓവര്‍ സ്പിന്‍ ബൗള്‍ ചെയ്തു. രണ്ടാം ടെസ്റ്റില്‍ സ്പിന്നര്‍മാരെ ബൗള്‍ ചെയ്യിച്ചില്ല.
 

Latest News