കേപ്ടൗണ്‍ - അയ്ദന്‍ മാര്‍ക്‌റമിന്റെ ഐതിഹാസിക ചെറുത്തുനില്‍പ് മുഹമ്മദ് സിറാജ് അവസാനിപ്പിച്ചതോടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 176 ന് രണ്ടാം ഇന്നിംഗ്‌സില്‍ ഓളൗട്ടായി. ന്യൂലാന്റ്‌സില്‍ കളിച്ച ഏഴ് ടെസ്റ്റില്‍ ആദ്യ വിജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് വേണ്ടത് 79 റണ്‍സ്. ജസ്പ്രീത് ബുംറ 13.5 ഓവറില്‍ 61 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്തു.
മറ്റു ബാറ്റര്‍മാര്‍ പന്ത് ബാറ്റില്‍ കൊള്ളിക്കാന്‍ പ്രയാസപ്പെട്ട ന്യൂലാന്റ്‌സിലെ പിച്ചില്‍ സെഞ്ചുറിയടിച്ച ഓപണര്‍ അയ്ദന്‍ മാര്‍ക്‌റമാണ് ഇന്നിംഗ്‌സ് പരാജയത്തില്‍ നിന്ന് ആതിഥേയരെ രക്ഷിച്ചത്. മറുവശത്ത് നിരന്തരം വിക്കറ്റ് നിലംപൊത്തിയെങ്കിലും 99 പന്തില്‍ രണ്ട് സിക്‌സറും 16 ബൗണ്ടറിയും സഹിതം മാര്‍ക്‌റം സെഞ്ചുറിയിലെത്തി. അധികം വൈകാതെ ഓപണറുടെ ചെറുത്തുനില്‍പ് മുഹമ്മദ് സിറാജ് അവസാനിപ്പിച്ചു. 103 പന്തില്‍ മാര്‍ക്‌റം 106 റണ്‍സെടുത്തു. എട്ടാമനായാണ് പുറത്തായത്.
ജസ്പ്രീത് ബുംറയെ തുടര്‍ച്ചയായി ബൗണ്ടറി കടത്തിയാണ് മാര്‍ക്‌റം സെഞ്ചുറി പിന്നിട്ടത്. 73 ലുള്ളപ്പോള്‍ ബുംറയുടെ തന്നെ പന്തില്‍ മാര്‍ക്‌റം അനുവദിച്ച ക്യാച്ച് വിക്കറ്റ്കീപ്പര്‍ കെ.എല്‍ രാഹുല്‍ കൈവിട്ടിരുന്നു. മാര്‍ക്‌റമും കഗീസൊ റബാദയും തമ്മിലുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ടിലെ 51 റണ്‍സില്‍ രണ്ട് റണ്‍സാണ് റബാദയുടെ സംഭാവന. മാര്‍ക്‌റം പുറത്തായതിന് പിന്നാലെ ഒരു റണ്‍പോലും ചേര്‍ക്കും മുമ്പെ റബാദയും മടങ്ങി. ലുന്‍ഗി എന്‍ഗീഡിയെ പുറത്താക്കി ബുംറ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. പ്രസിദ്ധ് കൃഷ്ണക്കും സിറാജിനും ഓരോ വിക്കറ്റും മുകേഷ്‌കുമാറിന് രണ്ടു വിക്കറ്റും ലഭിച്ചു.
രണ്ടാം ദിനം മൂന്നിന് 62 ലാണ് ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. നാല് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഡേവിഡ് ബെഡിംഗാമിനെ (11) ബുംറ പുറത്താക്കി. കയ്ല്‍ വരെയ്‌നെ (9), മാര്‍ക്കൊ യാന്‍സന്‍ (11), കേശവ് മഹാരാജ് (3) എന്നിവരെയും പുറത്താക്കി ബുംറ അഞ്ച് വിക്കറ്റ് തികച്ചു. മുകേഷ് കുമാര്‍ ആദ്യ ദിനം രണ്ടു വിക്കറ്റെടുത്തിരുന്നു.
ആദ്യ ദിനം ചരിത്രമായി. 23 വിക്കറ്റുകള്‍ നിലംപതിച്ചു. മുഹമ്മദ് സിറാജ് 15 റണ്‍സിന് ആറു വിക്കറ്റെടുത്തതോടെ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 55ന് ഓളൗട്ടാക്കി. മറുപടിയായി ഇന്ത്യ നാലിന് 153ലെത്തി. എന്നാല്‍ ഒരു റണ്‍ പോലും ചേര്‍ക്കും മുമ്പെ 11 പന്തിനിടെ ആറ് വിക്കറ്റ് നഷ്ടമായി. ഇത് ടെസ്റ്റ് ചരിത്രത്തിലാദ്യമാണ്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ആറ് ഡക്കും റെക്കോര്‍ഡിനൊപ്പമെത്തുന്ന നാണക്കേടാണ്. രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സിലെത്തി. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ അവര്‍ 36 റണ്‍സ് കൂടി നേടണം. തന്റെ അവസാന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുന്ന ഡീന്‍ എല്‍ഗര്‍ ഒരേ ദിനം രണ്ടു തവണ പുറത്തായി. ടോണി ഡിസോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരും ഒരു ദിവസം രണ്ടു തവണ ഔട്ടായി.






