കാനഡയിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യം കുറയുന്നു; മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ വര്‍ധന

ന്യൂഡല്‍ഹി- കാനഡയിലേക്ക് പോകാനുള്ള ഇന്ത്യക്കാരുടെ താത്പര്യം കുറയുന്നുവോ? അങ്ങനെ സംഭവിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 

2022നെ അപേക്ഷിച്ച് 2023ല്‍ കാനഡ വിസ അപേക്ഷിച്ചവരുടെ എണ്ണത്തില്‍ 40 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. 2022 ജൂലായ്- ഒക്ടോബര്‍ കാലയളവില്‍ കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി 1,46,000 വിസകള്‍ അനുവദിച്ചപ്പോള്‍ 2023ലെ ഇതേ കാലയളവില്‍ വിസയുടെ എണ്ണം 87000ല്‍ താഴെയായി ചുരുങ്ങി. 

കാനഡയില്‍ പോയി പഠിക്കാനും ജോലിയെടുത്ത് സ്ഥിരതാമസമാക്കാനുമുള്ള ഇന്ത്യക്കാരുടെ താത്പര്യത്തില്‍ കുറവു വരുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 

ഇന്ത്യയും കാനഡയും തമ്മില്‍ അടുത്ത കാലത്തുണ്ടായ നയതന്ത്ര ബന്ധത്തിലെ തകര്‍ച്ച ഒരു കാരണമാണെങ്കിലും അതിനേക്കാള്‍ വിദ്യാര്‍ഥികളെ സ്വാധീനിച്ചത് കാനഡയിലെ ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റുമുള്ള പ്രചരണങ്ങളാണ്. കാനഡയിലെ പല കോളേജുകളിലും ബഹുഭൂരിപക്ഷവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണെന്നതിനാല്‍ അവിടുത്തെ സ്ഥാപനങ്ങളെ ഇന്ത്യക്കാരുടെ താത്പര്യക്കുറവ് ബാധിച്ചേക്കും. 

ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെ അപകടം തിരിച്ചറിഞ്ഞ കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളേയും ആകര്‍ഷിക്കണമെന്ന് സര്‍വ്വകലാശാലകള്‍ക്കും കോളജുകള്‍ക്കും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 2022ല്‍ 184 രാജ്യങ്ങളില്‍ നിന്നുള്ള 5,51,405 അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ കാനഡയിലെത്തിയപ്പോള്‍ അതില്‍ 2,26,450 പേരും ഇന്ത്യക്കാരായിരുന്നു.  

ഇന്ത്യന്‍ താത്പര്യം കുറയുന്നുണ്ടെന്ന് പറയുന്ന കണക്കുകള്‍ മറ്റു രാജ്യക്കാരായ വിദ്യാര്‍ഥികള്‍ കാനഡയിലേക്കെത്താന്‍ കൂടുതല്‍ ശക്തമായ ആഗ്രഹനം പ്രകടിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവിടുന്നുണ്ട്. 2023 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ പ്രോസസ്സ് ചെയ്ത ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളുടെ സ്റ്റഡി പെര്‍മിറ്റുകളില്‍ 34 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. 2023 ഡിസംബറോടെ മുന്‍ വര്‍ഷത്തേക്കാള്‍ 52 ശതമാനം കൂടുതല്‍ സ്റ്റഡി പെര്‍മിറ്റുകള്‍ പ്രോസസ്സ് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Latest News