കേപ്ടൗണ്‍ - ക്രിക്കറ്റിലെ ഏറ്റവും മികച്ച രൂപം ടെസ്റ്റുകളാണെന്ന് കളിക്കാര്‍ ആണയിടാറുണ്ട്. ട്വന്റി20യുടെ പടയോട്ടത്തില്‍ ഏകദിനങ്ങളെയും ടെസ്റ്റുകളെയും നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് ഐ.സി.സി ചിന്തിക്കുന്നത്. സ്വന്തം ടീമിനെ എന്തുവില കൊടുത്തും ജയിപ്പിക്കുന്ന പിച്ചുകളൊരുക്കി ടെസ്റ്റുകളെ കൊല്ലുകയാണ് ദേശീയ ടീമുകള്‍. കേപ്ടൗണില്‍ ആദ്യ ദിനം 23 വിക്കറ്റ് നിലംപതിച്ച പിച്ച് അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സ്പിന്‍ പിച്ചിലാണ് ഇത്രയധികം വിക്കറ്റ് വീണതെങ്കില്‍ വലിയ കോലാഹലമാവും. ദക്ഷിണാഫ്രിക്കയിലെ പെയ്‌സ് പിച്ചിലായതു കൊണ്ട് ആര്‍ക്കും വലിയ പരാതിയില്ല. ടെസ്റ്റ് ക്രിക്കറ്റിന്റെ രക്ഷിക്കുക ഐ.സി.സിയുടെ ഉത്തരവാദിത്തമാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് പിച്ചൊരുക്കേണ്ട ചുമതല സ്വയം ഏറ്റെടുക്കുകയാണ്. കേപ്ടൗണ്‍ പിച്ചിനെക്കുറിച്ച് ഐ.സി.സി എന്തു പറയുന്നുവെന്ന് കാത്തിരിക്കുകയാണ് ഏഷ്യന്‍ ടീമുകള്‍. ക്യുറേറ്റര്‍ ബ്രൂം മോംഗാണ് കേപ്ടൗണില്‍ പിച്ച് തയാറാക്കിയത്. അദ്ദേഹം ആദ്യമായാണ് ടെസ്റ്റിന് പിച്ചൊരുക്കിയത്.
എന്താണ് പ്രശ്‌നം
പെയ്‌സ്ബൗളിംഗിനെ നന്നായി തുണക്കുന്ന പിച്ചാണ് കേപ്ടൗണിലേതെങ്കില്‍ കുഴപ്പമില്ലായിരുന്നു. പെയ്‌സ് നേരിട്ട് കളിക്കാര്‍ക്ക് പരിശീലനം നടത്തി മത്സരത്തിന് തയാറെടുക്കാം. എന്നാല്‍ ബാറ്റിംഗ് വെറും ഭാഗ്യക്കുറിയായിരുന്നു കേപ്ടൗണില്‍. പന്ത് എത്ര ബൗണ്‍സ് ചെയ്യുമെന്നതിനെക്കുറിച്ച് ഒരു പ്രവചനവും സാധ്യമല്ലായിരുന്നു. 23 വിക്കറ്റ് ആദ്യ ദിനം വീണതില്‍ നാലു പേര്‍ മാത്രമാണ് 20 റണ്‍സ് പിന്നിട്ടത്. അതില്‍ രോഹിത് ശര്‍മ ട്വന്റി20 ശൈലിയിലാണ് കളിച്ചത്. ആഞ്ഞടിച്ച് പരമാവധി റണ്‍സ് ഉറപ്പാക്കുക. റണ്‍സെടുക്കല്‍ അത്രമാത്രം പ്രയാസമായതോടെ ബൈ റണ്ണിനാടി കളിക്കാര്‍ മത്സരിച്ചോടി.
ആര്‍ക്കും ദഹിക്കുന്നില്ല
ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ക്കു തന്നെ ഈ പിച്ച് ദഹിച്ചിട്ടില്ല. ഇങ്ങനെയല്ല പിച്ച് തയാറാക്കേണ്ടതെന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് കണ്‍സള്‍ടന്റ് അശ്വല്‍ പ്രിന്‍സ് പറഞ്ഞു. ഒന്നാം ദിവസം ഇത്ര വേഗമുള്ള പിച്ച് ഇതുവരെ കണ്ടിട്ടില്ലെന്ന് കരിയറില്‍ ഏറെയും ന്യൂലാന്റ്‌സില്‍ കളിച്ച പ്രിന്‍സ് പറയുന്നു. ന്യൂലാന്റ്‌സ് ഹോം ഗ്രൗണ്ടായ വെസ്‌റ്റേണ്‍ പ്രോവിന്‍സിന്റെ കോച്ച് കൂടിയാണ് ഇപ്പോള്‍ അശ്വല്‍. പെയ്‌സും സീമും ഉണ്ടാവുന്നത് മോശമല്ല. എന്നാല്‍ സ്ഥിരതയില്ലാത്ത പെയ്‌സും സീമും അപകടകരമാണ്. ഒരു ടീം എതിരാളികളെ ചെറിയ സ്‌കോറില്‍ ഒതുക്കുന്നത് മനസ്സിലാക്കാം, രണ്ട് ടീമിനും അങ്ങനെ സംഭവിക്കുമ്പോള്‍ എന്തോ കുഴപ്പമുണ്ട് -അശ്വല്‍ വിലയിരുത്തി.
മത്സരത്തിലുടനീളം അസാധാരണമായി ബൗളര്‍മാര്‍ക്ക് സീം മൂവ്‌മെന്റ് ലഭിച്ചു. പ്രവചനതാതീതമായിരുന്നു ബൗണ്‍സ്. പഴയ പന്തുകള്‍ പോലും കളിക്കാന്‍ പ്രയാസകരമായിരുന്നു. ബാറ്റിംഗ് അതീവ ദുഷ്‌കരമായി. ഷോട്ടെടുക്കാന്‍ നിര്‍ബന്ധിതരായാല്‍ വിക്കറ്റ് വീഴുമെന്നതായിരുന്നു അവസ്ഥ. ഈ നൂറ്റാണ്ടിലെ ടെസ്റ്റ് മത്സരങ്ങളില്‍ ഒരു ദിവസമേ ഇതിനെക്കാളധികം വിക്കറ്റ് നിലംപൊത്തിയിട്ടുള്ളൂ.
രാഹുല്‍-സിറാജ് തന്ത്രം
പിച്ചില്‍ നിന്ന് വലിയ സഹായം ലഭിച്ചെങ്കിലും കണ്‍ട്രോളോടെ പന്തെറിഞ്ഞതിനാലാണ് വിക്കറ്റുകള്‍ നേടാനായതെന്ന് മുഹമ്മദ് സിറാജ് പറഞ്ഞു. വിക്കറ്റ്കീപ്പര്‍ കെ.എല്‍ രാഹുലുമായി ആലോചിച്ച് ഏത് ലെംഗ്തില്‍ എറിയണമെന്ന് തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായ ഒമ്പതോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് ആറ് വിക്കറ്റെടുത്തത്.
വിടപറയുന്ന താല്‍ക്കാലിക നായകന്‍ ഡീന്‍ എല്‍ഗര്‍ രണ്ടു തവണ ആദ്യ ദിവസം പുറത്തായി. ആദ്യ ഇന്നിംഗ്‌സില്‍ നാല് റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 12 റണ്‍സിനും.






