കേപ്ടൗണ്‍ - 23 വിക്കറ്റുകള്‍ നിലംപതിച്ച ആദ്യ ദിവസമവസാനിച്ചപ്പോള്‍ കേപ്ടൗണ്‍ ടെസ്റ്റില്‍ ആര്‍ക്കാണ് പിഴച്ചതെന്ന് ചോദ്യമുയര്‍ന്നു. രണ്ട് ദിവസം കൊണ്ട് കളി തീരുമെന്ന് ന്യായമായും പ്രതീക്ഷിക്കാവുന്ന വിധത്തിലാണ് മത്സരം മുന്നേറുന്നത്. ക്യുറേറ്റര്‍ ബ്രൂം മോംഗ് ആദ്യമായാണ് ടെസ്റ്റിന് പിച്ചൊരുക്കിയത്.
മത്സരത്തിലുടനീളം അസാധാരണമായി ബൗളര്‍മാര്‍ക്ക് സീം മൂവ്‌മെന്റ് ലഭിച്ചു. പ്രവചനതാതീതമായിരുന്നു ബൗണ്‍സ്. പഴയ പന്തുകള്‍ പോലും കളിക്കാന്‍ പ്രയാസകരമായിരുന്നു. ബാറ്റിംഗ് അതീവ ദുഷ്‌കരമായി. ഷോട്ടെടുക്കാന്‍ നിര്‍ബന്ധിതരായാല്‍ വിക്കറ്റ് വീഴുമെന്നതായിരുന്നു അവസ്ഥ. ഈ നൂറ്റാണ്ടിലെ ടെസ്റ്റ് മത്സരങ്ങളില്‍ ഒരു ദിവസമേ ഇതിനെക്കാളധികം വിക്കറ്റ് നിലംപൊത്തിയിട്ടുള്ളൂ.
മുഹമ്മദ് സിറാജ് 15 റണ്‍സിന് ആറു വിക്കറ്റെടുത്തതോടെ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 55ന് ഓളൗട്ടാക്കി. മറുപടിയായി ഇന്ത്യ നാലിന് 153ലെത്തി. എന്നാല്‍ ഒരു റണ്‍ പോലും ചേര്‍ക്കും മുമ്പെ 11 പന്തിനിടെ ആറ് വിക്കറ്റ് നഷ്ടമായി. ഇത് ടെസ്റ്റ് ചരിത്രത്തിലാദ്യമാണ്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ആറ് ഡക്കും റെക്കോര്‍ഡിനൊപ്പമെത്തുന്ന നാണക്കേടാണ്. രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സിലെത്തി. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ അവര്‍ 36 റണ്‍സ് കൂടി നേടണം. തന്റെ അവസാന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുന്ന ഡീന്‍ എല്‍ഗര്‍ ഒരേ ദിനം രണ്ടു തവണ പുറത്തായി. ടോണി ഡിസോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരും ഒരു ദിവസം രണ്ടു തവണ ഔട്ടായി. സംഭവബഹുലമായ ദിവസം അവസാനിക്കുമ്പോള്‍ അയ്ദന്‍ മാര്‍ക്‌റമും (36 നോട്ടൗട്ട്) ഡേവിഡ് ബെഡിംഗാമുമാണ് (7 നോട്ടൗട്ട്) ക്രീസില്‍.






