കേപ്ടൗണ്‍ - കേപ്ടൗണ്‍ ടെസ്റ്റില്‍ 23 ഓവറില്‍ 55 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഓളൗട്ടാക്കിയത്. ഇന്ത്യന്‍ ടീമിനെതിരെ ടെസ്റ്റില്‍ എതിര്‍ ടീമുകളുടെ ഏറ്റവും ചെറിയ സ്‌കോറാണ് ഇത്. ടെസ്റ്റ് ചരിത്രത്തിലെ ഏഴാമത്തെ ചെറിയ സ്‌കോറും കൂടിയാണ് ഇത്. 1932 നു ശേഷം ഇത്ര ചെറിയ സ്‌കോറില്‍ ദക്ഷിണാഫ്രിക്ക പുറത്തായിട്ടില്ല.
ഇതിന് മുമ്പ് ഇന്ത്യ ഏറ്റവും ചെറിയ സ്‌കോറിന് പുറത്താക്കിയത് ന്യൂസിലാന്റിനെയാണ് -2021 ല്‍ വാംഖഡെയില്‍ 62ന്.
9.4 ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ 55 ഇന്ത്യ മറികടന്നു. 2001 നു ശേഷം ഇത്ര വേഗത്തില്‍ ടെസ്റ്റില്‍ ഒരു ടീമും ലീഡ് നേടിയിട്ടില്ല. 2005 ല്‍ സിംബാബ്‌വെക്കെതിരെയും 2013 ല്‍ ന്യൂസിലാന്റിനെതിരെയും ഇതേ ഗ്രൗണ്ടില്‍ 11.2 ഓവറില്‍ ദക്ഷിണാഫ്രിക്ക ലീഡ് നേടിയ റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്.
ആദ്യ ദിനം ലഞ്ചിന് മുമ്പ് ആറു വിക്കറ്റെടുത്ത മുഹമ്മദ് സിറാജിന്റെ പ്രകടനം ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ചതാണ്. 2015 ല്‍ ഓസ്‌ട്രേലിയക്കെതിരെ ട്രെന്റ്ബ്രിജില്‍ ഇംഗ്ലണ്ടിന്റെ സറ്റുവാര്‍ട് ബ്രോഡ് 15 റണ്‍സിന് എട്ട് വിക്കറ്റെടുത്തതാണ് മികച്ചത്. 1987 ല്‍ പാക്കിസ്ഥാനെതിരെ ബാംഗ്ലൂരില്‍ മണീന്ദര്‍ സിംഗാണ് ആദ്യ ദിനം ലഞ്ചിന് മുമ്പ് അഞ്ച് വിക്കറ്റെടുത്ത മറ്റൊരേയൊരു ഇന്ത്യന്‍ ബൗളര്‍.
23.2 ഓവറിലാണ് ഇന്ത്യ എതിരാളികളെ പുറത്താക്കിയത്. 2006ല്‍ ജോഹന്നസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയെ 25.1 ഓവറില്‍ ഓളൗട്ടാക്കിയതായിരുന്നു ഇതിനു മുമ്പ് ഇന്ത്യയുടെ റെക്കോര്‍ഡ്.
1899 ലാണ് അവസാനം ഇതിനെക്കാള്‍ ചെറിയ സ്‌കോറിന് ദക്ഷിണാഫ്രിക്ക സ്വന്തം നാട്ടില്‍ പുറത്തായത്. ഇംഗ്ലണ്ടിനെതിരെ 35 ഓളൗട്ട്. 1950 നു ശേഷം ഒരു ടീം നേടുന്ന ഏറ്റവും ചെറിയ നാലാമത്തെ ഫസ്റ്റ് ഇന്നിംഗ്‌സ് ടോട്ടലാണ് 55. നാലില്‍ മൂന്നും കേപ്ടൗണിലായിരുന്നു.
ഒമ്പതോവറേ വേണ്ടിവന്നുള്ളൂ സിറാജിന് ആറ് വിക്കറ്റെടുക്കാന്‍. 1999 ല്‍ പാക്കിസ്ഥാനെതിരെ വെങ്കിടേഷ് പ്രസാദ് 10.2 ഓവറില്‍ ആറു വിക്കറ്റെടുത്തതാണ് നിലവിലെ ഇന്ത്യന്‍ റെക്കോര്‍ഡ്. ആറ് വിക്കറ്റെടുക്കാന്‍ ഇതിനെക്കാള്‍ കുറഞ്ഞ റണ്‍സ് ഒരു ഇന്ത്യന്‍ ബൗളറേ അനുവദിച്ചിട്ടുള്ളൂ -ശ്രീലങ്കക്കെതിരെ 1993 ല്‍ ചണ്ഡിഗഢില്‍ വെങ്കിടപതി രാജു -12 റണ്‍സിന് ആറു വിക്കറ്റ്.






