കേപ്ടൗണില്‍ ഇന്ത്യന്‍ കൊടുങ്കാറ്റ്, ദക്ഷിണാഫ്രിക്ക തകരുന്നു

കേപ്ടൗണ്‍ - ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും തകര്‍പ്പന്‍ പെയ്‌സാക്രമണത്തില്‍ തകരുന്നു. എട്ട് റണ്‍സെടുക്കുമ്പോഴേക്കും ഓപണര്‍മാര്‍ തിരിച്ചുകയറി. 15 റണ്‍സാവുമ്പോഴേക്കും നാലു വിക്കറ്റും 34 റണ്‍സാവുമ്പോഴേക്കും അഞ്ചാമത്തെ വിക്കറ്റും ഷ്ടപ്പെട്ടു. ഏഴോവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി മുഹമ്മദ് സിറാജ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ആറോവറില്‍ 16 റണ്‍സ് വഴങ്ങി ബുംറ ഒരു വിക്കറ്റെടുത്തു. ശാര്‍ദുല്‍ താക്കൂറിനെ ഒഴിവാക്കി മുകേഷ്‌കുമാറിനെ കൊണ്ടുവന്ന ഇന്ത്യ പ്രസിദ്ധ് കൃഷ്ണയെ നിലനിര്‍ത്തി. സുഖം പ്രാപിച്ച രവീന്ദ്ര ജദേജക്കു വേണ്ടി ആര്‍. അശ്വിന്‍ ഒഴിഞ്ഞു കൊടുത്തു. 
എട്ട് റണ്‍സെടുക്കുമ്പോഴേക്കും ഓപണര്‍മാരെ ദക്ഷിണാഫ്രിക്കക്ക് നഷ്ടപ്പെട്ടിരുന്നു. അയ്ദന്‍ മാര്‍ക്‌റമാണ് (2) ആദ്യം മടങ്ങിയത്. സ്ലിപ്പില്‍ യശസ്വി ജയ്‌സ്വാള്‍ പിടിച്ചു. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ മാംസത്തിലെ മുള്ളായി നിന്ന ഡീന്‍ എല്‍ഗറെ (4) സിറാജ് ബൗള്‍ഡാക്കി. ടോണി ഡിസോര്‍സിയെ (2) വിക്കറ്റ്കീപ്പര്‍ കെ.എല്‍ രാഹുല്‍ പിടിച്ചു. ഡേവിഡ് ബെലിംഗാമിനെയും (12) സിറാജ് സ്ലിപ് ക്യാച്ചില്‍ മടക്കി. ബുംറയുടെ പന്ത് ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ (3) ബാറ്റിലും പാഡിലും തട്ടിയുയര്‍ന്ന് ഫോര്‍വേഡ് ഷോര്‍ട്‌ലെഗില്‍ രോഹിത് ശര്‍മയുടെ കൈയില്‍ വിശ്രമിച്ചു. 

Latest News