ന്യൂലാന്റ്‌സില്‍ ന്യൂ ഇയര്‍, പുതിയ തുടക്കത്തിന് ഇന്ത്യ

ദക്ഷിണാഫ്രിക്ക x ഇന്ത്യ
രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്
കേപ്ടൗണ്‍, ഇന്ന് രാവിലെ 11.00

കേപ്ടൗണ്‍ - ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് ബുധനാഴ്ച കേപ്ടൗണിലെ ന്യൂലാന്റ്‌സ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ന്യൂലാന്റ്‌സില്‍ ആറ് ടെസ്റ്റ് കളിച്ചിട്ടും ഇതുവരെ ഇന്ത്യക്ക് ജയിക്കാനായിട്ടില്ല. ഇതുവരെ പരമ്പര നേടിയിട്ടില്ലാത്ത ദക്ഷിണാഫ്രിക്കയില്‍ അവസാന തീരം താണ്ടണമെന്ന ലക്ഷ്യത്തോടെ എത്തിയ ഇന്ത്യക്ക് സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ പരമ്പരയില്‍ ജയിച്ച സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കക്ക് ആദ്യ ദിനം തന്നെ ക്യാപ്റ്റന്‍ തെംബ ബവൂമയെ പരിക്ക് കാരണം നഷ്ടപ്പെട്ടെങ്കിലും ആതിഥേയര്‍ക്ക് ഇന്നിംഗ്‌സ് വിജയം നേടാന്‍ മൂന്നു ദിവസം പോലും വേണ്ടി വന്നില്ല. പിന്നീട് ഐ.സി.സി പിഴ കൂടി ലഭിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് പോയന്റ് പട്ടികയില്‍ ഇന്ത്യ് ആറാം സ്ഥാനത്തേക്ക് പോയി. പരമ്പര നേടാന്‍ അടുത്ത പര്യടനം വരെ കാത്തിരിക്കണമെങ്കിലും തലയുയര്‍ത്തി മടങ്ങണമെങ്കില്‍ ഈ ടെസ്റ്റ് ഇന്ത്യ ജയിച്ചേ പറ്റൂ. 2013-14 നു ശേഷം ദക്ഷിണാഫ്രിക്കയിലെ എല്ലാ പര്യടനങ്ങളിലും ഒരു ടെസ്റ്റെങ്കിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. 
രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടെങ്കിലും ബൗളിംഗിലാണ് ഇന്ത്യക്ക് പൂര്‍ണമായും പിഴച്ചത്. ശാര്‍ദുല്‍ താക്കൂറിനും അരങ്ങേറ്റക്കാരന്‍ പ്രസിദ്ധ് കൃഷ്ണക്കും കനത്ത ശിക്ഷ കിട്ടി. പെയ്‌സ്ബൗളിംഗിനെ നന്നായി തുണച്ച പിച്ചില്‍ 39 ഓവറില്‍ രണ്ട് വിക്കറ്റെടുക്കാന്‍ അവര്‍ 194 റണ്‍സ് വഴങ്ങി. അതിനാല്‍ മുകേഷ്‌കുമാറിനെയോ അവേഷ് ഖാനെയോ പ്ലേയിംഗ് ഇലവനില്‍ ഉള്‍പെടുത്തിയേക്കും. അവസാന ദിനങ്ങള്‍ സ്പിന്നിനെ തുണക്കാന്‍ സാധ്യതയുണ്ടെന്നിരിക്കെ ആര്‍. അശ്വിനെയും രവീന്ദ്ര ജദേജയെയും ഒരുമിച്ച് കളിപ്പിക്കാനും ടീം ആലോചിക്കുന്നുണ്ട്. 
ക്യാപ്റ്റന്‍ രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയില്‍ 10 ഇന്നിംഗ്‌സില്‍ നേടിയത് വെറും 128 റണ്‍സാണ്. 47 ആണ് ടോപ്‌സ്‌കോര്‍. 
ഈ ടെസ്‌റ്റോടെ വിടവാങ്ങുന്ന ഡീന്‍ എല്‍ഗറാണ് ദക്ഷിണാഫ്രിക്കയെ നയിക്കുക. വിടവാങ്ങല്‍ വിജയത്തോടെ ആഘോഷിക്കാനുള്ള അവസരമാണ് ഓപണര്‍ക്ക് ലഭിക്കുക. പെയ്‌സ്ബൗളര്‍ ജെറാള്‍ഡ് കൂറ്റ്‌സിക്ക് പരിക്കാണ്. പകരം ലുന്‍ഗി എന്‍ഗീഡിയോ സ്പിന്നര്‍ കേശവ് മഹാരാജോ കളിച്ചേക്കും. പുതുമുഖങ്ങളായ പെയ്‌സ്ബൗളര്‍ നാന്ദ്രെ ബര്‍ഗറുടെ ബൗളിംഗും സ്ലിപ് ക്യാച്ചിംഗും ഡേവിഡ് ബെഡിംഗാമിന്റെ ബാറ്റിംഗും ദക്ഷിണാഫ്രിക്കക്ക് വലിയ ആത്മവിശ്വാസം പകരും. ബവൂമക്ക് പകരം കേപ്ടൗണ്‍കാരനായ സുബൈര്‍ ഹംസ പ്ലേയിംഗ് ഇലവനിലെത്തും.  


 

Latest News