മഡ്രീഡ് - കഴിഞ്ഞ വര്‍ഷം ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ കാണാനുള്ള യാത്രക്കിടെ ഇറാന്‍ ജയിലിലായ സ്‌പെയിന്‍കാരന്‍ സാന്‍ഡിയാഗൊ സാഞ്ചസ് കോഗേഡോറിന് വീണ്ടും ഇറാന്‍ സന്ദര്‍ശിക്കാന്‍ മോഹം. എല്ലാവരും എതിര്‍ത്താലും താന്‍ വീണ്ടും ഇറാനില്‍ പോവുമെന്ന് ഒരു വര്‍ഷത്തിലേറെ ഇറാന്‍ ജയിലില്‍ കഴിഞ്ഞ ശേഷം സ്‌പെയിനില്‍ തിരിച്ചെത്തിയ സ്വീകരണത്തിനിടയില്‍ കോഗേഡോര്‍ പറഞ്ഞു. ഇറാന്‍ അധികൃതര്‍ തനിക്ക് മുന്നില്‍ അതിര്‍ത്തി പടുത്തുയര്‍ത്തുകയാണെങ്കില്‍ അത് താന്‍ ചാടിക്കടക്കുമെന്നും കോഗേഡോര്‍ പറഞ്ഞു.
2022 ഒക്ടോബറില്‍ ഇറാനില്‍ പ്രവേശിച്ചയുടനെയാണ് നാല്‍പത്തൊന്നുകാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അക്കാലത്ത് തല മറക്കാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട മഹ്‌സ അമീനി എന്ന വനിത പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഇറാനില്‍ പ്രതിഷേധം പടരുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ പ്രതിഷേധത്തില്‍ എണ്ണയൊഴിക്കുകയാണെന്ന് ഇറാന്‍ സംശയിച്ചിരുന്നു.
2022 ജനുവരിയിലാണ് കാല്‍നടയായി കോഗേഡോര്‍ ലോകകപ്പ് കാണാന്‍ പുറപ്പെട്ടത്. എന്നാല്‍ നവംബറില്‍ ലോകകപ്പ് തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ കോഗേഡോറുമായി കുടുംബത്തിന് ബന്ധം നഷ്ടപ്പെട്ടു. ഇപ്പോള്‍ വടക്കന്‍ ഇറാഖിലാണെന്നും ഇറാന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണെന്നും ഒക്ടോബര്‍ ഒന്നിനാണ് കുടുംബത്തിന് അവസാനമായി സന്ദേശം ലഭിച്ചത്. തെഹ്‌റാനില്‍ ഹുര്‍മുസ് കടലിടുക്കിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തു നിന്ന് ബോട്ടില്‍ ഖത്തറിലേക്ക് പോവാനായിരുന്നു കോഗേഡോറിന്റെ പദ്ധതി. കുറച്ചു ദിവസത്തിനു ശേഷം സ്പാനിഷ് വിദേശ മന്ത്രാലയമാണ് കോഗേഡോര്‍ അറസ്റ്റിലായ വിവരം മാതാപിതാക്കളെ അറിയിക്കുന്നത്.
സ്‌പെയിനിന്റെ ഇരുപത്തിനാലുകാരി അന ബനീറയെയും ഇറാന്‍ അറസ്റ്റ് ചെയ്തിരുന്നു. അനയെ കഴിഞ്ഞ ഫെബ്രുവരിയില്‍ മോചിപ്പിച്ചു.






