ടെസ്റ്റ് ക്രിക്കറ്റ് മരണത്തിലേക്ക്, പുതിയ വഴിയില്‍ ദക്ഷിണാഫ്രിക്ക

ജോഹന്നസ്ബര്‍ഗ് - ട്വന്റി20യുടെ പണക്കൊഴുപ്പിനും കുതിപ്പിനും മുന്നില്‍ ടെസ്റ്റ് ക്രിക്കറ്റിന് മരണമണി മുഴങ്ങുകയാണോ? പുതുവര്‍ഷത്തില്‍ ദക്ഷിണാഫ്രിക്ക എടുത്ത തീരുമാനം ആ ദിശയിലേക്കാണ്. മുന്‍നിര കളിക്കാര്‍ എസ്എ ട്വന്റി20 ലീഗില്‍ കളിക്കുമ്പോള്‍ രണ്ടാം നിരയാണ് ന്യൂസിലാന്റ് പര്യടനത്തിന് പോവുന്നത്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സിന് ജയിച്ച ടീമിലെ രണ്ട് പുതുമുഖങ്ങള്‍ മാത്രമാണ് ന്യൂസിലാന്റ് പര്യടനത്തിനുള്ള ടീമിലുള്ളത്. 14 കളിച്ച ദുവാന്‍ ഒലിവറാണ് ഏറ്റവും പരിചയസമ്പന്നന്‍. 
ദക്ഷിണാഫ്രിക്കയുടെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമുയരുന്നുണ്ട്. ഇന്ത്യക്കെതിരെ ഇന്ന് ടീമിനെ നയിക്കുന്ന ഡീന്‍ എല്‍ഗര്‍ മുതല്‍ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സും മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോയും വരെ അതൃത്പി പ്രകടിപ്പിച്ചു. എന്നാല്‍ തീരുമാനത്തെ ന്യായീകരിക്കുകയാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക. 
ടെസ്റ്റിനോട് അപമര്യാദ കാണിച്ചിട്ടില്ലെന്നും പര്യടനത്തിന് മറ്റൊരു സമയം കണ്ടെത്താനാവാത്തതിനാലാണ് ഈ തീരുമാനമെന്നും അവര്‍ പറയുന്നു. ന്യൂസിലാന്റിലേക്കുള്ള ടീമില്‍ പകുതിയും പുതുമുഖങ്ങളാണ്. അരങ്ങേറ്റ മത്സരത്തില്‍ നീല്‍ ബ്രാന്റ് ടീമിനെ നയിക്കുന്ന മഹാദ്ഭുതവുമുണ്ട്. എന്നാല്‍ ന്യൂസിലാന്റിനോട് പൊരുതാന്‍ കഴിവുള്ള കളിക്കാര്‍ ടീമിലുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ താനാണ് ന്യൂസിലാന്റ് ടീമിലെങ്കില്‍ ഈ പരമ്പര കളിക്കില്ലെന്നാണ് സ്റ്റീവ് വോ തുറന്നടിച്ചത്.
 

Latest News