മഡ്രീഡ് - കഴിഞ്ഞ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സമാപനച്ചടങ്ങിലെ വിവാദ ചുംബനവുമായി ബന്ധപ്പെട്ട് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജെന്നി ഹെര്‍മോസൊ മഡ്രീഡ് ഹൈക്കോടതിയില്‍ മൊഴി നല്‍കി. അന്നത്തെ സ്പാനിഷ് ഫുട്‌ബോള്‍ പ്രസിഡന്റ് ലൂയിസ് റുബിയാലിസാണ് സമ്മാനദാനച്ചടങ്ങില്‍ അനുവാദമില്ലാതെ ജെന്നിയെ മുഖത്ത് ചുംബിച്ചത്. ഫൈനലില്‍ തോറ്റ ഇംഗ്ലണ്ടിന്റെ കളിക്കാരികളോടും അദ്ദേഹം അപമര്യാദയായി പെരുമാറിയതായി പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി.
രഹസ്യമായി നടത്തിയ വിചാരണയില്‍ രണ്ടര മണിക്കൂറോളം ജെന്നി മൊഴി നല്‍കി. മുപ്പത്തിമൂന്നുകാരി ജെന്നി സ്‌പെയിനിന്റെ എക്കാലത്തെയും ടോപ്‌സ്‌കോററാണ്. ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള ഫിഫ അവാര്‍ഡിന് പരിഗണിക്കപ്പെടുന്നുണ്ട്.
സംഭവത്തെ ന്യായീകരിക്കാനാണ് റുബിയാലിസ് ശ്രമിച്ചത്. എന്നാല്‍ സമ്മര്‍ദ്ദം മുറുകിയതോടെ അദ്ദേഹത്തിന് ഫുട്‌ബോള്‍ പദവികളൊക്കെ നഷ്ടപ്പെട്ടു.






