ലോകപ്രശസ്ത കോച്ച് ബോറ ഇന്ത്യന്‍ കളിക്കാരെ സന്ദര്‍ശിച്ചു

ദോഹ - ലോകപ്രശസ്ത ഫുട്‌ബോള്‍ കോച്ച് ബോറ മിലൂട്ടിനോവിച് ഏഷ്യന്‍ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ കളിക്കാരുടെ ക്യാമ്പ് സന്ദര്‍ശിച്ചു. അഞ്ച് ടീമുകളെ ലോകകപ്പില്‍ പരിശീലിപ്പിച്ച അതുല്യ കോച്ചാണ് ബോറ -മെക്‌സിക്കൊ (1986), കോസ്റ്ററീക്ക (1990), അമേരിക്ക (1994), നൈജീരിയ (1998), ചൈന (2002) ടീമുകളെ. ഇതില്‍ ചൈനയൊഴികെ ടീമുകളെ നോക്കൗട്ട് വരെ എത്തിക്കാനും ബോറക്ക് സാധിച്ചു. 
എഴുപത്തൊമ്പതുകാരനെ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കും ഫിറ്റ്‌നസ് കോച്ച് ലുക്ക റാഡ്മാനും ഗോള്‍കീപ്പിംഗ് കോച്ച് ഫ്രാനൊ സര്‍ദറേവും സ്വീകരിച്ചു. 
ബോറയെ പോലൊരു കോച്ചിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അവസരം കിട്ടിയതില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു അദ്ഭുതം പ്രകടിപ്പിച്ചു. എന്താണ് കളിയിലെ ഏറ്റവും പ്രധാന സംഭവം എന്നാണ് അദ്ദേഹം ചോദിച്ചത്. അടുത്ത സംഭവം എന്ന് അദ്ദേഹം തന്നെ മറുപടി നല്‍കി. ഗോളടിച്ചാല്‍ അടുത്ത സംഭവം പ്രതിരോധിക്കുകയാണ്. ഗോള്‍ വഴങ്ങിയാല്‍ അടുത്ത സംഭവം തിരിച്ചടിക്കുകയാണ് -അദ്ദേഹം പറഞ്ഞു തന്നു. 
ഇംഗ്ലിഷ് വശമില്ലെന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയതെന്നും പിന്നീട് ഒഴുക്കോടെ ഇംഗ്ലിഷില്‍ സംസാരിച്ചുവെന്നും ഡിഫന്റര്‍ സന്ദേശ് ജിംഗന്‍ വെളിപ്പെടുത്തി.
 

Latest News