റിയാദ് - ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള സൗദി അറേബ്യയുടെ ഇരുപത്താറംഗ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രാഥമിക ടീമില്‍ നിന്ന് ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍യാമി, മിഡ്ഫീല്‍ഡര്‍ അലി ഹസാസി, സ്‌ട്രൈക്കര്‍മാരായ ഖാലിദ് അല്‍ഗന്നാം, മുഹമ്മദ് മര്‍ആന്‍ എന്നിവരെ ഒഴിവാക്കി. സാലിം അല്‍ദോസരി, അബ്ദുറഹമാന്‍ ഗരീബ്, സാലിഹ് അല്‍ശഹരി തുടങ്ങിചയ പ്രമുഖ കളിക്കാര്‍ ടീമിലുണ്ട്.
കഴിഞ്ഞ ദിവസം മുപ്പതംഗ പ്രാഥമിക ടീമിനെ കോച്ച് റോബര്‍ടൊ മാഞ്ചീനി പ്രഖ്യാപിച്ചിരുന്നു. ടൂര്‍ണമെന്റിന് മുന്നോടിയായ സൗദി ടീം മൂന്ന് വാംഅപ് മത്സരങ്ങള്‍ കളിക്കും. വ്യാഴാഴ്ച ലെബനോനുമായും ഒമ്പതിന് ഫലസ്തീനുമായും 10ന് ഹോങ്കോംഗുമായും. ടൂര്‍ണമെന്റ് തുടങ്ങുന്നതു വരെ ദോഹയിലെ സീലൈന്‍ റിസോടിലാണ് ടീം താമസിക്കുക. ടൂര്‍ണമെന്റിനായി ആദ്യം ദോഹയിലെത്തിയത് ഇന്ത്യന്‍ ടീമാണ്. ശനിയാഴ്ച. പിന്നാലെ സൗദി ടീം എത്തി.
11ന് നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഖത്തറും ലെബനോനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും സിറിയയുമുള്‍പ്പെടുന്ന ഗ്രൂപ്പ് ബി-യിലാണ് ഇന്ത്യ. 13ന് ഓസ്‌ട്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 16ന് ഒമാനുമായി സൗദി അറേബ്യ പോരാട്ടം തുടങ്ങും.






