മുംബൈ - ഒരേയൊരു ടെസ്റ്റില്‍ ഇന്ത്യയോട് ആദ്യമായി തോറ്റതിന്റെ ക്ഷീണം ഓസ്‌ട്രേലിയന്‍ വനിതകള്‍ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ തീര്‍ത്തു. മൂന്നു മത്സര പരമ്പര അവര്‍ തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ ഓപണര്‍ ഫോബ് ലിച്ഫീല്‍ഡിന്റെ സെഞ്ചുറിയോടെ ഏഴിന് 338 എന്ന പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ സന്ദര്‍ശകര്‍ ഇന്ത്യയെ 32.4 ഓവറില്‍ 248 ന് എറിഞ്ഞിട്ടു. 190 റണ്‍സിന്റെ വന്‍ വിജയം നേടി. ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ പരാജയമാണ് ഇത്.
ലിച്ഫീല്‍ഡും (125 പന്തില്‍ 119) ക്യാപ്റ്റന്‍ അലീസ ഹീലിയും (85 പന്തില്‍ 82) ഓപണിംഗ് വിക്കറ്റില്‍ 28.5 ഓവറില്‍ നേടിയ 189 റണ്‍സാണ് ഓസീസ് ഇന്നിംഗ്‌സിന്റെ അടിത്തറ. പിന്നീട് ഇന്ത്യ തുടരെ വിക്കറ്റെടുത്തെങ്കിലും കനത്ത സ്‌കോറിലെത്താന്‍ ഓസീസിന് അതു മതിയായിരുന്നു. ലിച്ഫീല്‍ഡിനും അലീസക്കും പുറമെ കാര്യമായി സ്‌കോര്‍് ചെയ്തത് അഷ്‌ലെയ് ഗാര്‍ഡനറും (30) ആനബല്‍ സതര്‍ലാന്റും (23) മാത്രം. ശ്രേയാങ്ക പാട്ടീല്‍ മൂന്നു വിക്കറ്റെടുത്തു. അമന്‍ജോത് കൗറിന് രണ്ട് വിക്കറ്റ് കിട്ടി.
ഇന്ത്യക്ക് ഓപണര്‍ യാസ്തിക ഭാടിയയെയും (6) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയും (3) എളുപ്പം നഷ്ടപ്പെട്ടു. സ്മൃതി മന്ദാന (29), ജെമീമ റോഡ്രിഗസ് (25), ദീപ്തി ശര്‍മ (25 നോട്ടൗട്ട്) എന്നിവര്‍ മാത്രമാണ് പൊരുതിയത്. ജോര്‍ജിയ വാരേഹാം (3-23) മേഘന്‍ ഷട് (2-23), അലാന കിംഗ് (2-21), ആനബല്‍ (2-9) എന്നിവര്‍ വിക്കറ്റ് പങ്കുവെച്ചു.






