ആ തൊപ്പി തിരിച്ചു തരൂ, വാണര്‍ കേണപേക്ഷിക്കുന്നു

സിഡ്‌നി - ഓസ്‌ട്രേലിയന്‍ ടീമിന്റെ യാത്രക്കിടയില്‍ നഷ്ടപ്പെട്ട തന്റെ ബാഗി ഗ്രീന്‍ ക്രിക്കറ്റ് തൊപ്പി തിരിച്ചുതരണമെന്ന് ഡേവിഡ് വാണറുടെ വൈകാരികമായ അഭ്യര്‍ഥന. ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്ക് അരങ്ങേറ്റത്തില്‍ ലഭിക്കുന്ന ക്യാപാണ് ബാഗി ഗ്രീന്‍. വാണര്‍ ബുധനാഴ്ച ആരംഭിക്കുന്ന പാക്കിസ്ഥാനെതിരായ മൂന്നാം മത്സരത്തോടെ ടെസ്റ്റില്‍ നിന്ന് വിരമിക്കുകയാണ്. ഏകദിനങ്ങളില്‍ നിന്ന് പുതുവത്സര ദിനത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. അതിനു പിന്നാലെയാണ് തന്റെ തൊപ്പിക്കായി സോഷ്യല്‍ മീഡിയയിലൂടെ വൈകാരികമായ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. 
മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റിനു ശേഷം സിഡ്‌നിയിലേക്കുള്ള യാത്രയിലാണ് തൊപ്പി നഷ്ടപ്പെട്ടതെന്ന് കരുതുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും എവിടെയാണ് തൊപ്പി നഷ്ടപ്പെട്ടതെന്ന് കണ്ടെത്താനായില്ല. ടീം താമസിക്കുന്ന ഹോട്ടലിലെ കാമറുകളും പരിശോധിച്ചു. ആരും മുറിയില്‍ പ്രവേശിച്ചതായി തെളിഞ്ഞിട്ടില്ല. എന്നാല്‍ ലഗേജില്‍ നിന്ന് വാണറുടെ ബാഗ് നഷ്ടപ്പെട്ടിരിക്കുകയാണ്. അതില്‍ മക്കള്‍ നല്‍കിയ സമ്മാനങ്ങളും തൊപ്പിയുമാണ് സൂക്ഷിച്ചിരുന്നത്. തൊപ്പി തനിക്ക് ഏറെ വിലപ്പെട്ട വസ്തുവാണെന്നും അവസാന ടെസ്റ്റില്‍ അത് ധരിക്കാന്‍ അതിയായി ആഗ്രഹിക്കുന്നുവെന്നും വാണര്‍ വികാരഭരിതമായ സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു. ഓസ്‌ട്രേലിയന്‍ ടീം ബാഗാണ് വേണ്ടതെങ്കില്‍ എന്റെ കൈയില്‍ ഒരെണ്ണം കൂടിയുണ്ട്, ആരുമറിയാതെ തരാം. ക്രിക്കറ്റ് ഓസ്‌ട്രേലിയയെയോ എന്നെയോ ബന്ധപ്പെട്ടാല്‍ മതി -മുപ്പത്തേഴുകാരന്‍ പറഞ്ഞു. 
വാണറുടെ അവിശ്വസനീയ കരിയര്‍ ആഘോഷിക്കപ്പെടേണ്ടതാണെന്നും ഏതു വിധേനയും തൊപ്പി കണ്ടെത്താന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും പാക്കിസ്ഥാന്‍ നായകന്‍ ഷാന്‍ മസൂദ് പറഞ്ഞു.
 

Latest News