ബേമിംഗ്ഹാം - പരിശീലകനായി മൂന്ന് മാസം പിന്നിടും മുമ്പെ കോച്ച് വെയ്ന്‍ റൂണിയെ ഇംഗ്ലിഷ് ഒന്നാം ഡിവിഷന്‍ ക്ലബ്ബ് ബേമിംഗ്ഹാം സിറ്റി പുറത്താക്കി. തുടര്‍ച്ചയായ പരാജയങ്ങളെത്തുടര്‍ന്ന് തരംതാഴ്ത്തല്‍ മേഖലയിലേക്ക് പോയതോടെയാണ് കടുത്ത തീരുമാനത്തിന് ക്ലബ്ബ് നിര്‍ബന്ധിതമായത്. മുന്‍ ഇംഗ്ലണ്ട്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നായകന്‍ റൂണിയെ ഒക്ടോബറിലാണ് ബേമിംഗ്ഹാം സിറ്റി പരിശീലകനായി നിയമിച്ചത്. അപ്പോള്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു അവര്‍. തുടര്‍ന്നുള്ള 15 കളികളില്‍ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്. തിങ്കളാഴ്ച ലീഡ്‌സ് യുനൈറ്റഡിനെതിരായ കളി റൂണിക്കു കീഴില്‍ അവരുടെ ഒമ്പതാമത്തെ തോല്‍വിയായിരുന്നു. ഇപ്പോള്‍ ഇരുപതാം സ്ഥാനത്താണ്.
ക്ലബ്ബിന്റെ നടപടി വലിയ തിരിച്ചടിയാണെന്നും ഈ നിരാശ അതിജീവിക്കാന്‍ ഏറെ സമയമെടുക്കുമെന്നും മുപ്പത്തെട്ടുകാരന്‍ പറഞ്ഞു. കളിക്കാരനും പിന്നീട് കോച്ചായും പതിനാറാം വയസ്സ് മുതല്‍ ഞാന്‍ പ്രൊഫഷനല്‍ ഫുട്‌ബോളിലുണ്ട്. ഇനി കുടുംബവുമൊത്ത് അല്‍പം വിശ്രമിക്കാനാണ് പദ്ധതി -റൂണി പറഞ്ഞു.
കളിക്കാരനെന്ന നിലയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയ റൂണി പരിശീലകനെന്ന നിലയില്‍ കാര്യമായ വിജയം നേടിയിട്ടില്ല. ഡാര്‍ബി ക്ലബ്ബിനെ 2021ല്‍ തരംതാഴ്ത്തലില്‍ നിന്ന് രക്ഷപ്പെടുത്തിയതാണ് പ്രധാന നേട്ടം. നാലു മാസം ഡാര്‍ബിയെ പരിശീലിപ്പിച്ചിരുന്നു. ഒരു പോയന്റിനാണ് അവര്‍ തരംതാഴ്ത്തല്‍ ഒഴിവാക്കിയത്. എന്നാല്‍ ക്ലബ്ബ് ഭരണം അലങ്കോലമായതിനെത്തുടര്‍ന്ന് ശിക്ഷാ നടപടി നേരിട്ടു. തരംതാഴ്ത്തപ്പെട്ടതോടെ 2022 ജൂണില്‍ റൂണി ക്ലബ്ബ് വിട്ടു. ജൂലൈയില്‍ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഡി.സി യുനൈറ്റഡിന്റെ കോച്ചായി. ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സ് ലീഗില്‍ ഡി.സി യുനൈറ്റഡ് അവസാന സ്ഥാനത്തായിരുന്നു. 2023 ല്‍ സ്ഥിതി മെച്ചപ്പെടുകയും പന്ത്രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. പരിശീലകനെന്ന നിലയില്‍ 152 മത്സരങ്ങളഇല്‍ 41 വിജയം മാത്രമാണ് റൂണി നേടിയത്. 73 പരാജയങ്ങള്‍ നേരിട്ടു.






