ഷാര്‍ജ- പുതുവത്സരദിനത്തില്‍ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച രണ്ടു തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കും. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ജാസിം സുലൈമാന്‍ (33), തിരുവനന്തപുരം പോങ്ങോട് സനോജ് മന്‍സിലില്‍ സനോജ് ഷാജഹാന്‍ (38) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഷാര്‍ജ- അജ്മാന്‍ റോഡില്‍ വൈകിട്ട് 7.30- ഓടെയായിരുന്നു സംഭവം. ദുരന്തത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. മരിച്ച ജാസിമിന്റെ ഭാര്യ ഷിഫ്‌ന അബ്ദുല്‍ നസീറിനെ ഗുരുതരാവസ്ഥയില്‍ ദൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മക്കളായ ഇഷ, ആദം എന്നിവരും അപകടത്തില്‍പ്പെട്ടിരുന്നു. മൂത്തമകളായ ഇഷ പരിക്കുകളോടെ ദൈദ് ആശുപത്രിയിലുണ്ട്. ആദമിന് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ബന്ധുക്കളുടെ കൂടെ വിട്ടയച്ചു.
അപകടത്തില്‍ പരുക്കേറ്റ ജാസിമിന്റെ ബന്ധുവായ ഹാഷിക് കടക്കലിനെ അജ്മാന്‍ ഖലീഫാ ആശുപത്രയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച സനോജ് ഷാജഹാന്റെ കുടുംബം രണ്ടുദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്.
പുതുവത്സരം ആഘോഷിക്കാനായി ജാസിമും കുടുംബവും സനോജും ഹാഷികും ഒരു വാഹനത്തില്‍ ഫുജൈറയില്‍നിന്നു തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ജാസിം ആയിരുന്നു വാഹനമോടിച്ചിരുന്നത്. ഇരുവരും പങ്കാളികളായി അജ്മാനില്‍ ട്രാവല്‍സ് നടത്തുകയായിരുന്നു.
സനോജിന്റെ ഭാര്യ സബ്‌ന. മക്കള്‍: മുഹമ്മദ് സയാന്‍, സാദിയ ഫര്‍ഹാത്, സമീഹ ഫാത്തിമ, സിഹാന്‍. മാതാപിതാക്കള്‍: ഷാജഹാന്‍, നൂര്‍ജഹാന്‍.
തോളിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പരപ്പാര സുലൈമാന്റെയും മഹിളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി റസിയയുടെയും മകനാണ് ജാസിം.






