മസ്‌കത്ത്-ഒമാനിൽ അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിൻെറ പരിശോധനകൾ ഊർജിതമാക്കി.ഇതിനായി സെക്യൂരിറ്റി ആന്റ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്. തൊഴിൽ മന്ത്രി മഹദ് ബിൻ സഈദ് ബാ ഒവൈനും സെക്യൂരിറ്റി ആന്റ് സേഫ്റ്റി കോർപറേഷൻ ചെയർമാൻ അബ്ദുല്ല ബിൻ അലി അൽ ഹാർത്തിയുമാണ് കരാറിൽ ഒപ്പു വെച്ചിരുന്നത്.ഈ സംവിധാനം ഉപയോഗപ്പെടുത്തി തൊഴിൽ നിയമ ലംഘന പരിശോധന ശക്തമാക്കുകയും തൊഴിൽ നിമയ ലംഘകരെ കണ്ടെത്തുകയുമാണ് മന്ത്രാലയം ലിക്ഷ്യമിടുന്നത്. ഈ സംവിധാനത്തിനു കീഴിൽ പ്രവാസികൾ ഏറെ തിങ്ങിപ്പാർക്കുന്ന മസ്‌കത്ത്, ദോഫാർ, തെക്ക്, വടക്കൻ ബാത്തിന എന്നീ നാല് ഗവർണറേറ്റുകളിലായിരിക്കും ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുക. അടുത്ത ഘട്ടങ്ങളിൽ മറ്റ് ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും.താമസ രേഖകൾ ശരിയല്ലാത്തവർ ഉടൻ ശരിപ്പെടുത്തേണ്ടി വരും. അതോടൊപ്പം വിസ,ലേബർ കാർഡ് എന്നിവ കാലവധി കഴിഞ്ഞവരെയും പരിശോധന ബാധിച്ചേക്കും. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ലേബർ കാർഡിൽ പറഞ്ഞ ജോലി തന്നെയാണോ ചെയ്യുന്നതെന്നും ഉറപ്പാക്കണം. റോഡിൽ യാതൊരു രേഖയുമില്ലാതെ ഹോം ഡെലിവറിയും മറ്റും നടത്തുന്നവരെ കണ്ടെത്താനും പദ്ധതിയുണ്ട്.അൽ ഹംരിയ്യ അടക്കമുള്ള നഗരങ്ങളിൽ ഫ്രീ വിസയിൽ വന്ന് നിർമാണ ജോലിക്ക് പോവുന്നവരും നിരവധിയാണ്.നിയമം കർശനമാവുന്നതോടെ ഇത്തരക്കാർക്കും പ്രശ്‌നമാകും.സ്വദേശികൾക്കായി നീക്കിവെച്ചിരിക്കുന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരും രേഖകൾ പുതുക്കാത്തവരും വലയിൽ കുടുങ്ങും.കഴിഞ്ഞ വർഷം ജൂൺ വരെ മസ്‌കത്തിൽ നിന്ന് മാത്രം 5724 തൊഴിൽ നിയമ ലംഘകരാണ് പിടിയിലായത്. ഇതിൽ 3887 പേരെ നാടുകളിലേക്ക് തിരിച്ചയച്ചു.
അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ മാത്രമായിരിക്കും പരിശോധന നടത്തുകയെന്ന് ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ ഡയറക്ടർ ജനറൽ നാസർ ബിൻ സലേം അൽ ഹദ്രമി അറിയിച്ചു.
നിയമവിരുദ്ധ തൊഴിലാളികളെ തൊഴിൽ വിപണിയിൽനിന്ന് ഒഴിവാക്കാനും തൊഴിൽ വിപണിയെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് പരിശോധന.






