കേപ്ടൗണ്‍ - ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കു വേണ്ടി ഉജ്വലമായി അരങ്ങേറിയ ഡേവിഡ് ബെഡിംഗാം തന്റെ ഏറ്റവും വലിയ ആഗ്രഹം വ്യക്തമാക്കി -ബ്രിട്ടിഷ് പാസ്പോര്ട്. ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് കളിക്കുകയല്ല ഇരുപത്തൊമ്പതുകാരന്റെ ലക്ഷ്യം. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ ബ്രിട്ടനില്‍ താമസമാക്കുകയാണ്.
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ 56 റണ്‍സെടുത്ത ബെഡിംഗാം ആത്മവിശ്വാസവും സ്ട്രോക്ക്പ്ലേയും കൊണ്ട് കാണികളുടെ മനം കവര്‍ന്നിരുന്നു. 2020 മുതല്‍ ബെഡിംഗാം ഇംഗ്ലിഷ് കൗണ്ടി ഡറമിന് കളിക്കുന്നുണ്ട്. ബെഡിംഗാമിന്റെ പൂര്‍വികര്‍ ബ്രിട്ടനില്‍ നിന്ന് വന്നവരാണ്. അതിനാല്‍ ബ്രിട്ടിഷ് പാസ്പോര്‍ടിന് അര്‍ഹതയുണ്ട്. 2022-23 ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര സീസണില്‍ ബെഡിംഗാം കളിക്കാതിരുന്നതോടെ ഇംഗ്ലണ്ടിലേക്ക് കൂടുമാറുമെന്ന് വാര്‍ത്തയും പരന്നിരുന്നു.
എന്നാല്‍ ക്രിക്കറ്റല്ല, ക്രിക്കറ്റിന് ശേഷമുള്ള ജീവിതത്തിനാണ് ബ്രിട്ടിഷ് പാസ്പോര്ടെന്ന് ബെഡിംഗാം വ്യക്തമാക്കി. ഇന്ത്യക്കെതിരായ പരമ്പരയില്‍ തെരഞ്ഞെടുക്കപ്പെട്ടത് അമ്പരപ്പിച്ചുവെന്ന് ബെഡിംഗാം വെളിപ്പെടുത്തി. 2012-13 ല്‍ ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍-19 ടീമിലെത്തിയ ബെഡിംഗാം വലിയ പ്രതീക്ഷയുണര്ത്തിയിരുന്നുവെങ്കിലും 2016 ലെ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതോടെ ദീര്‍ഘകാലം വിട്ടുനില്‍ക്കേണ്ടി വന്നു.






