സിഡ്‌നി - പാക്കിസ്ഥാനെതിരായ പരമ്പരയിലെ തന്റെ ഹോം ഗ്രൗണ്ടായ സിഡ്‌നിയില്‍ വിരമിക്കലായിരുന്നു സ്വപ്‌നമെങ്കിലും കഴിഞ്ഞ ആഷസ് പരമ്പരയിലെ ലോഡ്‌സ് ടെസ്റ്റില്‍ താന്‍ വിരമിക്കേണ്ടതായിരുന്നുവെന്ന് ഡേവിഡ് വാണര്‍. തന്റെ ഫോമിനെക്കുറിച്ച വലിയ ആശങ്ക പരക്കുന്ന സമയമായിരുന്നു അത്. ആ ചര്‍ച്ച മുളയിലേ നുള്ളേണ്ടതുണ്ടായിരുന്നു -വാണര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിലും ഇംഗ്ലണ്ടിനെതിരായ ലോഡ്‌സ് ടെസ്റ്റിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ വാണര്‍ക്ക് കഴിഞ്ഞു. പാക്കിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലും മികച്ച പ്രകടനം തുടര്‍ന്നു. അതോടെയാണ് സിഡ്‌നി ടെസ്റ്റിനുള്ള ടീമില്‍ വാണറെ ഉള്‍പെടുത്തിയത്. ബുധനാഴ്ചയാണ് പാക്കിസ്ഥാനെതിരായ ടെസ്റ്റ് ആരംഭിക്കുന്നത്. അതിന് മുന്നോടിയായി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി മുപ്പത്തേഴുകാരന്‍ പ്രഖ്യാപിച്ചു. എന്നാല്‍ 2025 ലെ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഓപണര്‍ താല്‍പര്യം പ്രകടിപ്പിച്ചു.
വാണറുടെ 112ാമത്തെ ടെസ്റ്റാണ് സിഡ്‌നിയിലേത്. 111 ടെസ്റ്റില്‍ 44.58 ശരാശരിയില്‍ 26 സെഞ്ചുറിയും 36 ഹാഫ് സെഞ്ചുറിയുമുള്‍പ്പെടെ 8695 റണ്‍സെടുത്തിട്ടുണ്ട്.
2009 ല്‍ ഏകദിനങ്ങളില്‍ അരങ്ങേറിയ വാണര്‍ 2015 ലും 2023 ലും ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. 2025 ല്‍ പാക്കിസ്ഥാനിലാണ് ചാമ്പ്യന്‍സ് ട്രോഫി. സാധാരണ ഏകദിന ടൂര്‍ണമെന്റണ് ചാമ്പ്യന്‍സ് ട്രോഫിയെങ്കിലും ഇനി അത് ട്വന്റി20 ആക്കാന്‍ ആലോചനയുണ്ട്. 161 ഏകദിനങ്ങളില്‍ 45.30 ശരാശരിയില്‍ 22 സെഞ്ചുറിയുള്‍പ്പെടെ 6932 റണ്‍സെടുത്തിട്ടുണ്ട്. റിക്കി പോണ്ടിംഗ് മാത്രമാണ് ഏകദിനങ്ങളില്‍ കൂടുതല്‍ സെഞ്ചുറിയടിച്ച ഓസ്‌ട്രേലിയക്കാരന്‍ (30). 2024 ലെ ട്വന്റി20 ലോകകപ്പ് കളിക്കാനും വാണര്‍ക്ക് മോഹമുണ്ട്.
വാണറുടെ കഴിവില്‍ ആര്‍ക്കും സംശയമില്ലെങ്കിലും 2018 ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ പന്ത് ചുരണ്ടല്‍ വിവാദം ആ കരിയറിന് കളങ്കമായി തുടരും. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ വാണറും ആ സംഭവത്തിന്റെ പേരില്‍ ഒരു വര്‍ഷത്തോളം വിലക്കനുഭവിച്ചു. ക്യാപ്റ്റന്‍ സ്ഥാനം എക്കാലത്തേക്കുമായി നിഷേധിക്കപ്പെട്ടു.






