റിയാദ് -ഫുട്‌ബോളിലെ ട്രാന്‍സ്ഫര്‍ ജാലകം തുറന്നതോടെ ആരാധകര്‍ നോക്കുന്നത് സൗദി അറേബ്യയിലേക്ക്. കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ വാര്‍ത്തകള്‍ വന്നത് സൗദിയില്‍ നിന്നാണ്. ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ പുതുവര്‍ഷാരംഭത്തില്‍ അന്നസ്‌റില്‍ ചേര്‍ന്നതോടെ പ്രമുഖ താരങ്ങളുടെ കുത്തൊഴുക്കായിരുന്നു സൗദിയിലേക്ക്. കരീം ബെന്‍സീമ, നെയ്മാര്‍, റിയാദ് മഹ്‌റേസ്, എന്‍ഗോളൊ കാണ്ടെ, ഖാലിദു കൂലിബാലി, ഫിര്‍മിനൊ, അലക്‌സാണ്ടര്‍ മിത്രോവിച് തുടങ്ങി ലോകോത്തര താരങ്ങള്‍ സൗദിയിലെത്തി.
ഈ ട്രാന്‍സ്ഫര്‍ ജാലകം അതുപോലുള്ള തിരയിളക്കം സൃഷ്ടിക്കുമോ? കീലിയന്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ ജൂലൈയില്‍ അല്‍ഹിലാല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബാലന്‍ഡോര്‍ നേടുകയെന്നത് എംബാപ്പെയുടെ സ്വപ്‌നമാണ്. സൗദി ലീഗില്‍ ഭാവിയിലും തനിക്ക് കളിക്കാമെന്ന് എംബാപ്പെക്കറിയാം. അതിനാല്‍ ഫ്രഞ്ച് താരം തല്‍ക്കാലം സൗദിയിലേക്ക് വരാന്‍ സാധ്യതയില്ല.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ സൗദി ഉടമസ്ഥതയിലുള്ളതാണ്. പരിക്ക് കാരണം അവരുടെ നിരവധി കളിക്കാര്‍ പുറത്താണ്. ലോണില്‍ സൗദിയില്‍ നിന്ന് ഏതാനും കളിക്കാരെ കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കും. റൂബന്‍ നെവെസിലാണ് പ്രധാനമായും അവരുടെ കണ്ണ്. എന്നാല്‍ താനും കുടുംബവും സൗദിയില്‍ സംതൃപ്ത ജീവിതമാണ് നയിക്കുന്നതെന്ന് ഡിസംബറില്‍ പോര്‍ചുഗീസ് താരം പ്രഖ്യാപിച്ചു. ലിവര്‍പൂള്‍ ഫോര്‍വേഡായിരുന്ന റോബര്‍ടൊ ഫിര്‍മിനൊ അല്‍അഹലിയുമായി സ്വരച്ചേര്‍ച്ചയിലല്ലെന്നാണ് റിപ്പോര്‍ട്ട്. മുപ്പത്തിരണ്ടുകാരനെ ന്യൂകാസിലിന് അത്ര വലിയ താല്‍പര്യമില്ല. മുന്‍ ലിവര്‍പൂള്‍ നായകന്‍ സ്റ്റീവന്‍ ജെറാഡ് പരിശീലിപ്പിക്കുന്ന അല്‍ഇത്തിഫാഖിലേക്ക് ഫിര്‍മിനൊ കൂടുമാറിയേക്കും. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ഷെഫീല്‍ഡിനും ഫിര്‍മിനോയില്‍ താല്‍പര്യമുണ്ട്.






