ട്രാന്‍സ്ഫര്‍ ജാലകം തുറന്നു, എംബാപ്പെ എങ്ങോട്ടേക്ക്?

പാരിസ് - ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ കോടികളുടെ മണിമുഴക്കം സൃഷ്ടിച്ചു ഫിഫ കളിക്കാരുടെ കൈറ്റത്തിനുള്ള പുതിയ ജാലകം തുറന്നു. ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുക കീലിയന്‍ എംബാപ്പെ എങ്ങോട്ടേക്കാണ് എന്നതാണ്. ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയ രണ്ട് കളിക്കാരിലൊരാളായ എംബാപ്പെയുടെ പി.എസ്.ജി കരാര്‍ അവസാനിക്കുകയാണ്. ലിവര്‍പൂളും റയല്‍ മഡ്രീഡും ഇരുപത്തഞ്ചുകാരനായി ആഞ്ഞുപിടിക്കും. 
പി.എസ്.ജിയുമായുള്ള ശീതയുദ്ധത്തോടെയാണ് എംബാപ്പെ ഈ സീസണ്‍ തുടങ്ങിയത്. 2025 വരെ കരാര്‍ നീട്ടാനുള്ള ഓപ്ഷന്‍ എംബാപ്പെ വേണ്ടെന്നു വെച്ചതോടെയാണ് ഇത്. അതായത് ജനുവരി ഒന്ന് മുതല്‍ എംബാപ്പെക്ക് മറ്റു ക്ലബ്ബുകളുമായി ചര്‍ച്ച നടത്താനും താല്‍ക്കാലിക കരാറിലെത്താനും സാധിക്കും. ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ പുതിയ ക്ലബ്ബില്‍ ചേരാം. കരാര്‍ പൂര്‍ത്തിയാക്കിയതിനാല്‍ പി.എസ്.ജിക്ക് ഒരു പൈസ പോലും ട്രാന്‍സ്ഫര്‍ വിഹിതമായി കിട്ടില്ല. 2017 ല്‍ മോണകോയില്‍ നിന്ന് 18 കോയി യൂറോക്ക് വാങ്ങിയ എംബാപ്പെയെ കഴിഞ്ഞ സീസണില്‍ കൈമാറിയിരുന്നുവെങ്കില്‍ പി.എസ്.ജിക്ക് അതിന്റെ എത്രയോ ഇരട്ടി നേടാമായിരുന്നു. എന്നാല്‍ എംബാപ്പെയെ നിലനിര്‍ത്താനാണ് പി.എസ്.ജി ശ്രമിച്ചത്. 
ചെറുപ്രായത്തില്‍ തന്നെ 233 ഗോളടിച്ച് എംബാപ്പെ പി.എസ്.ജിയുടെ എക്കാലത്തെയും ടോപ്‌സ്‌കോററായി. ഫ്രാന്‍സിനു വേണ്ടി 46 ഗോളടിച്ചു. ലോകകപ്പ് ചാമ്പ്യനായി, റണ്ണര്‍അപ്പായി. എന്നാല്‍ പി.എസ്.ജിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടുകയെന്ന സ്വപ്‌നം ഇതുവരെ സാധ്യമായിട്ടില്ല. കഴിഞ്ഞ രണ്ട് സീസണില്‍ ടീം ക്വാര്‍ട്ടറില്‍ പോലുമെത്തിയില്ല. ഇത്തവണ കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. ന്യൂകാസിലിനോടും എ.സി മിലാനോടും തോറ്റ കളിയില്‍ എംബാപ്പെക്ക് സ്‌കോര്‍ ചെയ്യാനായില്ല. 
ബാലന്‍ഡോറും ചാമ്പ്യന്‍സ് ലീഗുമാണ് തന്റെ ബാക്കിയുള്ള സ്വപ്‌നങ്ങളെന്ന് എംബാപ്പെ പറഞ്ഞിട്ടുണ്ട്. അത് പി.എസ്.ജിയില്‍ നിന്നു കൊണ്ട് സാധ്യമല്ലെങ്കില്‍ എംബാപ്പെ മറ്റു വഴികള്‍ തേടും. 2021 ല്‍ എംബാപ്പെക്കായുള്ള റയലിന്റെ ഓഫര്‍ പി.എസ്.ജി നിരസിച്ചിരുന്നു. പിന്നീട് കരീം ബെന്‍സീമ ക്ലബ്ബ് വിട്ടു, ജൂഡ് ബെലിംഗാം എത്തി. ഇരുപതുകാരന്‍ വലിയ സ്വാധീനമാണ് സൃഷ്ടിച്ചത്. 21 കളികളില്‍ 17 ഗോളടിച്ചു. ഇരുപത്തിമൂന്നുകാരന്‍ വിനിസിയൂസ് ജൂനിയറും ഇരുപത്തിരണ്ടുകാരന്‍ റോഡ്രിഗോയും റയലിന്റെ ആക്രമണം നയിക്കുന്നു. പുതിയ ബ്രസീല്‍ സെന്‍സേഷന്‍ എന്‍ഡ്രിക് പതിനെട്ടാവാന്‍ കാത്തിരിക്കുകയാണ് റയല്‍ ജഴ്‌സിയണിയാന്‍, 2024 ജൂലൈയില്‍ എന്‍ഡ്രിക്കിന് പാല്‍മീരാസ് വിടാം. റയലിന് പഴയതു പോലെ ഇപ്പോള്‍ എംബാപ്പെയെ ആവശ്യമില്ല.  
മുഹമ്മദ് സലാഹ് സൗദി ലീഗിലേക്ക് പോവുമെന്ന ഭയമാണ് എംബാപ്പെയെ തേടാന്‍ ലിവര്‍പൂളിനെ പ്രേരിപ്പിക്കുന്നത്. സലാഹിന് മുപ്പത്തൊന്നായി. എംബാപ്പെ പി.എസ്.ജിയില്‍ തുടരണമെന്നുണ്ടെങ്കില്‍ മധ്യനിരയും പ്രതിരോധവും ശക്തിപ്പെടുത്താന്‍ ക്ലബ്ബ് തയാറാവേണ്ടി വരും. 
കീലിയന്‍ വിട്ടാലും മറ്റൊരു എംബാപ്പെ പി.എസ്.ജിയിലുണ്ടാവും. പതിനേഴുകാരന്‍ അനുജന്‍ ഈതന്‍ എംബാപ്പെ ഈയിടെ ഫസ്റ്റ് ടീമില്‍ അരങ്ങേറി. 
 

Latest News