ഇനി ആ ജഴ്‌സിയില്‍ ആരും കളിക്കില്ല, മെസ്സി അവസാനം

ബ്യൂണസ്‌ഐറിസ് -ഡിയേഗൊ മറഡോണ അണിഞ്ഞ ജഴ്‌സിയാണ് അത്. ഒമര്‍ സിവോരി, യുവാന്‍ റോമന്‍ റിക്വേല്‍മെ, പാബ്‌ലൊ അയ്മാര്‍, ആരിയല്‍ ഓര്‍ടേഗ, മാഴ്‌സെലൊ ഗലാഡൊ, ആല്‍ഫ്രഡൊ ഡി സ്റ്റെഫാനൊ, മാരിയൊ കെംപസ്, കാര്‍ലോസ് ടെവെസ് എന്നിവരും ആ ജഴ്‌സി നമ്പറിനെ അനശ്വരമാക്കി. എന്നാല്‍ ലിയണല്‍ മെസ്സി വിരമിച്ചാല്‍ അര്‍ജന്റീനക്ക് പത്താം നമ്പര്‍ ജഴ്‌സിയുണ്ടാവില്ല. മെസ്സിയോടെ പത്താം നമ്പറിന് എന്നെന്നേക്കുമായി വിട നല്‍കാന്‍ ആലോചിക്കുകയാണ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍. 
മെസ്സിക്കു ശേഷം പത്താം നമ്പര്‍ ധരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നത് മെസ്സിക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യമാണെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ക്ലോഡിയൊ ടാപിയ പ്രഖ്യാപിച്ചു. 
2002 ല്‍ ഡിയേഗൊ മറഡോണക്കു വേണ്ടി പത്താം നമ്പര്‍ ഒഴിവാക്കാന്‍ അര്‍ജന്റീന ശ്രമിച്ചിരുന്നു. എന്നാല്‍ 2002 ലെ ലോകകപ്പില്‍ 23 കളിക്കാര്‍ക്ക് ഒന്ന് മുതല്‍ 23 വരെ നമ്പര്‍ നല്‍കണമെന്ന് ഫിഫ നിഷ്‌കര്‍ശിച്ചു. അതോടെ പത്താം നമ്പര്‍ ഒരു കളിക്കാരന് നല്‍കാന്‍ ഫെഡറേഷന്‍ നിര്‍ബന്ധിതമായി. അര്‍ജന്റീനക്കു വേണ്ടി 180 കളികളില്‍ 106 ഗോളടിച്ച മെസ്സി അവരെ ലോകകപ്പ്, കോപ അമേരിക്ക വിജയങ്ങളിലേക്ക് നയിച്ചു.
 

Latest News