സൗദിയില്‍ കഴിഞ്ഞ വര്‍ഷം വധശിക്ഷ ലഭിച്ചത് നാലു ഇന്ത്യക്കാര്‍ക്ക്; രണ്ടായിരത്തോളം ഇന്ത്യക്കാര്‍ ജയിലില്‍

ഇന്ത്യന്‍ കുറ്റവാളികളുടെ എണ്ണത്തില്‍ വര്‍ധന.

റിയാദ്- പോയ വര്‍ഷം സൗദി അറേബ്യയില്‍ വധശിക്ഷക്കിരയായത് നാലു ഇന്ത്യക്കാര്‍. ഒരിടവേളക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം ഇന്ത്യക്കാര്‍ വധശിക്ഷക്കിരയാകുന്നത്. വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായി രണ്ടായിരത്തോളം ഇന്ത്യക്കാര്‍ സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്നു. കൊലപാതകം, മയക്കുമരുന്ന്, മോഷണം, ബലാല്‍സംഗം അടക്കമുള്ള വിവിധ കേസുകളിലാണ് അറസ്റ്റിലായവരില്‍ ഏറെയുമെന്ന് മലയാളം ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി
ഇന്ത്യക്കാര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ നിയമവ്യവസ്ഥകള്‍ കര്‍ശനമാണെന്നറിഞ്ഞിട്ടും അത് ഗൗരവത്തിലെടുക്കാത്തതാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നത്. 2014 ശേഷം ഇതാദ്യമായാണ് ഒരു വര്‍ഷം നാലു ഇന്ത്യക്കാര്‍ക്ക് വധശിക്ഷ ലഭിച്ചതെന്നും ഇന്ത്യന്‍ പ്രവാസികള്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നു മാസം കുടുമ്പോള്‍ ഒരിന്ത്യക്കാരന്‍ എന്ന നിലയിലാണ് വധശിക്ഷ റിപ്പോര്‍ട്ട് ചെയ്തത്. ദമാം ജയിലിലാണ് മൂന്നു പേര്‍ വധശിക്ഷക്കിരയായത്. തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍ സ്വദേശികളാണ് ശിക്ഷക്കിരയായവര്‍. ബുറൈദയില്‍ ഒരു പശ്ചിമ ബംഗാള്‍ സ്വദേശിയും. തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതിനാണ് ദമാമില്‍ ഒരാളെ വധശിക്ഷക്കിരയാക്കിയത്. ബാക്കി മൂന്നും കൊലപാതകമാണ്. ബുറൈദയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയെ കൊന്ന പശ്ചിമ ബംഗാള്‍ സ്വദേശിക്കാണ് വധശിക്ഷ ലഭിച്ചത്.
മയക്കുമരുന്നു കേസിലും കൊലപാതകം, ബലാല്‍സംഗം കേസുകളിലും വധശിക്ഷയാണ് നല്‍കിവരുന്നത്. മയക്കുമരുന്നിനെതിരെ കര്‍ശന നിയമമാണ് സൗദിയിലുള്ളത്. ഇതിനായി കവലകള്‍ തോറും പരിശോധനയുണ്ട്. മയക്കുമരുന്ന് കേസില്‍  അകപ്പെട്ട് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ അല്‍ഹസ ജയിലിലാണ് കഴിയുന്നത്. ദുബൈയില്‍ നിന്ന് വരുന്ന ട്രക്ക് ഡ്രൈവര്‍മാരാണ് ഇവര്‍. ടയറുകള്‍, മരഉരുപ്പടികള്‍, പച്ചക്കറികള്‍ തുടങ്ങിവയില്‍ മയക്കുമരുന്ന് നിറച്ച് കൊണ്ടുവരുന്നതിനാണ് ഇവര്‍ പിടിക്കപ്പെടുന്നത്. ഇതിന്നായി ദുബൈ കേന്ദ്രീകരിച്ച് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഈ കേസുകള്‍ നല്‍കുന്ന സൂചന. അറിഞ്ഞോ അറിയാതെയോ ആണ് പലരും മയക്കുമരുന്ന് കടത്തുകാരായി സൗദിയില്‍ എത്തുന്നത്. അജ്ഞാതര്‍ തരുന്ന സാധനങ്ങള്‍ സ്വീകരിക്കരുതെന്ന് ആവര്‍ത്തിച്ചിട്ടും ഇപ്പോഴും അത്തരം കേസുകള്‍ നിത്യേന സംഭവിക്കുന്നു. അല്‍ഹസ ജയിലില്‍ അഞ്ചും റിയാദ് ജയിലില്‍ ഒരാളും അടക്കം ആറു ഇന്ത്യക്കാര്‍ മയക്കുമരുന്ന് കേസില്‍ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. ഇവരുടെ കാര്യത്തില്‍ അന്തിമവിധി നടപടികള്‍ പൂര്‍ത്തിയായി വരുന്നേയുള്ളൂ. അടുത്തിടെ റിയാദില്‍ കാണാതായെന്ന് പ്രചരിച്ച കണ്ണൂര്‍ ന്യൂ മാഹി സ്വദേശിയില്‍ നിന്ന് പിടിച്ചത് 43 കിലോ ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈന്‍ എന്ന ശബവ് ആണ്. ഒമാനില്‍ നിന്ന് സൗദിയിലേക്ക് കടത്തുന്നതിനിടെയാണ് ഒമാന്‍ അതിര്‍ത്തിയില്‍ ഇദ്ദേഹം പിടിയിലായത്.


റിയാദില്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന ഇന്ത്യക്കാരന്‍ ദുബൈയില്‍ പോയ സമയത്ത് പരിചയക്കാരിലൊരാള്‍ റിയാദിലെ സുഹൃത്തിന് നല്‍കാന്‍ രണ്ട് ടയര്‍ നല്‍കി. ഇതിലെ ഒരു ടയറില്‍ 23 കിലോ ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈന്‍ മയക്കുമരുന്നായിരുന്നു. ഇദ്ദേഹം എല്ലാ ജിസിസി രാജ്യങ്ങളിലും ബിസിനസ് ആവശ്യാര്‍ഥം സഞ്ചരിക്കുന്ന വ്യക്തിയാണ്. റിയാദിലേക്ക് വരുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് ടയര്‍ പിടിച്ചത്. ഇതോടെ ജയിലിലായി. മയക്കുമരുന്ന് കേസില്‍ വധശിക്ഷ വിധിക്കപ്പെട്ടാല്‍ പിന്നീട് യാതൊരുവിധ മാപ്പും ലഭിക്കാറില്ല. മാത്രമല്ല മയക്കുമരുന്നിനെതിരെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശപ്രകാരം പ്രത്യേക പരിശോധനയും നടന്നുവരികയാണ്. നിരവധി പേര്‍ ഇപ്പോള്‍ ഇങ്ങനെയും പിടിക്കപ്പെടുന്നുണ്ട്. കൂടെ വാഹനത്തില്‍ സഞ്ചരിക്കുന്നവരില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചാലും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. 
എല്ലാ തരം കുറ്റകൃത്യങ്ങളിലും സൗദി അറേബ്യ യാതൊരുവിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. ചെറുതും വലുതുമായ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെ നേരെ ജയിലിലേക്ക് കൊണ്ടുപോകും. സൈബര്‍ കുറ്റകൃത്യങ്ങള്‍, മറ്റുള്ളവരെ ഇകഴ്ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടല്‍, തെറി പറയല്‍, അടിപിടി എന്നിവക്കൊക്കെ പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ ഉറപ്പാണ്. ജയിലില്‍ വെച്ച് വീണ്ടുവിചാരമുണ്ടായാല്‍ മാപ്പ് നല്‍കാറുമുണ്ട്.
കുറഞ്ഞ സമയം കൊണ്ട് അധ്വാനിക്കാതെ പണമുണ്ടാക്കാമെന്ന പ്രലോഭനങ്ങളില്‍ പെട്ടാണ് പലരും ഇത്തരം മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിയുന്നത്. എന്നാല്‍ സൗദിയില്‍ ഇതിനെതിരെ നിരന്തര നിരീക്ഷണമുണ്ടെന്ന വിവരം ഗൗരമായെടുക്കുന്നില്ല. സാമൂഹിക സംഘടനകളും തൊഴില്‍ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ബോധവത്കരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നു. സൗദി അറേബ്യയുടെ നിയമങ്ങള്‍ കര്‍ശനമാണെന്നും ഇവിടെ ജീവിക്കുമ്പോള്‍ നിയമങ്ങള്‍ അക്ഷരംപ്രതി അനുസരിക്കണമെന്നും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഒര്‍മിപ്പിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News