Sorry, you need to enable JavaScript to visit this website.

സൗദി ടാക്‌സി നിയമാവലി ഭേദഗതികൾ 60 ദിവസത്തിനു ശേഷം പ്രാബല്യത്തിൽ വരും

ജിദ്ദ- സൗദി ടാക്‌സി, ഓൺലൈൻ ടാക്‌സി പ്രവർത്തനം ക്രമീകരിക്കുന്ന നിയമാവലിയിൽ ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രാലയം വലിയ തോതിൽ ഭേദഗതികൾ വരുത്തി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനു ശേഷം ഭേദഗതികൾ പ്രാബല്യത്തിൽ വരും. 
പൊതുഗതാഗത അതോറിറ്റിയുടെ അനുമതിയോടെ ടാക്‌സി, ഓൺലൈൻ ടാക്‌സി ലൈസൻസ് ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറ്റാൻ അനുവദിക്കുന്നു എന്നതാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പരിഷ്‌കരിച്ച ഭേദഗതികളിൽ പ്രധാനം. ടാക്‌സി ലൈസൻസ് റദ്ദാക്കിയ ശേഷം കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനിൽ നിന്ന് ടാക്‌സി മേഖലാ പ്രവർത്തനം ടാക്‌സി കമ്പനികൾ നീക്കം ചെയ്യണം. ടാക്‌സി മേഖലയിൽ പ്രവർത്തിക്കാൻ മാത്രമുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനാണെങ്കിൽ ടാക്‌സി ലൈസൻസ് റദ്ദാക്കിയാൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ തന്നെ റദ്ദാക്കണം. 


പൊതുഗതാഗത അതോറിറ്റി നിർണയിക്കുന്ന ഇലക്‌ട്രോണിക് സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് തുടരാതിരിക്കൽ, കമ്മീഷൻ നിരക്കും അത് ശേഖരിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള നയം തയാറാക്കാതിരിക്കൽ, ആവശ്യമായ വിവരങ്ങൾ അംഗീകൃത ഇലക്‌ട്രോണിക് സംവിധാനത്തിന് നൽകാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തുമെന്ന് ഭേദഗതികൾ വ്യക്തമാക്കുന്നു. 
യാത്രാ അപേക്ഷ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ മുമ്പായി യാത്ര പുറപ്പെടൽ, എത്തിച്ചേരൽ ലൊക്കേഷൻ കാണാൻ ഡ്രൈവറെ അനുവദിക്കാതിരിക്കുന്നതിന് ഓൺലൈൻ ടാക്‌സി കമ്പനികൾക്ക് 4000 റിയാൽ പിഴ ചുമത്തും. ഒരു മാസത്തിനിടെ അഞ്ചിലേറെ ട്രിപ്പുകൾ സ്വീകരിച്ച ശേഷം റദ്ദാക്കുന്ന പക്ഷം ഡ്രൈവർക്ക് 30 ദിവസത്തെ വിലക്കേർപ്പെടുത്താതിരിക്കുന്നതിന് കമ്പനിക്ക് 1000 റിയാൽ പിഴ ചുമത്തും.
സേവനം നൽകുന്നതുമായി ബന്ധപ്പെട്ട നയം തയാറാക്കാതിരിക്കുന്നതിന് കമ്പനിക്ക് 3000 റിയാൽ പിഴ ചുമത്തും. പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച, സേവനം നൽകുന്നതുമായി ബന്ധപ്പെട്ട നയം പാലിക്കാതിരിക്കുന്നതിന് 500 റിയാലും പിഴ ചുമത്തും. 


പിഴകൾ ഒടുക്കിയ ശേഷം പൊതുഗതാഗത അതോറിറ്റി അനുമതിയോടെ ടാക്‌സി ഓപ്പറേറ്റിംഗ് കാർഡ് ഇതേ മേഖലയിൽ പ്രവർത്തിക്കാൻ ലൈസൻസുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റാൻ ഭേദഗതികൾ അനുവദിക്കുന്നു. അതോറിറ്റി അനുമതി ലഭിച്ച് 90 ദിവസത്തിനകം ഓപ്പറേറ്റിംഗ് കാർഡ് മാറ്റാനുള്ള വ്യവസ്ഥകൾ പാലിച്ചിരിക്കണം. 
ടാക്‌സി ഓപ്പറേറ്റിംഗ് കാർഡ് എയർപോർട്ട് ടാക്‌സി മേഖലയിലേക്ക് മാറ്റാൻ എയർപോർട്ട് മാനേജ്‌മെന്റ് ചുമതലയുള്ള ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി ആവശ്യമാണ്. പബ്ലിക് ടാക്‌സി, ഫാമിലി ടാക്‌സി, എയർപോർട്ട് ടാക്‌സി ഓപ്പറേറ്റിംഗ് കാർഡുകൾ പ്രൈവറ്റ് ടാക്‌സിയിലേക്ക് മാറ്റാൻ  അനുവാദമില്ല. 
ബാർകോഡ് അടങ്ങിയ സേവന ദാതാവിന്റെ ആപ്പ് ലോഗോ ഡ്രൈവർക്ക് നൽകലും ഗതാഗത സേവനം നൽകുമ്പോൾ കാറിൽ എളുപ്പത്തിൽ കാണുന്ന സ്ഥലത്ത് ലോഗോ സ്ഥാപിക്കലും നിർബന്ധമാണെന്ന വ്യവസ്ഥ പുതിയ ഭേദഗതികൾ റദ്ദാക്കിയിട്ടുണ്ട്. 


നഗരങ്ങൾക്കിടയിലും സൗദി അറേബ്യക്ക് പുറത്തേക്കും ഗതാഗത സേവനം നൽകുന്ന സാഹചര്യത്തിൽ ശുമൂസ് സെക്യൂരിറ്റി സംവിധാനവുമായി ബന്ധിപ്പിക്കണമെന്ന ഭേദഗതി ഇതിനു പകരം ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർ കാർഡ് ലഭിക്കാതെ ഡ്രൈവറെ ജോലിക്കു വെക്കൽ, റദ്ദാക്കിയ ഡ്രൈവർ കാർഡ് ഉപയോഗിച്ച് ഡ്രൈവറെ ജോലിക്കു വെക്കൽ, ഓപ്പറേറ്റിംഗ് കാർഡ് ലഭിക്കാതെ ടാക്‌സി പ്രവർത്തിപ്പിക്കൽ, റദ്ദാക്കിയ ഓപ്പറേറ്റിംഗ് കാർഡ് ഉപയോഗിച്ച് ടാക്‌സി പ്രവർത്തിപ്പിക്കൽ, യാത്രക്കാരുടെ നഷ്ടപ്പെടുന്ന വസ്തുക്കൾ തിരികെ നൽകുന്നതിന് സംവിധാനം ഏർപ്പെടുത്താതിരിക്കൽ എന്നിവയെല്ലാം നിയമ ലംഘനങ്ങളായി ഭേദഗതികൾ നിർണയിക്കുന്നു. 

Tags

Latest News