ലണ്ടന്‍ - ഫുള്ഹമിനെതിരായ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ തോല്‍വിയില്‍ ആഴ്സനല്‍ ഈ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് നടത്തിയതെന്ന് വിമര്‍ശിച്ച് കോച്ച് മിഖേല്‍ ആര്‍ടേറ്റ. ഇതിനു മുമ്പും തോറ്റിട്ടുണ്ട്. അതെല്ലാം ജയിക്കേണ്ട കളികളായിരുന്നു. ഇതുപോലെയാണ് കളിക്കുന്നതെങ്കില്‍ കിരീടത്തിന് നാലയലത്തെത്തില്ല -ആര്‍ടേറ്റ തുറന്നടിച്ചു.
ലണ്ടന്‍ ക്ലബ്ബുകളുടെ പോരാടത്തില്‍ ആഴ്സനലിനെ 2-1 ന് ഫുള്ഹം അട്ടിമറിച്ചു. 1-2 ന് ആഴ്സനല്‍ തോറ്റു. അവസാനവേളയില്‍ രണ്ട് തുറന്ന അവസരങ്ങള്‍ ഫുള്ഹം പാഴാക്കിയിരുന്നില്ലെങ്കില്‍ ആഴ്സനലിന്റെ തോല്‍വി കടുതല്‍ കടുത്തതായേനേ. ആന്ദ്രെ ഹ്യൂഗൊ പെരേരയുടെ ഫ്രീകിക്ക് ആഴ്സനല്‍ ഗോളിയെ കീഴടക്കിയ ശേഷം ക്രോസ്ബാറിന് തട്ടിത്തെറിച്ചു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ആഴ്സനല്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേ്കകു പോയി. ലിവര്‍പൂളും (19 കളികളില്‍) ആസ്റ്റണ്‍വില്ലയും (20 കളികളില്‍) 42 പോയന്റുമായി ഒന്നാം സ്ഥാനം പങ്കിടുന്നു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് (19 കളികളില്‍ 40) ഗോള്‍വ്യത്യാസത്തില്‍ പിന്നിലാണ് ആഴ്സനല്‍ (20 കളികളില്‍ 40). ബോണ്‍മൗത്തിനെ 3-1 ന് തോല്പിച്ച ടോട്ടനം (20 കളികളില്‍ 39) നാലാം സ്ഥാനത്തിന് തൊട്ടുപിന്നിലുണ്ട്.
അഞ്ചാം മിനിറ്റില്‍ തന്നെ ബുകായൊ സാക്കയിലൂടെ ലീഡ് നേടിയ ശേഷമാണ് ആഴ്സനല്‍ തോറ്റത്. 29ാം മിനിറ്റില്‍ റൗള്‍ ജിമിനസ് ഗോള്‍ മടക്കി. 59ാം മിനിറ്റില്‍ ബോബി റീഡാണ് ഫുള്ഹമിന്റെ വിജയ ഗോളടിച്ചത്. കഴിഞ്ഞ സീസണിലും അവസാന ഘട്ടം വരെ മുന്നില്‍ നിന്ന ശേഷം ആഴ്സനലിനെ മാഞ്ചസ്റ്റര്‍ സിറ്റി മറികടക്കുകയായിരുന്നു.
ആഴ്സനലിന്റെ തുടര്‍ തോല്‍വികള്‍ പ്രീമിയര്‍ ലീഗിലെ കിരീടപ്പോരാട്ടം ലിവര്‍പൂളും സിറ്റിയും തമ്മിലുള്ളതാക്കി മാറ്റുകയാണ്. ജിദ്ദയില്‍ ക്ലബ്ബ് ലോകകപ്പ് നേടി വന്ന ശേഷം ഷെഫീല്‍ഡ് യുനൈറ്റഡിനെ തോല്പിച്ച് സിറ്റി കിരീടദാഹം പ്രകടിപ്പിക്കുമ്പോഴാണ് ആഴ്സനലിന് ചുവട് പിഴക്കുന്നത്. കെവിന് ഡിബ്രൂയ്നെയും എര്‍ലിംഗ് ഹാളന്റും പരിക്ക് ഭേദമായി എത്തുന്നതോടെ സിറ്റി കൂടുതല്‍ കരുത്താര്‍ജിക്കും.
മാഞ്ചസ്റ്റര്‍ യുനൈറ്റഡും തോല്‍വിയോടെ 2023 അവസാനിപ്പിച്ചു. നോട്ടിംഗ്ഹാം ഫോറസ്റ്റിനോടുള്ള 1-2 തോല്‍വി പോയ വര്‍ഷം അവരുടെ പതിനാലാമത്തേതായിരുന്നു.
ടോട്ടനത്തിനു വേണ്ടി മാസങ്ങള്‍ക്കു ശേഷം റിച്ചാര്ലിസന് ലക്ഷ്യം കണ്ടു. പാപെ മതാര്‍, ക്യാപ്റ്റന്‍ സോന്‍ ഹ്യുംഗ് മിന് എന്നിവരുടെ വകയായിരുന്നു ആദ്യ ഗോളുകള്‍.






