കേപ്ടൗണ്‍ - ഇന്ത്യന്‍ പെയ്‌സ്ബൗളിംഗ് ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിന് പരിശീലനത്തില്‍ ബാറ്റ് ചെയ്യവെ പന്ത് കൊണ്ട് പരിക്ക്. പരിക്ക് എത്ര ഗുരുതരമാണെന്ന് വ്യക്തമല്ല. സ്‌കാനിംഗ് വേണമോയെന്ന് തീരുമാനിച്ചിട്ടില്ല. പന്ത് കൊണ്ടപ്പോള്‍ ശാര്‍ദുല്‍ വേദന കൊണ്ട് പുളഞ്ഞു. പിന്നീട് നെറ്റ്‌സില്‍ ബൗള്‍ ചെയ്തുമില്ല. എന്നാല്‍ ബാറ്റിംഗ് തുടര്‍ന്നു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് ബുധനാഴ്ച കേപ്ടൗണില്‍ ആരംഭിക്കും. ആദ്യ ടെസ്റ്റ് മൂന്നു ദിവസത്തിനകം ഇന്ത്യ ഇന്നിംഗ്‌സിന് തോല്‍ക്കുകയായിരുന്നു.
ത്രോഡൗണ്‍ നെറ്റ്‌സില്‍ ആദ്യമെത്തിയ ഇന്ത്യന്‍ താരം ശാര്‍ദുലായിരുന്നു. എന്നാല്‍ കാല്‍ മണിക്കൂര്‍ പരിശീലനം നടത്തുമ്പോഴേക്കും ഇടതു ചുമലിന് പരിക്കേറ്റു. ബാറ്റിംഗ് പൂര്‍ത്തിയാക്കിയ ശേഷം ചുമലില്‍ ഫിസിയൊ ഐസ് പാക്ക് വെച്ചു.
ആദ്യ ടെസ്റ്റില്‍ ശാര്‍ദുല്‍ ബൗളിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും ആദ്യ ഇന്നിംഗ്‌സില്‍ വിലപ്പെട്ട 24 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.






