Sorry, you need to enable JavaScript to visit this website.

ആയിരം പൂർണചന്ദ്ര ദർശന സാഫല്യവുമായി കലാക്ഷേത്ര വിലാസിനി

പ്രൊഫ. കലാക്ഷേത്ര വിലാസിനി
പ്രശസ്ത ഭരതനാട്യ നർത്തകൻ ധനഞ്ജയനിൽനിന്നും അവാർഡ് സ്വീകരിക്കുന്നു.
നൂപുര അവാർഡ്  അന്നത്തെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നായർ സമ്മാനിക്കുന്നു. കവി ഒ.എൻ.വി. കുറുപ്പ് സമീപം.
പ്രൊഫ. കലാക്ഷേത്ര വിലാസിനി
പ്രൊഫ. കലാക്ഷേത്ര വിലാസിനി
വിലാസിനി കുടുംബവുമൊത്ത് 
വിലാസിനി ശാന്താ ധനഞ്ജയനുമൊത്ത്  (ഫയൽ)

ആയിരം പൂർണചന്ദ്ര ദർശന സാഫല്യവുമായി കൊച്ചി കടവന്ത്രയിലെ വീട്ടിൽ നടനകലയുമായി കഴിയുകയാണ് നൃത്തലോകത്തെ ഈ മുത്തശ്ശി. ഏഴു പതിറ്റാണ്ട് പിന്നിടുന്ന നടനസപര്യ. ചെന്നൈ കലാക്ഷേത്രയിൽനിന്നുയർന്ന ആ ചിലമ്പൊലിനാദം ഇന്നും അവസാനിച്ചിട്ടില്ല. ജീവവായുപോലെ നൃത്തത്തെ സ്‌നേഹിച്ച പ്രൊഫ. കലാക്ഷേത്ര വിലാസിനി ശതാഭിേഷകത്തിന്റെ നിറവിലാണിപ്പോൾ.

 

കടവന്ത്രക്കടുത്ത് കേന്ദ്രീയ വിദ്യാലയത്തിനടുത്തുള്ള ചിലമ്പൊലി എന്ന വീട്ടിൽനിന്നും ഇപ്പോഴും ഉയർന്നുകേൾക്കുന്നത് ചിലങ്കയുടെ നാദമാണ്. കുട്ടികളും മുതിർന്നവരുമായി നിരവധി പേരാണ് പ്രിയപ്പെട്ട ഗുരുനാഥയുടെ ശിഷ്യന്മാരായി അവിടെയുള്ളത്. നൃത്തം ചെയ്തുകൊണ്ട് ശിഷ്യഗണങ്ങളെ നടനകലയോട് ഇണക്കിച്ചേർക്കുകയാണ് ഈ ഗുരുഭൂത.
കാലത്തെ ഒരു ഏഴു പതിറ്റാണ്ട് പിറകിലേയ്ക്ക് നടത്താം. സ്ത്രീകൾ ജോലി ചെയ്യുന്നതും നൃത്തം പഠിക്കുന്നതുമെല്ലാം കേട്ടുകേൾവിപോലുമില്ലാത്ത കാലം. അക്കാലത്താണ് കോയമ്പത്തൂരിലെ ടാഗോർ അക്കാദമിയിൽ ഒൻപതു വയസ്സുകാരിയായ വിലാസിനി എന്ന പെൺകുട്ടി ആദ്യമായി ഭരതനാട്യത്തിന്റെ ചുവടുകൾ വച്ചുതുടങ്ങുന്നത്. കേരള പിറവിക്ക് നാലുവർഷം മുൻപായിരുന്നു അവളുടെ അരങ്ങേറ്റം.


1957ൽ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവൽ ആദ്യമായി അരങ്ങേറിയപ്പോൾ ഭരതനാട്യത്തിൽ വിലാസിനിക്കായിരുന്നു ഒന്നാം സ്ഥാനം. തുടർന്ന് കേരള സർക്കാരിന്റെ സ്‌കോളർഷിപ്പോടെ ചെന്നൈ കലാക്ഷേത്രയിൽ പഠനം തുടങ്ങി. 1936ൽ പ്രശസ്ത നർത്തകി രുക്മിണീദേവി അരുണ്‌ഡേൽ സ്ഥാപിച്ച ഈ കലാവിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യമലയാളി കൂടിയായിരുന്നു വിലാസിനി. കലാക്ഷേത്രയിൽനിന്നും നൃത്തപഠനം പൂർത്തിയാക്കിയ വിലാസിനി, തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ കോഴ്‌സ് മേധാവിയായി ചുമതലയേറ്റു. മുപ്പത്തേഴുവർഷത്തെ അധ്യാപനജീവിതം. പ്രശസ്തരായ ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത ഈ കലാപ്രതിഭക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അമൃത പുരസ്‌കാരത്തിനും അവർ ഈയിടെ അർഹയായി. എൺപത്തിനാലു വയസ്സിലും കാണികളുടെ കണ്ണിനെ കുളിരണിയിക്കുന്ന നൃത്തചുവടുകളുമായി നമുക്കു മുന്നിൽ നിൽക്കുകയാണ് ഈ കലാകാരി. ചിലങ്ക കെട്ടിയ ഭൂതകാലത്തേയ്ക്കുള്ള തിരിച്ചുപോക്കുകൂടിയായിരുന്നു അത്.


ബാല്യകാലം തമിഴ്‌നാട്ടിലായിരുന്നു. അന്ന് കേരളസംസ്ഥാനം പിറവികൊണ്ടിരുന്നില്ല. കോയമ്പത്തൂരിൽ കൃഷി ഓഫീസറായിരുന്നു അച്ഛൻ കൃഷ്ണപിള്ള. അമ്മ ഭവാനിപിള്ള വീട്ടമ്മയായിരുന്നു. കുട്ടിക്കാലംതൊട്ടേയുള്ള കലാതാൽപര്യം കണ്ടറിഞ്ഞ മാതാപിതാക്കൾ ഒൻപതാം വയസ്സിൽ കോയമ്പത്തൂരിൽ ടാഗോർ അക്കാദമിയിൽ നൃത്തപരിശീലനത്തിന് അയയ്ക്കുകയായിരുന്നു. പ്രൊഫസർ പഴനിസ്വാമിയുടെ പ്രിയശിഷ്യയായി പഠനം തുടർന്നു. അരങ്ങേറ്റത്തിനൊരുങ്ങുന്നതിനിടയിലായിരുന്നു അച്ഛന് മധുരയിലേയ്ക്ക് സ്ഥലം മാറ്റമായത്. അതോടെ കുടുംബസമേതം മധുരയിലേയ്ക്ക് താമസം മാറ്റി. നൃത്തപഠനവും മുടങ്ങി. എന്നാൽ ഗുരു പഴനിസ്വാമി അച്ഛന് ഒരു കത്തയച്ചു. മകൾ നൃത്തത്തിൽ മിടുക്കിയാണെന്നും മധുരയിൽ നൃത്തപഠനം തുടരണമെന്നുമായിരുന്നു കത്തിലെ സാരം. തുടർന്നായിരുന്നു മധുരയിലെ ജഗദംബാൾ എന്ന ഗുരുവിന്റെ കീഴിൽ നൃത്തപഠനം തുടർന്നത്. ഭരതം സുബ്രഹ്മണ്യ അയ്യർ, ലക്ഷ്മി എന്നിവരിൽനിന്നും രണ്ടുവർഷത്തോളം നൃത്തപഠനം തുടർന്നതിനുശേഷമായിരുന്നു അരങ്ങേറ്റം. ഊട്ടിയിലും സേലത്തും നാഗർകോവിലിലും തിരുവനന്തപുരത്തുമെല്ലാം നൃത്തപരിപാടികൾ അവതരിപ്പിച്ചു. തിരുവനന്തപുരത്തെ നൃത്തപരിപാടിക്കിടയിൽ സംഘാടകർ ഒരു നാടോടിനൃത്തം അവതരിപ്പിക്കണമെന്നു പറഞ്ഞപ്പോൾ നീലക്കുയിൽ എന്ന ചിത്രത്തിലെ എല്ലാരും ചൊല്ലണ്... എന്ന പാട്ടിന് അനുസൃതമായി നൃത്തമവതരിപ്പിച്ചതും കാണികളുടെ കൈയടി നേടിയതും ഇന്നും ഓർമ്മയിലുണ്ട്. ഇതിനിടയിൽ അച്ഛന് സേലത്തേയ്ക്കും കടല്ലൂരിലേയ്ക്കുമെല്ലാം സ്ഥലം മാറ്റം ലഭിച്ചപ്പോൾ അവിടങ്ങളിലും നൃത്തപരിപാടികൾ അവതരിപ്പിച്ചിരുന്നു.


കേരള സംസ്ഥാനം രൂപീകരിച്ചതോടെ അച്ഛന് കേരളത്തിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചു. തലശ്ശേരിയിലായിരുന്നു ആദ്യനിയമനം. അതോടെ തമിഴകം വിട്ട് കേരളത്തിലേയ്ക്ക് ചേക്കേറി. അമ്മയുടെ നാടായ തിരുവനന്തപുരത്ത് താമസമാക്കി. തിരുവനന്തപുരം വിമൻസ് കോളേജിലെ പഠനകാലത്താണ് യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടിയത്.
ഇക്കാലത്തായിരുന്നു തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ പുതുതായി ആരംഭിക്കുന്ന ഭരതനാട്യം ഡിപ്‌ളോമാ കോഴ്‌സിലേയ്ക്ക് അധ്യാപകരെ ക്ഷണിച്ചുകൊണ്ടുള്ള പത്രപരസ്യം കാണാനിടയായത്. കൂടിക്കാഴ്ചയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈ കലാക്ഷേത്രയിൽ പരിശീലനവും ആർ.എൽ.വി കോളേജിൽ അധ്യാപക നിയമനവുമായിരുന്നു അവർ വാഗ്ദാനം ചെയ്തിരുന്നത്. ഏറെ സന്തോഷത്തോടെയാണ് അപേക്ഷ അയയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. രാഷ്ട്രീയ സ്വാധീനവും ശുപാർശയുമുണ്ടെങ്കിൽ മാത്രമേ നിയമനം ലഭിക്കുകയുള്ളു എന്ന വിശ്വാസത്തിൽ അപേക്ഷ അയയ്ക്കാൻ അച്ഛൻ വിസമ്മതിച്ചു. ഒടുവിൽ മറ്റുള്ളവരുടെയെല്ലാം പ്രേരണയിലാണ് അവസാനദിവസം അപേക്ഷ ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിച്ചത്. പ്രശസ്ത ഭരതനാട്യം നർത്തകനായ എൻ.കൃഷ്ണയ്യരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇരുനൂറ്റൻപതോളം പേർ കൂടിക്കാഴ്ചക്കെത്തിയിരുന്നെങ്കിലും ഒടുവിൽ അവസാന പേരുകാരിയായ ഞാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.


ഏറെ സന്തോഷം തോന്നിയ നാളുകളായിരുന്നു അത്. എന്നാൽ കലാക്ഷേത്രയിലെ പഠനത്തിന് അച്ഛന് താല്പര്യമുണ്ടായിരുന്നില്ല. കാരണം സ്‌കോളർഷിപ്പായി സർക്കാർ അനുവദിച്ചത് അൻപതു രൂപയായിരുന്നു. ജോലിയിൽനിന്നും വിരമിച്ചതിനാൽ പഠനത്തിനായി കൂടുതൽ പണം ചെലവഴിക്കാൻ അച്ഛന്റെ കൈവശമുണ്ടായിരുന്നില്ലെന്നതായിരുന്നു കാരണം. സ്‌കോളർഷിപ്പ് തുക വർദ്ധിപ്പിക്കാതെ ചേരാനാവില്ലെന്നായി. എന്നാൽ നേരത്തെ നിശ്ചയിക്കപ്പെട്ട് ഉത്തരവിറങ്ങിയതിനാൽ സ്‌കോളർഷിപ്പ് തുക വർദ്ധപ്പിക്കാനാവില്ലായിരുന്നു. ഒടുവിൽ ആർ.എൽ.വിയിൽ അധ്യാപികയാക്കാമെന്ന് ഉത്തരവിറക്കി. അതോടെ അധ്യാപികയുടെ ശമ്പളവും സ്‌കോളർഷിപ്പും ലഭിക്കുന്ന മുറയിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയപ്പോഴാണ് അച്ഛൻ കലാക്ഷേത്രയിൽ പോകാൻ സമ്മതിച്ചത്.


1958 മുതൽ നാലുവർഷക്കാലമായിരുന്നു കലാക്ഷേത്രയിൽ പഠിച്ചത്. രുക്മിണി ദേവി, തങ്കമണി, അഡയാർ ലക്ഷ്മൺ, പുഷ്പ ശങ്കർ തുടങ്ങിയ പ്രഗത്ഭരായ ഗുരുക്കന്മാരുടെ കീഴിലായിരുന്നു പരിശീലനം. ആദ്യകാലങ്ങളിൽ കഠിനമായ പരിശീലനമായിരുന്നു. പഠനം മതിയാക്കി മടങ്ങിവരട്ടേ എന്ന് അച്ഛനോടു ചോദിച്ചു. സ്‌കോളർഷിപ്പും ശമ്പളവും മാത്രമല്ല, പിഴയും സർക്കാരിലേയ്ക്ക് തിരിച്ചടയ്‌ക്കേണ്ടിവരുമെന്നും അതിനുള്ള കഴിവില്ലെന്നും അച്ഛൻ മറുപടി അയച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ പഠനം തുടരുകയായിരുന്നു. നൃത്തത്തിനുപുറമെ കർണ്ണാടക സംഗീതവും അഭ്യസിച്ചിരുന്നു. എം.ഡി.രാമനാഥനും തുറയൂർ രാജഗോപാല ശർമ്മയുമെല്ലാമായിരുന്നു ഗുരുക്കന്മാർ. നൃത്തത്തിനൊപ്പം സംഗീതവും അഭ്യസിച്ചിരിക്കണമെന്ന് കലാക്ഷേത്രയിൽ നിർബന്ധമായിരുന്നു. പ്രശസ്ത ഭരതനാട്യം നർത്തകരായ ധനഞ്ജയനും ശാന്താ ധനഞ്ജയനും കൃഷ്ണമൂർത്തിയും സാവിത്രിയുമെല്ലാം സീനിയർ വിദ്യാർഥികളായി അവിടെയുണ്ടായിരുന്നു.


പഠനശേഷം കലാക്ഷേത്രയിൽ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആർ.എൽ.വിയിൽ നേരത്തെതന്നെ അധ്യാപികയായതിനാൽ ആ വാഗ്ദാനം നിരസിക്കേണ്ടിവന്നു. തുടർന്നായിരുന്നു ഡിപ്‌ളോമാ കോഴ്‌സിന്റെ മേധാവിയായി ആർ.എൽ.വിയിൽ ചുമതലയേറ്റത്. 1995 വരെ അവിടെ ഭരതനാട്യം അധ്യാപികയായി ജോലി നോക്കി.
ഇതിനിടയിൽ മോഹിനിയാട്ടവും പരിശീലിച്ചിരുന്നു. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയിൽനിന്നാണ് മോഹിനിയാട്ടം അഭ്യസിച്ചത്. അധ്യാപികയായിരിക്കെ കലാമണ്ഡലത്തിലും കലോത്സവങ്ങൾക്കുമെല്ലാം വിധികർത്താവായി എത്താറുണ്ടായിരുന്നു. പഠിക്കാതെ വിധി പറയുന്നത് ശരിയല്ലെന്ന ചിന്തയാണ് മോഹിനിയാട്ടവും അഭ്യസിക്കാനുള്ള പ്രേരണ. എങ്കിലും ഭരതനാട്യത്തിനായിരുന്നു എപ്പോഴും ഊന്നൽ നൽകിയിരുന്നത്.


ഭരതനാട്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചതിന് നിരവധി അംഗീകാരങ്ങളും തേടിയെത്തിയിരുന്നു. നാട്യാചാര്യ പുരസ്‌കാരം, നാട്യരത്‌നം പുരസ്‌കാരം, നാട്യകുലസ്ത്രീ പുരസ്‌കാരം, നാട്യശ്രേഷ്ഠ പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ഭാവലയ എന്ന പേരിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ഒടുവിൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അമൃത പുരസ്‌കാരത്തിനും അർഹയായി.
നൃത്തത്തെ ജീവിതോപാധിയായി സ്വീകരിച്ചപ്പോൾ നിരവധി പേരാണ് എതിർപ്പുമായെത്തിയത്. വല്യച്ഛന്മാരും അമ്മാവന്മാരും അടുത്ത ബന്ധുക്കളുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ചെന്നൈയിലെ കലാക്ഷേത്രയിൽ നൃത്തപഠനത്തിന് പ്രവേശനം ലഭിച്ചപ്പോൾ മകളെ എന്തിന് തുള്ളാൻ വിടുന്നു എന്നാണ് അമ്മാവന്മാർ ചോദിച്ചത്. എന്നാൽ അച്ഛനും അമ്മയുമെല്ലാം എന്റെ ആഗ്രഹങ്ങൾക്കൊപ്പം നിന്നു. വിവാഹസമയത്തും ജോലി അംഗീകരിക്കുന്ന ഒരാൾ മതിയെന്ന തീരുമാനമെടുത്തിരുന്നു. കാരണം സ്ത്രീകളെ ജോലിക്കു വിടുന്നത് നല്ല കുടുംബത്തിന് ചേർന്നതല്ലെന്ന ചിന്താഗതിയായിരുന്നു അക്കാലത്തുണ്ടായിരുന്നത്. ഞാനാകട്ടെ ജോലി ഉപേക്ഷിക്കാൻ ഒരിക്കലും തയ്യാറായതുമില്ല. അതുകൊണ്ടുതന്നെയാകണം ഇരുപത്തഞ്ചു വയസ്സിൽ തുടങ്ങിയ വിവാഹാലോചന പൂർണ്ണതയിലെത്തിയത് നാലു വർഷം കഴിഞ്ഞായിരുന്നു. ഭർത്താവ് മുരളീധരൻ നായർ ആഗ്രഹങ്ങൾക്കെല്ലാം എന്നോടൊപ്പമുണ്ടായിരുന്നു. മാർക്കറ്റിംഗ് ഫെഡറേഷനിൽനിന്നും ഡെപ്യൂട്ടി മാർക്കറ്റിംഗ് മാനേജരായാണ് അദ്ദേഹം സർവ്വീസിൽനിന്നും വിരമിച്ചത്.


മക്കളായ ഷൈലജ എം. നായരും സരിത എം. നായരും നൃത്തവഴിയിൽ അമ്മയോടൊപ്പമുണ്ട്. സ്‌കൂൾ, കോളേജ് കലോത്സവങ്ങളിൽ കലാതിലകപട്ടം നേടിയ ഇരുവരും നൃത്താധ്യാപികരായി ജോലി നോക്കുകയാണ്.
നൃത്ത്യശ്രീ എന്ന പേരിലുള്ള നൃത്തവിദ്യാലയത്തിന്റെ അമരക്കാരിയാണ് വിലാസിനി ടീച്ചർ. രാവിലെയും വൈകീട്ടുമായി നിരവധി വിദ്യാർഥികളാണ് നൃത്തപഠനത്തിനായി ഇവിടെയെത്തുന്നത്. വീട്ടിലെ ക്ലാസുകൾക്കുപരി ആഴ്ചയിലൊരിക്കൽ തിരുവനന്തപുരത്തും ക്ലാസുകൾ നടത്തുന്നുണ്ട്. ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യകലാകേന്ദ്രം, പൂജപ്പുരയിലെ നൂപുര ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് എന്നിവിടങ്ങളിലും ഭരതനാട്യം സീനിയർ ഇൻസ്ട്രക്ടറായിരുന്നു. മാത്രമല്ല, തന്റെ ശിഷ്യരുടെ നൃത്തവിദ്യാർഥികളുടെ അരങ്ങേറ്റത്തിനും ക്ഷണിക്കപ്പെട്ട അതിഥിയായി ടീച്ചറെത്തുന്നു.
നൃത്തത്തിനായി സമർപ്പിതജീവിതം നയിച്ച വിലാസിനി ടീച്ചർക്ക് ഒന്നേ പറയാനുള്ളു. ജീവിതം നൃത്തത്തിനായി സമർപ്പിച്ചാൽ എല്ലാ സൗഭാഗ്യങ്ങളും നൃത്തം തിരിച്ചുതരും. അതിനുള്ള ഉദാഹരണമാണ് എന്റെ ജീവിതം. കലോത്സവത്തിനായി മാത്രം നൃത്തം പഠിക്കുന്ന ഇന്നത്തെ പ്രവണത അവസാനിപ്പിച്ചേ മതിയാകൂ. നൃത്തമെന്നു പറഞ്ഞാൽ അത് ജീവിതം തന്നെയാണ്.

Latest News