Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നവോത്ഥാനത്തിന്റെ നന്മമരം: കെ. എം മൗലവി: ഓർമപ്പുസ്തകം

കെ. എം മൗലവി
തിരൂരങ്ങാടി യത്തീംഖാന

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതൽ ഏതാണ്ട് അഞ്ചര പതിറ്റാണ്ടോളം കാലം മലയാളി മുസ്ലിം സാമുദായികാന്തരീക്ഷത്തിൽ നേതൃപരമായ ദൗത്യങ്ങൾ നിർവഹിച്ച് നിറഞ്ഞുനിന്ന, അസാമാന്യമായ ആഴവും പരപ്പും ജീവിതത്തിനുണ്ടായിരുന്ന, ഒരുപക്ഷേ ആധുനിക കേരളം ദർശിച്ചതിൽവച്ച് ഏറ്റവും സമുന്നതനായ, ഇസ്ലാംമത പണ്ഡിതനാണ് കെ. എം. മൗലവി. മരണപ്പെട്ട് ആറു ദശാബ്ദത്തിനടുത്ത് കാലമായിട്ടും മൗലവി ചവിട്ടിത്തെളിച്ച പാതകൾ മായാതെ തെളിഞ്ഞുനിൽക്കുന്നു; ആ വഴിത്താരകളിലൂടെ എല്ലാവരും മുന്നേറുന്നു. പക്ഷേ, വഴിയൊരുക്കിയ കാൽപാടുകൾ കെ. എം. മൗലവിയുടേതാണെന്ന വസ്തുത, പലപ്പോഴും വിസ്മരിക്കപ്പെടുന്നുണ്ട്. കെ. എം. മൗലവിയെ മാറ്റിവെച്ചുകൊണ്ടുള്ള കേരള മുസ്ലിം ചരിത്രം എന്നല്ല, കേരള ചരിത്രം തന്നെ വികലവും അപൂർണവുമായിരിക്കും. കേരള മുസ്ലിം നവോത്ഥാനം എന്നു വ്യവഹരിക്കപ്പെടുന്ന ചരിത്രാനുഭവത്തിന്റെ രാജശിൽപികളിൽ ഒരാൾ കെ. എം. മൗലവിയാണെന്ന കാര്യം അനിഷേധ്യമാകുന്നു. മാപ്പിള മുസ്ലിങ്ങളുടെ നവോത്ഥാന മുന്നേറ്റത്തിന്റെ എല്ലാ രംഗവേദികളിലും ആ ധൈഷണിക നായകത്വം പടർന്നുനിന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ബ്രിട്ടീഷ് മലബാറിലെ ഏറനാട് താലൂക്കിലാണ് കെ. എം. മൗലവിയുടെ ജനനം. വിവിധ കാരണങ്ങൾകൊണ്ട് വിശ്വാസ വ്യതിയാനങ്ങളും സാംസ്‌കാരിക ജീർണതകളും ഭൗതിക പിന്നാക്കാവസ്ഥയും മാപ്പിളമാർക്കിടയിൽ മൂർഛിച്ചുകഴിഞ്ഞിരുന്നു; പലതരം സാമൂഹിക പരിഷ്‌കരണ, മതനവോത്ഥാന, സാമുദായിക മുന്നേറ്റ യത്‌നങ്ങൾക്കു കാലം കാത്തിരിക്കുകയായിരുന്നു. മക്ദി തങ്ങൾ മിക്കവാറും ഏകാകിയായി ആ വഴികളിൽ വേഗത്തിൽ നടന്നുകൊണ്ടിരുന്ന പതിറ്റാണ്ടുകളിലാണ് കെ. എം. മൗലവിയുടെ ബാല്യകൗമാരങ്ങൾ. തങ്ങളെയും തങ്ങളുടെ പുസ്തകങ്ങളെയും മൗലവി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ രണ്ടുപേർക്കും നേർക്കുനേർ സമ്പർക്കങ്ങൾക്കൊന്നും അവസരമുണ്ടായതായി മനസ്സിലാകുന്നില്ല. 
ആദ്യം മൗലവി ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും പിന്നീട് വക്കം അബ്ദുൽ ഖാദർ മൗലവിയുമാണ് കെ.എം. മൗലവിക്ക് മുഖാമുഖം ഗുരുസ്ഥാനീയരായിത്തീർന്നത്. നിശ്ചയമായും, ദേശീയവും അന്തർദേശീയവുമായ ചിന്താ - ആശയ സ്വാധീനങ്ങൾ അനേകമുണ്ടായിരുന്നു: ഇബ്‌നു തയ്മിയ്യയും ഇബ്‌നു അബ്ദുൽ വഹാബും മുഹമ്മദ് അശ്ശൗക്വാനിയും റശീദ് രിദായും ശകീബ് അർസലാനും അബ്ദുൽ അസീസ് രാജാവും ശൈഖ് ഇബ്‌നു ബാസും മുതൽ ശാഹ് ഇസ്മായിലും സിദ്ദീഖ് ഹസൻ ഖാനും അബുൽ കലാം ആസാദും വരെ ആ കൂട്ടത്തിലുണ്ട്. കെ. എം. മൗലവിയുടെ നേതൃത്വത്തിൽ പരിഷ്‌കരണ നവോത്ഥാന മുന്നേറ്റം ഒരു കൊടുങ്കാറ്റായി മാറി. 'കാതിബ് മുഹമ്മദ് മൗലവി' എന്ന കെ. എം. മൗലവിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും നടത്തിയ അത്യധ്വാനങ്ങൾ കേരള മുസ്ലിംകളെ പല രീതികളിൽ പുതുക്കിപ്പണിതു.
സ്വാധീനവും സംഭാവനകളും മരണത്തിനപ്പുറം ജീവിക്കുന്ന കെ.എം മൗലവി എന്ന ചരിത്രപുരുഷന്റെ ജ്ഞാനചിന്താകർമ്മ കാണ്ഡം പൊതുവായനയ്ക്കു വേണ്ടവിധത്തിൽ വിധേയമാകുന്നില്ല എന്നത് ഖേദകരമാണ്. നമ്മളെങ്ങനെ നമ്മളായെന്ന് ഓർമ്മിക്കാൻ മാത്രമല്ല, വർത്തമാനത്തിലേക്കും ഭാവിയിലേക്കും ആവശ്യമായ കുറേ വെളിച്ചങ്ങളും പ്രചോദനങ്ങളും സമാഹരിക്കാൻ കൂടി കെ.എം. മൗലവി കൂടുതലായി വായിക്കപ്പെടേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുന്ന ഒരു കാലസന്ധിയിലൂടെയത്രെ, വാസ്തവത്തിൽ കേരളമിപ്പോൾ കടന്നുപോകുന്നത്. കെ.എം. മൗലവിയുമായി സമ്പർക്കം പുലർത്താൻ അവസരമുണ്ടായവർ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പലയിടങ്ങളിലായി നടത്തിയ എഴുത്തുകൾ / സംസാരങ്ങൾ സമാഹരിച്ചുകൊണ്ട് ഒരു ഓർമ്മപ്പുസ്തകം ഇപ്പോൾ വിപണിയിൽ എത്തിയിട്ടുണ്ട്. ഏറെ സന്തോഷകരമായ ഒരു മുന്നേറ്റമാണിത്. മുസ്തഫാ തൻവീറും സദാദ് അബ്ദുസ്സമദും ചേർന്നാണ് നാനൂറോളം പുറങ്ങളുള്ള കെ. എം. മൗലവി ഓർമ്മപ്പുസ്തകത്തിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട്ടെ പ്രൊഫൗണ്ട് പ്രസ് ആണ് പ്രസാധകർ. സൗദിയിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ കോപ്പികൾ ലഭ്യമാണ്.
ഇ. മൊയ്തു മൗലവി, ഇ. കെ. മൗലവി, പി. കെ. മൂസാ മൗലവി, കുഞ്ഞോയി വൈദ്യർ, എം. കെ. ഹാജി, ടി. പി. കുട്ടിയാമ്മു, സി. എച്ച്. മുഹമ്മദ് കോയ, എൻ. വി. അബ്ദുസ്സലാം മൗലവി, കെ. എം. സീതി സാഹിബിന്റെ സഹോദരൻ കെ. എം. അലി, സീതി സാഹിബിന്റെ പ്രൈവറ്റ് സെക്രട്ടറി വലിയാട്ട് മുഹമ്മദ്, കെ. പി. മുഹമ്മദ് മൗലവി, മുഹമ്മദ് അമാനി മൗലവി, കെ. കെ. എം. ജമാലുദ്ദീൻ മൗലവി, കെ. ഉമർ മൗലവി, അബുസ്സബാഹ് മൗലവി, സി. എൻ. അഹ്മദ് മൗലവി, പി. പി. അബ്ദുൽ ഗഫൂർ മൗലവി, കരുവള്ളി മുഹമ്മദ് മൗലവി, എ.വി. അബ്ദുർറഹ്മാൻ ഹാജി, പി. മുഹമ്മദ് കുട്ടശ്ശേരി എന്നുതുടങ്ങി മൗലവിയുടെ കുടുംബാംഗങ്ങളടക്കമുള്ള, സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന, നാല്പത്തിനാലു പേരുടെ കെ.എം മൗലവി ഓർമ്മകളാണ് അടുക്കിവെച്ചിരിക്കുന്നത്. അനുസ്മരണ പ്രബന്ധങ്ങൾ കേവലമായി ക്രോഡീകരിക്കുകയല്ല ചെയ്തിരിക്കുന്നത്. അനേകം സ്ഥലങ്ങളിൽ ലേഖകരുടെ പരാമർശങ്ങൾക്ക് അടിക്കുറിപ്പുകൾ നൽകി അധിക വിവരങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഓരോ ലേഖനത്തിന്റെയും സ്രോതസ്സും ലേഖകന്റെ സംക്ഷിപ്ത വിവരങ്ങളും അതാത് ഇടങ്ങളിൽ ഉൾപെടുത്താനും ശ്രദ്ധിച്ചിട്ടുണ്ട്. മൗലവിയെക്കുറിച്ച് എഡിറ്റർമാർ എഴുതിയ വിശകലനാത്മകമായ ആമുഖ ലേഖനം പുസ്തകത്തിന്റെ മാറ്റു കൂട്ടുന്നു. ഇവയ്ക്കു പുറമെ, മൗലവിയുടെ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന അനേകം അനുബന്ധങ്ങളും പുസ്തകത്തിലുണ്ട്. മൗലവിയുടെ ജീവിതരേഖയും കുടുംബവിവരങ്ങളും കൃതികളും ചില മൂലരേഖകളും ജീവചരിത്ര പഠനങ്ങളും അനുബന്ധങ്ങളിലുണ്ട്. ഒടുവിൽ, ഏതാനും ചിത്രങ്ങളും നൽകിയിരിക്കുന്നു.
മുജാഹിദുകൾക്കും മുസ്ലിം ലീഗുകാർക്കും തിരൂരങ്ങാടി യതീം ഖാനയുടെ പ്രവർത്തകർക്കുമൊക്കെ ഈ പുസ്തകം നിശ്ചയമായും പ്രിയപ്പെട്ട ഒരു നേതൃസ്മൃതിയായിരിക്കും. എന്നാൽ അതിനപ്പുറം, ചരിത്രകൗതുകമുള്ള മുഴുവൻ മലയാളികൾക്കുമുള്ള ഉപഹാരമാണ് ഇത്. കാരണം, ഒരു വ്യക്തിയുടെ എന്നതിനോടൊപ്പം ഒരു സമുദായത്തിന്റെ, പ്രദേശത്തിന്റെ, കാലത്തിന്റെ, ആശയത്തിന്റെ ഒക്കെ രേഖീകരണമായി കെ.എം. മൗലവി ഓർമ്മപ്പുസ്തകം മാറുന്നുണ്ട്.

Latest News