അനുഭവം / ഓർമ
മാഷിന്റെ മരണം കേട്ടപ്പോൾ ആദ്യം ഓർത്തതും ഇതുതന്നെയാണ്. ഈ കഥകളെല്ലാം എത്രയോ വട്ടം ഭർത്താവിനും മക്കളോടുമെല്ലാം പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ന് വീണ്ടും അതോർത്തു. പിറകോട്ടുള്ള കാഴ്ചകളെ ആദ്യമായി മുന്നോട്ട് നടത്തിയ പ്രിയപ്പെട്ട ബാലൻമാഷിനോട് ഞാൻ ഇന്നും കടപ്പെട്ടിരിക്കുന്നു. പ്രിയപ്പെട്ട ആ സുഹൃത്തിന്റെ കടം ഇന്നും വീട്ടിയിട്ടില്ല. നമ്മൾ തമ്മിൽ ഒരു കടം ബാക്കിയിരിക്കട്ടേ എന്ന സ്‌നേഹവും കൂടിയാണ് അന്ന് പകർന്നുനൽകിയത്. പല വട്ടം പറഞ്ഞെങ്കിലും ആ രൂപ പിന്നീടൊരിക്കലും തിരിച്ചുവാങ്ങിയില്ല. അല്ലെങ്കിലും ചില കടങ്ങൾ അങ്ങനെയാണല്ലോ. സ്‌നേഹം കൊണ്ട് പോലും കൊടുത്തു വീട്ടാൻ കഴിയാത്തത്.
ചില ഓർമകൾ ഒരിക്കലും മരിക്കുന്നില്ലല്ലോ. പലപ്പോഴും പുറത്ത് വന്നു സന്തോഷിപ്പിച്ചും സങ്കടപ്പെടുത്തിയുമാണ് അവ കടന്നുപോകുന്നത്. അങ്ങനെയുള്ള എത്രമാത്രം ഓർമകളാണ് മറവിക്ക് പിടികൊടുക്കാതെ ഇടയ്ക്കിടെ മുന്നിൽ വന്നു മുട്ടിവിളിക്കാറുള്ളത്.
ഇപ്പോഴും ഏതൊരു ചെറിയ യാത്രയിലും ഞാൻ നന്ദിയോടെ ഓർക്കുന്ന രണ്ട് മനുഷ്യരുണ്ട്. അവർക്കെപ്പോഴും സ്‌നേഹത്തിന്റെ മുഖമാണ്.
ഫാറൂഖ് കോളേജിലെ ഡിഗ്രി പഠനകാലം. എന്നെ മലയാളം അധ്യാപികയായി വളർത്തുന്നതിൽ പ്രധാനപങ്ക് വഹിച്ചത് പ്രിയപ്പെട്ട ഫാറൂഖ് കോളേജ് തന്നെയാണ്. മലയാളം ഐച്ഛികവിഷയമായി തെരഞ്ഞെടുക്കാനുള്ള പ്രധാനകാരണം പ്രീഡിഗ്രി സെക്കന്റ് ലാംഗ്വേജ് ക്ലാസ്സുകളിൽനിന്ന് കിട്ടിയ സാഹിത്യത്തോടുള്ള താൽപര്യമായിരുന്നു.
ഇല്ലായ്മയുടേയും അരുതുകളുടെയും നടുവിലായിരുന്നു പഠിച്ചു വളർന്നിരുന്നത്. അതുകൊണ്ട് തന്നെ സ്‌കൂൾ കാലം മുതൽക്കേ വിനോദയാത്രകൾക്കോ മറ്റ് പരിപാടികൾക്കോ വീട്ടിൽ നിന്നും സമ്മതം കിട്ടാറുണ്ടായിരുന്നില്ല.
ദൂരേക്ക് ദൂരേക്ക് പോകുന്ന യാത്രകൾ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം മാത്രമായിരുന്നു അന്ന്. നോക്കെത്താദൂരത്തോളം കണ്ണും നട്ടിരുന്ന് പിന്നോട്ട് പായുന്ന കാഴ്ചകൾ ചെറുപ്പം മുതൽ എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. മാസത്തിൽ ഒരിക്കൽ പാലാഴിയിൽ നിന്ന് ഫാറൂഖ് കോളേജിലേക്കും തിരിച്ചുമുള്ള യാത്ര ഒഴിച്ചാൽ വേറെ കാര്യമായ യാത്രകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മാമന്റെ വീട് കോളേജിനടുത്ത് ആയിരുന്നത് കൊണ്ട് കോളേജ് പഠനകാലം അവിടെയായിരുന്നു.
ഫാറൂഖ് കോളേജ് എനിക്ക് നേരെ ശ്വാസം വിടാനുള്ള ഒരിടമായിരുന്നു. എങ്കിലും മാമന്റെ വീടിന് അടുത്തുള്ള ചിലരും ചില കുടുംബക്കാരും അവിടെ കോളേജിലെ ചില സ്റ്റാഫ് ആയി ഉള്ളതുകൊണ്ട് അകാരണമായ ഒരു പേടി എപ്പോഴും ഉള്ളിൽ കൊണ്ട് നടന്നിരുന്നു.
ഉമ്മാന്റെ കസിൻബ്രദർ ചെറിയാപ്പുക്ക (അഹമ്മദ് കെ.പി) അന്നത്തെ കോളേജ് പ്രിൻസിപ്പലിന്റെ ഡ്രൈവർ ആയിരുന്നു. അവർ ചിലപ്പോഴെല്ലാം കാർ നിർത്തിയിടുന്നത് മാമന്റെ വീട്ടുമുറ്റത്തായിരുന്നു. രാവിലെ കാർ എടുക്കുമ്പോൾ എന്നെ കൂടെക്കൂട്ടും. കോളേജിൽ വിട്ടുതരും. 'രാജാ ഗേറ്റിന് അടുത്ത് വിടേണ്ട. കോളേജിന്റെ പിന്നിലെ ചെറിയ ഗേറ്റിനടുത്ത് ഇറക്കിയാൽ മതി' എന്ന് ഞാൻ പറയും. അന്ന് എന്തുകൊണ്ടോ മടിയായിരുന്നു പ്രിൻസിപ്പലിനെ എടുക്കാനുള്ള കാറിലായിരുന്നു വന്നത് എന്ന് പോലും പറയാൻ. എങ്കിലും അഴിഞ്ഞിലത്ത് നിന്നും ഫാറൂഖ് കോളേജിലേക്കുള്ള ആ ഹ്രസ്വയാത്ര പോലും ഞാൻ അന്ന് ഒത്തിരി ആസ്വദിച്ചിരുന്നു.
ഡിഗ്രി അവസാനവർഷം. ആ വർഷത്തെ കോളേജ് ടൂർ ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലേക്കായിരുന്നു. എല്ലാവരും വലിയ ആവേശത്തിലായിരുന്നു. പ്രിയ സുഹൃത്ത് ഷമീർ ആയിരുന്നു യാത്രയുടെ എല്ലാം കാര്യങ്ങളും കോ ഓർഡിനേറ്റ് ചെയ്തിരുന്നത്. ദിവസങ്ങളെല്ലാം പെട്ടെന്ന് കടന്നുപോയി. ടൂർ പോകാനുള്ള ദിവസം അടുത്തെത്തി. ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞവരെല്ലാം അവസാനമായപ്പോൾ പോകാൻ റെഡി ആയി. എനിക്ക് അന്നും വീട്ടിൽ നിന്ന് സമ്മതം കിട്ടിയില്ല. കിട്ടില്ല എന്ന് അറിഞ്ഞത് കൊണ്ട് ഞാൻ പോകുന്നില്ല എന്ന തീരുമാനത്തെ ഉൾക്കൊണ്ടിരുന്നു.
പക്ഷേ പോകുന്നതിന് തലേ ദിവസം ആയപ്പോൾ കൂട്ടുകാരെല്ലാവരുടെയും ഉത്സാഹവും സന്തോഷവും കണ്ടപ്പോൾ എന്റെ മനസ്സ് ചഞ്ചലപ്പെട്ടു. നിരാശ കൊണ്ട് വീർപ്പുമുട്ടി. കണ്ണുകളിൽ സങ്കടം പെയ്തുനിറഞ്ഞു. കൂടെയുള്ളവർ സാന്ത്വനിപ്പിച്ചെങ്കിലും കരച്ചിൽ നിർത്താനായില്ല. ഗീതയും ബിന്ദുവും അടുത്തിരുന്നു സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
ഇനി എന്താണ് ചെയ്യേണ്ടത്. എന്റെ കരച്ചിൽ കണ്ടപ്പോൾ അവരും സങ്കടത്തിലായി.
അവസാനം എല്ലാവരും കൂടി ഒരു തീരുമാനത്തിലെത്തി. എന്റെ വീട്ടിൽ വിളിച്ചു സംസാരിക്കാം.
അങ്ങനെയാണ് സജ്‌ല സംസാരിക്കാം എന്നേറ്റത്.
'നമുക്ക് വിളിക്കാം. നീ വാ'
അവൾ അടുത്തുള്ള പോസ്റ്റ് ഓഫീസിലേക്ക് എന്നെയും കൊണ്ടുപോയി
അന്ന് അവിടെയുണ്ടായിരുന്നു കോയിൻഫോണിൽനിന്ന് ഒരു രൂപയുടെ കോയിൻ ഇട്ടാണ് ഞങ്ങൾ ആവശ്യങ്ങൾക്ക് ഫോൺ വിളിച്ചിരുന്നത്.
എന്റെ വീട്ടിലും അന്ന് ഫോണില്ല. അടുത്ത വീട്ടിലേക്ക് വിളിച്ചു. ഉമ്മാനോട് വരാൻ പറഞ്ഞു.
ഉമ്മ ഫോൺ എടുത്ത ഉടനെ സജ്‌ല പറഞ്ഞു. ''ഇത് ഫാറൂഖ് കോളേജിൽ നിന്ന് റസീനയുടെ ടീച്ചർ ആണ്. എല്ലാവരും ടൂർ പോവുന്നുണ്ട്. അവളെയും വിടണം. ഒന്നും പേടിക്കണ്ട ഞങ്ങൾ നോക്കിക്കോളാം.''
സജ്‌ലയുടെ സംഭാഷണ ചാതുരി ആണോ ടീച്ചർ ആണെന്ന് പറഞ്ഞപ്പോഴുള്ള പേടി ആണോ എന്നറിയില്ല. ഉമ്മ അർധസമ്മതം നൽകി. അത് മതിയായിരുന്നു ഞങ്ങൾക്ക്. സന്തോഷം കൊണ്ട് മതിമറക്കാൻ.
പിന്നീടാണ് പോകാനുള്ള പൈസയെ കുറിച്ച് ഓർത്തത്. മുഴുവൻ ഇല്ലെങ്കിലും കുറച്ചെങ്കിലും കൊടുക്കണ്ടേ. എങ്ങനെ ഒപ്പിക്കും. ഉപ്പ കൈമലർത്തി. 'പത്തോ അമ്പതോ തരാം അതിൽ കൂടുതൽ പറ്റില്ല' ഉപ്പാന്റെ കയ്യിലും ഉണ്ടാവില്ല. അതെനിക്കറിയാമായിരുന്നു. ആകെയുള്ള പ്രതീക്ഷ ഉമ്മാന്റെ അനിയത്തിമാർ ആയിരുന്നു. അന്നൊക്കെ പല ആവശ്യങ്ങൾക്കും എന്നെ സഹായിച്ചിരുന്നത് അവരായിരുന്നു. പക്ഷേ പെട്ടെന്ന് ആയതുകൊണ്ട് അവരുടെ കയ്യിലും ഇല്ല.
ആകെ വിഷമിച്ചു. എനിക്ക് പോകാൻ വിധിയുണ്ടാവില്ല. മനസ്സിനെ സമാധാനിപ്പിക്കാൻ നോക്കി. പെട്ടെന്നാണ് ഒരു പ്രതീക്ഷ പോലെ ബാലൻമാഷ് മുന്നിൽ വന്നുനിന്നത്.
'എന്ത് ആവശ്യങ്ങൾക്കും വിളിക്കാം, വീട്ടിൽ വരാം' എന്നൊക്കെ പറയുന്ന മാഷ്. അന്ന് മാഷിനോട് ചോദിക്കുന്നതിലെ യുക്തി ഒന്നും നോക്കിയില്ല. ആവശ്യമാണല്ലോ ഏറ്റവും വലുത്.
അവസാനം മാഷിനോട് തന്നെ ചോദിച്ചു.
''റസീനക്ക് എത്രയാ വേണ്ടത്'' മാഷ് സ്‌നേഹത്തോടെ ചോദിച്ചപ്പോൾ സന്തോഷം കൊണ്ട് കുളിരണിഞ്ഞു.
250 - ഞാൻ ഒറ്റവാക്കിൽ ഒതുക്കി.
500 എന്ന വലിയ ആവശ്യം മുന്നിൽ ഉണ്ടെങ്കിലും അത്രയേ ചോദിക്കാൻ തോന്നിയുള്ളൂ.
''നാളെ പോവാൻ റെഡി ആയി വാ. സങ്കടപ്പെടണ്ട''
മാഷിന്റെ മറുപടി വലിയ ആശ്വാസമുണ്ടാക്കി. ഒരു അധ്യാപകൻ എന്നതിനപ്പുറം ഒരു പിതാവിന്റെ സാന്ത്വനം പോലെ തോന്നി അത്. പക്ഷേ അതുകൊണ്ടും പ്രശ്‌നം തീർന്നില്ല. ബാക്കി 250 എങ്ങനെ?
അവസാനം ഒരു തീരുമാനത്തിലെത്തി.
ഷമീറിനോട് കാര്യം പറഞ്ഞു. എന്റെ ഒരു ബെസ്റ്റ് ഫ്രണ്ടിനെ നന്നായി അറിയുന്നത് അവൻ മാത്രമാണ്.
''നീ അവനോട് എനിക്ക് കുറച്ചു പൈസ വാങ്ങിച്ചു തരുമോ''
ഷമീർ അക്കാര്യം ഏറ്റു.
അന്ന് വളരെ സന്തോഷത്തോടെയാണ് വീട്ടിൽ പോയത്.
ജീവിതത്തിൽ ആദ്യമായി ടൂറിനു പോകുന്നു. ആവേശം കൊണ്ടും സന്തോഷം കൊണ്ടും അന്ന് ഉറങ്ങാതെ നേരം വെളുപ്പിച്ചു.
പിറ്റേന്ന് വൈകീട്ട് പോവാൻ തയ്യാറായി മാഷിന്റെ വീട്ടിലെത്തിയപ്പോൾ മാഷ് പൈസയുമായി കാത്തിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും പുണ്യമായ നിമിഷം ആയിരുന്നു അത്. യാത്രക്കായി എത്തിയ പലരും എന്നെക്കണ്ട് അത്ഭുതപ്പെട്ടു. ഞാൻ വരുന്നില്ല എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്.
അടുത്ത സന്തോഷവുമായി വന്നത് ഷമീർ ആയിരുന്നു. എനിക്കുള്ള ബാക്കി 250 രൂപ എന്റെ പ്രിയസുഹൃത്ത് കൊടുത്തയച്ചത് അവന്റെ കയ്യിലുണ്ടായിരുന്നു.
രണ്ടു മനുഷ്യർ സ്‌നേഹം കൊണ്ട് മനസ്സ് നിറച്ചിരിക്കുന്നു. ആ മനുഷ്യരുടെ സഹായം കൊണ്ട് അല്ലെങ്കിൽ സ്‌നേഹം കൊണ്ടാണ് ആ ആദ്യയാത്ര എനിക്ക് സാധ്യമായത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു അത്. ഫാറൂഖ് കോളേജിനും പാലാഴിക്കുമപ്പുറം ഒരു ലോകവും കണ്ടിട്ടില്ലാത്ത എനിക്ക് അതിനപ്പുറമുള്ള യാത്ര വലിയൊരു ആനന്ദമായിരുന്നു.
ആ മൂന്ന് ദിവസങ്ങൾ പ്രിയ കൂട്ടുകാരോടും അധ്യാപകരോടുമൊപ്പം ബാംഗ്ലൂരും മൈസൂരും കൺനിറയെ കണ്ടു. ആസ്വദിച്ചു.
തിരിച്ചു വന്നതിന് ശേഷം ഉപ്പയിൽ നിന്നും ഉമ്മാന്റെ അനിയത്തിമാരിൽ നിന്നും കിട്ടിയ പൈസ ഒരാഴ്ചക്കുള്ളിൽ തന്നെ മാഷിനെ ഏൽപ്പിച്ചു. ''ഇല്ലെങ്കിൽ കയ്യിൽ വെച്ചോളൂ'' എന്ന മാഷ് പറഞ്ഞെങ്കിലും 'എന്റെ കയ്യിൽ ഉണ്ട് മാഷെ'' എന്ന് മറുപടിയിൽ സ്‌നേഹവും നന്ദിയും കുറിച്ചിട്ടു.
മാഷിന്റെ മരണം കേട്ടപ്പോൾ ആദ്യം ഓർത്തതും ഇതുതന്നെയാണ്. ഈ കഥകളെല്ലാം എത്രയോ വട്ടം ഭർത്താവിനും മക്കളോടുമെല്ലാം പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ന് വീണ്ടും അതോർത്തു. പിറകോട്ടുള്ള കാഴ്ചകളെ ആദ്യമായി മുന്നോട്ട് നടത്തിയ പ്രിയപ്പെട്ട ബാലൻമാഷിനോട് ഞാൻ ഇന്നും കടപ്പെട്ടിരിക്കുന്നു.
പ്രിയപ്പെട്ട ആ സുഹൃത്തിന്റെ കടം ഇന്നും വീട്ടിയിട്ടില്ല. നമ്മൾ തമ്മിൽ ഒരു കടം ബാക്കിയിരിക്കട്ടേ എന്ന സ്‌നേഹവും കൂടിയാണ് അന്ന് പകർന്നുനൽകിയത്. പലവട്ടം പറഞ്ഞെങ്കിലും ആ രൂപ പിന്നീടൊരിക്കലും തിരിച്ചുവാങ്ങിയില്ല. അല്ലെങ്കിലും ചില കടങ്ങൾ അങ്ങനെയാണല്ലോ. സ്‌നേഹം കൊണ്ട് പോലും കൊടുത്തു വീട്ടാൻ കഴിയാത്തത്.