ഇന്ത്യ- പാക കുറ്റവാളി കൈമാറ്റ ഉടമ്പടിയില്ല; ഹാഫിസ് സയീദിനെ കൈമാറില്ല

ലഹോര്‍- മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പാകിസ്താന്റെ അംഗീകാരമില്ല. ഇന്ത്യയുടെ ആവശ്യം സ്ഥിരീകരിച്ചെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ അത്തരത്തിലൊരു കൈമാറ്റ ഉടമ്പടിയില്ലെന്ന് പാക് വിദേശകാര്യ ഓഫീസ് വക്താവ് മുംതാസ് സഹ്‌റ ബലോച് അറിയിച്ചു.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് അവശ്യപ്പെട്ടിരുന്നു. ഇതിനുള്ള അപേക്ഷ കൈമാറിയതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം പാക് അധികൃതരും സ്ഥിരീകരിച്ചത്.

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ളയാളാണ് ഹാഫിസ് സയീദ്. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളി കൈമാറ്റം സംബന്ധിച്ച ഉടമ്പടി ഇല്ലാത്തതിനാല്‍ അത്തരമൊരു കൈമാറ്റത്തിന് പാകിസ്താന്‍ തയ്യാറല്ല. 

ഭീകരനായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ഹാഫിസ് സയീദിന്റെ തലയ്ക്കു 10 ദശലക്ഷം ഡോളറാണു വിലയിട്ടിരിക്കുന്നത്. ഇയാളുടെ ആസൂത്രണത്തില്‍ കടല്‍ കടന്നെത്തിയ 10 അംഗ ഭീകരസംഘം 2008 നവംബര്‍ 26ന് മുംബൈയില്‍ താജ് ഹോട്ടല്‍ അടക്കം പലേടത്തും നടത്തിയ ഭീകരാക്രമണത്തില്‍ വിദേശ പൗരന്മാരടക്കം 166 പേരാണു കൊല്ലപ്പെട്ടത്.

യു. എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 2019 മുതല്‍ ഇയാള്‍ പാക്കിസ്ഥാനിലെ ജയിലിലാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വീട്ടുതടങ്കലില്‍ സ്വതന്ത്രനായി കഴിയുകയാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. 

പാക്കിസ്ഥാന്‍ മര്‍കസി മുസ്ലിം ലീഗ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദ് പാകിസ്താന്‍ തെരഞ്ഞെടുപ്പില്‍ മത്സരംഗത്തുണ്ട്. കഴിഞ്ഞവര്‍ഷം തല്‍ഹ സയീദിനെ യു. എ. പി. എ പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

Latest News