വിജയത്തിനരികെ പാക്കിസ്ഥാന്‍ വീണു, 18 റണ്‍സിന് അഞ്ച് വിക്കറ്റ്

മെല്‍ബണ്‍ - വിജയത്തിലേക്കുള്ള പാക്കിസ്ഥാന്റെ അപ്രതീക്ഷിത കുതിപ്പ് അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് തടഞ്ഞതോടെ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് 79 റണ്‍സിന് ഓസ്‌ട്രേലിയ ജയിച്ചു. ആദ്യ ഇന്നിംഗ്‌സിലും കമിന്‍സ് അഞ്ച് വിക്കറ്റ് നേടിയിരുന്നു.  
ജയിക്കാന്‍ അസാധ്യമെന്നു തോന്നിയ 317 വേണ്ടിയിരുന്ന പാക്കിസ്ഥാന്‍ ഉജ്വലമായി പൊരുതി. അഞ്ചിന് 219 ലെത്തിയതോടെ അവരുടെ പ്രതീക്ഷ ഉയര്‍ന്നിരുന്നു. എന്നാല്‍ ഓപണര്‍ ഇമാമുല്‍ ഹഖ് (12), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (60), മുഹമ്മദ് രിസ്‌വാന്‍ (35) എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകള്‍ കമിന്‍സ് സ്വന്തമാക്കി. അതിമനോഹരമായ പന്തിലൂടെ ബാബര്‍ അസമിനെ (41) ജോഷ് ഹെയ്‌സല്‍വുഡ് പുറത്താക്കി. അവസാന അഞ്ച് വിക്കറ്റുകള്‍ 18 റണ്‍സിനിടെ നിലംപൊത്തി. 1995 നു ശേഷം ഓസ്‌ട്രേലിയയില്‍ പാക്കിസ്ഥാന്‍ ടെസ്റ്റ് ജയിച്ചിട്ടില്ല. ആദ്യ ഇന്നിംഗ്‌സില്‍ 48 റണ്‍സ് വഴങ്ങിയും രണ്ടാം ഇന്നിംഗ്‌സില്‍ 49 റണ്‍സ് വഴങ്ങിയും കമിന്‍സ് അഞ്ച് വിക്കറ്റ് വീതം നേടി.  മിച്ചല്‍ സ്റ്റാര്‍ക്ക് നാലു വിക്കറ്റെടുത്തു. 
നേരത്തെ ആറിന് 187 ല്‍ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഓസീസ് 262 ന് ഓളൗട്ടായി. മിര്‍ ഹംസയും ശാഹീന്‍ അഫ്‌രീദിയും നാല് വിക്കറ്റ് വീതമെടുത്തു. 

Latest News